ഓശാനയും കഷ്ടാനുഭവവും: യേശു കെട്ടപ്പെട്ട കഴുതയെ മാനിയ്ക്കുന്നു

ഓശാനയും കഷ്ടാനുഭവവും: യേശു കെട്ടപ്പെട്ട കഴുതയെ മാനിയ്ക്കുന്നു

സൂസൻ പാലാത്ര

യേശുക്രിസ്തുവും ശിഷ്യന്മാരും യാത്ര ചെയ്ത്  യെരുശലേമിനടുത്ത് ഒലീവ്മലയരികെ ബത്ത്ഫാഗയിലും ബേഥാന്യയിലും എത്തിയപ്പോൾ അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ എതിരെയുള്ള ഗ്രാമത്തിലേയ്ക്കയച്ച്  ഇപ്രകാരം പറഞ്ഞു: 

"അവിടെ,  ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കാണും. അതിനെ അഴിച്ചു  കൊണ്ടു വരുവിൻ, ഇത് എന്തിനു ചെയ്യുന്നു എന്ന് ആരെങ്കിലും ചോദിച്ചാൽ കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യമുണ്ടെന്നു പറവിൻ. 

ശിഷ്യന്മാർ അപ്രകാരം കഴുതക്കുട്ടിയെ യേശുവിനു നല്കി. യേശു അതിന്മേൽ കയറിയിരുന്നു. 

എതിർ ഗ്രാമത്തിൽ കെട്ടിയിട്ട നിലയിൽ കഴുതക്കുട്ടിയെ കാണാൻ തക്കവണ്ണം ഉൾക്കണ്ണുള്ളവനാണ് യേശു. യേശു ക്രിസ്തു എല്ലാം കാണുന്നവനാണ്. കണ്ടിട്ട്  വെറുതെ മടങ്ങാറില്ല. രോഗ സൗഖ്യം വേണ്ടവർക്ക് സൗഖ്യം, അപ്പം വേണ്ടവർക്ക് അപ്പം, ഇങ്ങനെ അനാഥരെയും,   വിധവകളെയും,   മാറാരോഗികളേയും,  ഒറ്റപ്പെട്ടവരെയും,  പാരതന്ത്ര്യമനുഭവിക്കുന്നവരെയും യേശു രക്ഷിച്ചു. 

 കഴുതയ്ക്ക് ഒരു പ്രത്യേകതയുണ്ട്, തീരെ ബുദ്ധിയില്ല.  അതിനാൽത്തന്നെ ആരും  കഴുതയെ കെട്ടാറില്ല. എന്നാൽ ഈ കഴുത കെട്ടപ്പെട്ട നിലയിലാണ്. ബന്ധനത്തിൽപ്പെട്ടവരെ സ്വതന്ത്രനാക്കുന്നവനാണ്   യേശു. 

 ദൈവം എല്ലാറ്റിൻ്റെയും ആദ്യഫലത്തിൻ്റെ  കല്പന പുറപ്പെടുവിച്ചപ്പോൾ പോലും കഴുതയെ വീണ്ടെടുക്കാൻ പറഞ്ഞത് ആട്ടിൻ കുട്ടിയെക്കൊണ്ടാണ്. അത്ര കൊള്ളരുതാത്ത കഴുത. മഹനീയ സ്ഥാനമൊന്നുമില്ലാത്ത വെറും മൃഗം. 

 യേശു ആ കഴുതയുടെ കെട്ടഴിപ്പിച്ചു. ശിഷ്യന്മാർ തങ്ങളുടെ ഉത്തരീയങ്ങളെ അതിന്മേൽ വിരിച്ചു. യേശു അതിന്മേൽ കയറിയിരുന്നു. യേശു എവിടെപ്പോയാലും അവൻ്റെ ലാവണ്യവാക്കുകൾ കേൾക്കാനും സൗഖ്യം പ്രാപിക്കാനുമായി ജനസഞ്ചയം പിന്നാലെ കാണും. അനേകർ തങ്ങളുടെ വസ്ത്രങ്ങളെ വഴിയിൽ വിരിച്ചു. മറ്റു ചിലർ പറമ്പുകളിൽ നിന്നു  ചില്ലിക്കൊമ്പുകൾ വെട്ടി വഴിയിൽ വിതറി.  ഇത് ആ  കഴുതയെ മാനിച്ചിട്ടല്ല. രാജാധിരാജൻ അതിന്മേൽ ഇരുന്ന് സഞ്ചരിക്കുന്നതു കൊണ്ടു മാത്രമാണ്.

