സലാം എയറിന്റെ മസ്കറ്റ്-കോഴിക്കോട് സര്‍വിസിന് നാളെ തുടക്കമാകും

സലാം എയറിന്റെ  മസ്കറ്റ്-കോഴിക്കോട് സര്‍വിസിന് നാളെ തുടക്കമാകും

മാന്‍റെ ബജറ്റ് എയര്‍ വിമാനം- സലാം എയറിന്‍റെ മസ്കറ്റ്-കോഴിക്കോട് സര്‍വിസിന് ശനിയാഴ്ച തുടക്കമാകും. ഒക്ടോബര്‍ ഒന്ന് മുതല്‍ സലാം എയര്‍ ഇന്ത്യൻ സെക്ടറില്‍നിന്ന് പൂര്‍ണമായും പിൻവാങ്ങിയിരുന്നു.

ഇന്ത്യയിലേക്ക് വിമാനങ്ങള്‍ അനുവദിക്കുന്നതിലുള്ള പരിമിതി മൂലമാണ് സര്‍വിസുകള്‍ നിര്‍ത്തുന്നതെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. ഇത് പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായാണ് കോഴിക്കോട്ടേക്കുള്ള സര്‍വിസിന് നാളെ തുടക്കമാകുന്നത്. തിരുവനന്തപുരം, ഹൈദരാബാദ്, ജയ്പുര്‍, ലഖ്നോ എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കും മസ്കറ്റില്‍നിന്ന് നേരിട്ട് സര്‍വിസുകള്‍ നടത്തും. മസ്കത്തില്‍നിന്ന് രാത്രി 10.30ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ച 3.20ന് കോഴിക്കോട്ടെത്തും. കോഴിക്കോടുനിന്ന് ഡിസംബര്‍ 17 മുതലാണ് മസ്കത്തിലേക്ക് സര്‍വിസ് ആരംഭിക്കുന്നത്. ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വിസ് നടത്തുന്നുണ്ട്.

മസ്കറ്റില്‍നിന്ന് കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് നിരക്ക് 65-80 റിയാലിനും ഇടക്കാണ് വെബ്സൈറ്റില്‍ കാണിക്കുന്നത്. ഈ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് 20 കിലോ ലഗേജും ഏഴ് കിലോ ഹാൻഡ് ബാഗുമാണ് കൊണ്ടു പോവാൻ കഴിയുക. എന്നാല്‍, പത്ത് റിയാല്‍ അധികം നല്‍കി ടിക്കറ്റെടുക്കുകയാണെങ്കില്‍ 30 കിലോ ലഗേജും ഏഴ് കിലോ ഹാൻഡ് ബാഗും കൊണ്ട് പോകാൻ കഴിയും. കോഴിക്കോട്ടുനിന്ന് കാലത്ത് 04.05ന് പുറപ്പെടുന്ന വിമാനം ഒമാൻ സമയം രാവിലെ ആറിന് മസ്കറ്റില്‍ എത്തും. കോഴിക്കോടു നിന്ന് മസ്കറ്റിലേക്ക് 20 കിലോ ലഗേജും ഏഴ് കിലോ ഹാൻഡ് ബാഗും കൊണ്ട് വരുന്നവരില്‍നിന്ന് 39.56റിയാലാണ് ഈടാക്കുക. ഡിസംബര്‍ അവസാനത്തോടെ 50ന് മുകളിലേക്ക് ടിക്കറ്റ് നിരക്ക് ഉയരുന്നുണ്ട്. എന്നാല്‍, ജനുവരി ഒന്ന് മുതല്‍ മസ്കത്തില്‍നിന്ന് കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് നിരക്കില്‍ കുറവുവരുന്നുണ്ട്. അതേസമയം കോഴിക്കോട്ടുനിന്നുള്ള നിരക്ക് ജനുവരിമുതല്‍ ഉയര്‍ന്നിട്ടുണ്ട്.

തിരുവനന്തപുരം സര്‍വിസ് ജനുവരി മൂന്ന് മുതല്‍ തുടങ്ങും. ആഴ്ചയില്‍ രണ്ട് വീതം സര്‍വിസുകളായിരിക്കും ഉണ്ടാവുക. ടിക്കറ്റ് ബുക്കിങ് തുടങ്ങിയിട്ടുണ്ട്. ബുധൻ, ഞായര്‍ ദിവസങ്ങളില്‍ മസ്കറ്റില്‍നിന്ന് രാത്രി 10.15ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ച 3.25ന് തിരുവനന്തപുരത്തെത്തും. 66.20 റിയാലാണ് ടിക്കറ്റ് നിരക്ക്. ഇതില്‍ ഏഴ് കിലോ ഹാൻഡ് ബാഗും 20 കിലോ ചെക്ക് ഇൻ ലഗേജും കൊണ്ടുപോകാൻ കഴിയും. ഏഴ് റിയാല്‍ അധികം നല്‍കിയാല്‍ ചെക്ക് ഇൻ ലഗേജ് 30 കിലോ ആക്കി ഉയര്‍ത്താനും സാധിക്കും. തിരുവനന്തപുരത്തുനിന്ന് മസ്കറ്റിലേക്ക് തിങ്കള്‍, വ്യാഴം ദിവസങ്ങളിലായിരിക്കും സര്‍വിസ്. പുലര്‍ച്ച 4.10ന് പുറപ്പെടുന്ന വിമാനം രാവിലെ 6.30ന് മസ്കറ്റില്‍ എത്തും. അധിക ദിവസവും 100 റിയാലിന് മുകളിലാണ് ടിക്കറ്റ് നിരക്ക്.

ജയ്പൂരിലേക്ക് ഡിസംബര്‍ 16നും ലക്ക്നൗവിലേക്ക് 17നും ഹൈദരബാദിലേക്ക് 18നുമാണ് സര്‍വിസുകള്‍ തുടങ്ങുക.