സത്യപ്രതിജ്‌ഞാ ചടങ്ങിന് വൻ ജനക്കൂട്ടം : വേദിയിൽ ഇരിപ്പിടം പോലും കിട്ടാതെ എംഎൽഎമാരും പാർട്ടി നേതാക്കളും; ഇളകിമറിഞ്ഞ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം
യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ വേദിയിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത് . നിയുക്ത എംഎൽഎമാർക്കും പ്രമുഖ പാർട്ടി നേതാക്കൾക്കും പോലും വേദിയിൽ ഇരിപ്പിടം കിട്ടാത്ത വിധം വൻ തിരക്കായിരുന്നു . വിവിഐപികൾക്കായി പ്രത്യേകം തരംതിരിച്ച മുൻനിരകളിലേക്ക് പ്രവർത്തകർ കൂട്ടത്തോടെ ഇരച്ചുകയറി ഇരിപ്പിടങ്ങൾ കൈക്കലാക്കി.
മുൻനിരയിലെ തിരക്ക് ഒഴിവാക്കാനും നേതാക്കൾക്ക് വഴിയൊരുക്കാനും പോലീസിന് കിണഞ്ഞുശ്രമിക്കേണ്ടി വന്നു . അനിയന്ത്രിതമായ ജനക്കൂട്ടത്തെ നിയന്ത്രിക്കാനും പോലീസ് പാടുപെട്ടു .
വി.ഡി. സതീശൻ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഒരു ലക്ഷത്തോളം ആളുകളാണ് സ്റ്റേഡിയത്തിലും പരിസരത്തുമായി തടിച്ചു കൂടിയത്. തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ട് പോലീസ് നടപടികൾ കർശനമാക്കി.
അതേസമയം, സത്യപ്രതിജ്ഞക്കു മുമ്പ് തന്നെ മന്ത്രിമാരും വിശിഷ്‌ട വ്യക്തികളും വേദിയില്‍ വരുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ അടക്കമുള്ളവര്‍ വേദിയിലെത്തി. വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മാത്രമേ പാടുള്ളൂവെന്നാണ് ലോക്ഭവന്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാൽ, ലോക്‌സഭ പ്രതിപക്ഷ നേതാവും ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാരുമുണ്ടെന്ന് പ്രോട്ടോകോള്‍ വിഭാഗം ഗവര്‍ണറെ അറിയിച്ചിരുന്നു. ഗവർണറുടെ ഈ നിർദേശം പാലിക്കേണ്ട എന്നായിരുന്നു തുടക്കം മുതൽ യുഡിഎഫ് തീരുമാനം. അത് അനുസരിച്ച് തന്നെയാണ് വേദിയിലെ ക്രമീകരണങ്ങൾ ഒരുക്കിയത്. നേരത്തെ വിജയ്‌യുടെ സത്യപ്രതിജ്ഞ തമിഴ്‌നാട്ടിൽ നടന്നപ്പോഴും സമാനമായി മന്ത്രിമാർക്ക് പുറമേ ഉള്ളവർക്കും വേദിയിൽ ഇരിപ്പിടം ഒരുക്കിയിരുന്നു. അവിടെയും രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ പങ്കെടുക്കുകയും ചെയ്‌തിരുന്നു.