ജനം കയ്യിൽ ഈന്തപ്പനകളുടെ കുരുത്തോലകളും ഒലിവിലക്കൊമ്പുകളും പിടിച്ച് ഉച്ചത്തിൽ ഘോഷിച്ചു. "ഹോശന്നാ, കർത്താവിൻ്റെ നാമത്തിൽ വരുന്നവൻ  വാഴ്ത്തപ്പെട്ടവൻ; വരുന്നതായ രാജ്യം നമ്മുടെ പിതാവായ ദാവീദിൻ്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ. അത്യുന്നതങ്ങളിൽ ഹോശന്ന" ചുമടു ചുമക്കാനല്ലാതെ മറ്റൊന്നിനും കൊള്ളാത്ത  കഴുതയെപ്പോലും മാനിച്ചവനാണ് എൻ്റെ യേശു.

 യേശുവിൻ്റെ ദേവാലയ പ്രവേശം, നഗരപ്രവേശം, ജനങ്ങൾ നല്കിയ വരവേല്പ് ഒന്നും ഇഷ്ടപ്പെടാതിരുന്ന, യെരുശലേം ദൈവാലയത്തിലെ മഹാചാര്യന്മാരായ  അന്നാസും മരുമകൻ കയ്യാഫാവും യേശുവിനെ എങ്ങനെയെങ്കിലും പിടിക്കുവാൻ തീരുമാനിച്ചു.

ദേവാലയത്തിൽ കയറി നാണയം മാറുന്നവരുടെ പീഠങ്ങൾ മറിച്ചുകളഞ്ഞതും ,പാപബലിയ്ക്കുള്ള യാഗ വസ്തുക്കളായ പ്രാക്കളെയും ആടിനെയും  വില്ക്കുന്നവരെയെല്ലാം യേശു ചാട്ടവാർ എടുത്ത് അടിച്ചു പുറത്താക്കി 'എൻ്റെ ആലയത്തെ നിങ്ങൾ കള്ളന്മാരുടെ ഗുഹയാക്കി മാറ്റി' എന്ന് അട്ടഹസിച്ചതൊന്നും ആചാര്യന്മാർക്ക് ദഹിച്ചിട്ടില്ല. യേശുവിനെ പിടിച്ച് കൈസറിനെ ഏല്പിച്ച്, ഇവൻ തന്നത്താൻ രാജാവാകാൻ ശ്രമിച്ച് കൈസറിന് വിരോധിയായി എന്ന് രാജദ്രോഹക്കുറ്റവും,   ഇവൻ ദൈവപുത്രനെന്ന്  പറഞ്ഞ് ദൈവദൂഷണവും  പറഞ്ഞു, നമ്മുടെ ആളുകളെ അവൻ്റെ അത്ഭുത പ്രവൃത്തികൾ കൊണ്ട് മറിച്ചു കളഞ്ഞു എന്നാക്കെ ക്രൂശുമരണം വിധിക്കത്തക്കവണ്ണമുള്ള ഗൗരവതരമായ കുറ്റങ്ങൾ ചുമത്താൻ മഹാചാര്യന്മാർ ആഗ്രഹിച്ചു. അതിനായി അവർ യേശുവിൻ്റെ വിരോധികളായ  കൈസറിനും  ഹെറോദോസിനും ഒപ്പം ചേർന്നു.  നാം ഒരു കാലത്ത് ബ്രിട്ടണിൻ്റെ ഭരണത്തിൻ കീഴിലായിരുന്നതുപോലെ, സീയോൻമല തുടങ്ങിയുള്ള പ്രവിശ്യകൾ റോമാധിപത്യത്തിൻ്റെ നുകത്തിൻ കീഴിലായിരുന്നു. റോമാ ഗവ ർണറായിരുന്ന   പൊന്തിയൊസ്‌ പീലാത്തോസ് ആയിരുന്നു അക്കാലത്ത് ഭരണം നടത്തിയിരുന്നത് .