മനുഷ്യന് വേണ്ടത് വിവരവും വിവേകവും ; സത്യഭാമയ്‌ക്കെതിരെ രൂക്ഷ വിമർശനം, രാമകൃഷ്ണന് പിന്തുണയുമായി നിരവധി പേർ

മനുഷ്യന്  വേണ്ടത് വിവരവും വിവേകവും ;  സത്യഭാമയ്‌ക്കെതിരെ രൂക്ഷ വിമർശനം, രാമകൃഷ്ണന് പിന്തുണയുമായി നിരവധി പേർ

തിരുവനന്തപുരം: ആർഎൽബി രാമകൃഷ്ണനെതിരായ കലമണ്ഡലം സത്യഭാമയുടെ അധിക്ഷേപ പരാമർശത്തിൽ വിമർശനവുമായി നിരവിധി പേർ രംഗത്ത്. മന്ത്രി ആർ. ബിന്ദു, നടന്മാരായ ഹരീഷ് പേരടി, ജോയ് മാത്യു, നർത്തകി മേതിൽ ദേവിക എന്നിവരുൾപ്പെടെയുള്ളവർ രാമകൃഷ്ണന് പിന്തുണ അറിയിച്ച് രംഗത്തെത്തി.

ഒരു യുട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിനിടെയാണ് സത്യഭാമ വിവാദ പരാമർശം ഉയർത്തിയത്. പുരുഷമാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നുമാണ് സത്യഭാമയുടെ വാക്കുകൾ.''എന്‍റെ അഭിപ്രായത്തിൽ മോഹിനിയാട്ടമൊക്കെ ആൺപിള്ളേർ കളിക്കണമെങ്കിൽ അതുപോലെ സൗന്ദര്യമുണ്ടാകണം. ആൺപിള്ളേരിലും നല്ല സൗന്ദര്യമുള്ളവരുണ്ട്. ഇവനെ കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'',- എന്നാണ് അഭിമുഖത്തിനിടെ സത്യഭാമ പറഞ്ഞത്.

ഇതിനെതിരേ പുഴുക്കുത്ത് പിടിച്ച മനസ്സുകളുള്ളവർ എന്തും പറയട്ടെ, നിങ്ങൾ മോഹിനിയാട്ടത്തിന്‍റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാധനൻ ആയ കലാകാരനാണെന്നായിരുന്നു മന്ത്രി ആർ. ബിന്ദുവിന്‍റെ പ്രതികരണം. കറുപ്പും വെളുപ്പും കാഴ്ചയുടെ പ്രശ്നമല്ലേ സത്യഭാമേ, വിവരവും വിവേകവുമാണ് മനുഷ്യർക്ക് വേണ്ടതെന്ന് ജോയ് മാത്യുവും കറുപ്പിനൊപ്പം, രാമകൃഷ്ണനൊപ്പമെന്ന് ഹരീഷ് പേരടിയും ഫെയ്സ് ബുക്കിൽ കുറിച്ചു. നിറം, ജാതി, ശരീരം, പ്രായം എന്നിവ കണക്കിലെടുക്കാതെ എല്ലാവർക്കും കലയിൽ സംഭാവന നൽകാൻ കഴിയുന്ന അന്തരീക്ഷമാണ് വേണ്ടതെന്ന് മേതിൽ ദേവികയും പ്രതികരിച്ചു.