പ്രവാസികളുടെ മക്കള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഉന്നതവിദ്യാഭ്യാസ സ്കോര്‍ഷിപ്പ്; ഡിസംബര്‍ 31 വരെ അപേക്ഷിക്കാം

പ്രവാസികളുടെ മക്കള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഉന്നതവിദ്യാഭ്യാസ സ്കോര്‍ഷിപ്പ്; ഡിസംബര്‍ 31 വരെ അപേക്ഷിക്കാം
പ്രവാസി കേരളീയരുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനായുളള സ്കോര്‍ഷിപ്പുമായി നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്‌സ്.
ഡിസംബര്‍ 31 വരെ ഈ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രവാസികളുടെയും, തിരികെയെത്തിയ പ്രവാസികളുടെയും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന പദ്ധതിയാണിത്.
 
ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കും പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകള്‍ക്കും 2023-24 അധ്യയനവര്‍ഷം ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത ഉണ്ടാവുക. കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്യ്തിട്ടുള്ള ഇസിആര്‍ കാറ്റഗറിയില്‍ ഉള്‍പ്പെട്ട പ്രവാസി കേരളീയരുടെ മക്കള്‍ക്കും, രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്‌ത് തിരികെ എത്തി കേരളത്തില്‍ താമസമാക്കിയവരുടെ (മുന്‍ പ്രവാസികളുടെ) മക്കള്‍ക്കുമാണ് പദ്ധതിപ്രകാരമുള്ള സ്‌കോളര്‍ഷിപ്പ് ലഭിക്കുക.
 
എന്നാല്‍ ഇവരുടെ വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ കൂടുതലാകാൻ പാടില്ല. കൂടാതെ പഠിക്കുന്ന കോഴ്‌സിനു വേണ്ട യോഗ്യതാ പരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് എങ്കിലും നേടിയിരിക്കണം. ഈ മാനദണ്ഡങ്ങള്‍ എല്ലാം പാലിക്കുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.scholarship.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. കൂടാതെ ഫോണിലൂടെയും ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദുരീകരിക്കാം. ഫോണ്‍: 0471-2770528 നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്ബര്‍: 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്ന് മിസ്‌ഡ്‌ കോള്‍ സര്‍വീസ്).
 
കേരളത്തിന് പുറത്ത് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും താമസിക്കുന്ന/ജോലി ചെയ്യുന്ന കേരളീയരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സംസ്ഥാന നോര്‍ക്ക വകുപ്പിന്റെ ഫീല്‍ഡ് ഏജന്‍സിയാണ് നോര്‍ക്ക റൂട്ട്സ്.
 
സ്‌കോളര്‍ഷിപ്പ്, സമാശ്വാസ പദ്ധതികള്‍, പ്രവാസി നിയമസഹായ സെല്‍, ധനസഹായ പദ്ധതികള്‍ തുടങ്ങി പ്രവാസികള്‍ക്ക് കൈത്താങ്ങാകുന്ന നിരവധി പദ്ധതികളാണ് ഏജൻസി നടപ്പാക്കുന്നത്. ഇതിന് പുറമെ വിവിധ രാജ്യങ്ങളിലേക്ക് സുരക്ഷിതമായ റിക്രൂട്ടിങ് നടത്തുന്ന ഏജൻസി കൂടിയാണിത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള അന്താരാഷ്ട്ര റിക്രൂട്ട്മെന്റ് ഏജൻസിയാണ് നോര്‍ക്ക റൂട്ട്സ്.