നവകേരള സദസ്സിന് ഇന്ന് സമാപനം

നവകേരള സദസ്സിന് ഇന്ന് സമാപനം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നവകേരള സദസ്സിന് ഇന്ന് സമാപനം. കാസര്‍ഗോഡ് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞമാസം 18 ന് ആരംഭിച്ച യാത്ര 35 ദിവസം പിന്നിട്ടാണ് ഇന്ന് സമാപിക്കുന്നത്. ഔദ്യോഗിക സമാപന ദിവസമായ ഇന്ന് 5 മണ്ഡലങ്ങളില്‍ നവ കേരള സദസ്സ് നടക്കും. കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കുക.

വട്ടിയൂര്‍ക്കാവ് പോളി ടെക്നിക്ക് ഗ്രൗണ്ടിലാണ് സമാപന സമ്മേളനം. കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ നാല് മണ്ഡലങ്ങളിലെ പര്യടനം മാറ്റിവെച്ചിരുന്നു. അടുത്ത മാസം, 1, 2 തീയതികളില്‍ ഈ പര്യടനം പൂര്‍ത്തിയാക്കും.

അതേ സമയം സമാപന ദിവസമായ ഇന്നും തലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധങ്ങള്‍ ഉണ്ടായേക്കും. യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് നഗരത്തില്‍. മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള പോലീസ് അതിക്രമത്തിനെതിരെ കോണ്‍ഗ്രസിന്റെ ഡി ജി പി ഓഫീസ് മാര്‍ച്ച്‌ ഇന്ന് നടക്കും