ഇരട്ട ഗര്‍ഭപാത്രം, രണ്ടിലും കുഞ്ഞുങ്ങള്‍ !

ഇരട്ട ഗര്‍ഭപാത്രം, രണ്ടിലും കുഞ്ഞുങ്ങള്‍ !
വാഷിംഗ്ടണ്‍ ഡിസി: ഇരട്ട ഗര്‍ഭപാത്രങ്ങളുള്ള വനിത ഒരു ദിവസത്തെ വ്യത്യാസത്തില്‍ ഇരട്ടകള്‍ക്കു ജന്മം നല്കി. അമേരിക്കയിലെ അലബാമയിലാണ് അത്യപൂര്‍വ പ്രസവം നടന്നത്. ഇരു ഗര്‍ഭപ്രാത്രങ്ങളിലും കുഞ്ഞുങ്ങള്‍ വളരുന്നത് അത്യപൂര്‍വ പ്രതിഭാസമാണ്.
 
കെല്‍സി ഹാച്ചര്‍ എന്ന മുപ്പത്തിരണ്ടുകാരി പതിനേഴാം വയസിലാണ് തനിക്ക് രണ്ടു ഗര്‍ഭപാത്രങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞത്. ലോകത്തെ മൊത്തം സ്ത്രീജനങ്ങളില്‍ 0.3 ശതമാനം മാത്രം നേരിടുന്ന അവസ്ഥയാണിത്.
 
ജന്മനാതന്നെ രണ്ടു ഗര്‍ഭപാത്രങ്ങളുണ്ടാകുമെങ്കിലും രണ്ടിലും കുഞ്ഞ് വളരാനുള്ള സാധ്യത പത്തുലക്ഷത്തില്‍ ഒന്നു മാത്രമാണെന്ന് കെല്‍സിയുടെ പ്രസവം നടന്ന ബിര്‍മിങ്ങാമിലെ യൂണിവേഴ്സിറ്റി ഓഫ് അലബാമ അധികൃതര്‍ വിശദീകരിച്ചു.
 
ചൊവ്വ, ബുധൻ ദിവസങ്ങളിലായിരുന്നു ഇരട്ട പെണ്‍കുഞ്ഞുങ്ങളുടെ ജനനം. രണ്ടു കുട്ടികളും ആരോഗ്യത്തോടെയിരിക്കുന്നു.
 
കെല്‍സി മുന്പ് മൂന്നു തവണ പ്രസവിച്ചിട്ടുള്ളതാണ്.