തൃശൂരിൽ നവജാത ശിശുക്കളെ കുഴിച്ചിട്ട് അസ്ഥി പെറുക്കി സൂക്ഷിച്ചു: യുവാവും യുവതിയും കസ്റ്റഡിയിൽ

തൃശൂർ: തൃശൂരിൽ നവജാത ശിശുക്കളെ കുഴിച്ചിട്ടു. സംഭവത്തിൽ തൃശൂർ പുതുക്കാട് വെള്ളിക്കുളങ്ങര സ്വദേശികളായ അവിവാഹിതരായ യുവാവും യുവതിയും പോലീസ് കസ്റ്റഡിയിൽ. കുഞ്ഞുങ്ങളുടെ മരണം കൊലപാതകമോ എന്ന് അന്വേഷിച്ചു വരികയാണ് പൊലീസ്. കർമ്മം ചെയ്യാനായി അസ്ഥികളെടുത്ത് സൂക്ഷിക്കുകയും ചെയ്തിരുന്നു. ഇരുവർക്കും രണ്ട് തവണയായി ജനിച്ച കുഞ്ഞുങ്ങളെയാണ് കുഴിച്ചിട്ടത്. 26 കാരനായ യുവാവും 21 കാരിയുമാണ് കസ്റ്റഡിയിലുള്ളത്.
കാമുകി തന്നിൽ നിന്ന് അകലുന്നു എന്ന സംശയത്തെ തുടർന്ന് കാമുകൻ അസ്ഥിയുമായി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. അവിവാഹിതരായ ഇരുവർക്കും ഒരു കുഞ്ഞ് ജനിച്ചിരുന്നു. ഈ കുഞ്ഞ് മരിച്ചതിന് ശേഷം കുഴിച്ചുമൂടുകയായിരുന്നു. അതിന് ശേഷം യുവതി വീണ്ടും കുഞ്ഞിന് ജന്മം നൽകിഎന്നും മരിച്ചുവെന്ന് യുവാവിനെ അറിയിച്ച് കുഞ്ഞിനെ കുഴിച്ചിടുകയായിരുന്നുവെന്നും പറയുന്നു . സംഭവത്തിൽ യുവാവിന് സംശയം തോന്നുകയും പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.