നന്ദിയില്ലാത്ത നക്ഷത്രലോകം: എം.തങ്കച്ചൻ ജോസഫ്

നന്ദിയില്ലാത്ത നക്ഷത്രലോകം: എം.തങ്കച്ചൻ ജോസഫ്


തന്റെ സ്വതസിദ്ധമായ അഭിനയമികവ് കൊണ്ട് മലയാളത്തെ ഏറെക്കാലം ചിരിപ്പിച്ച ശ്രീ മാമുക്കോയ എന്ന നടൻ അന്തരിച്ചപ്പോൾ നമ്മുടെ സിനിമാ ലോകം അദ്ദേഹത്തിന് ആർഹിച്ച ആദരവ് കൊടുത്തില്ല എന്നു തന്നെ പറയാം. കാരണം അദ്ദേഹം മരിച്ചദിവസം ചലച്ചിത്രലോകത്തെയും സാംസ്കാരികലോകത്തെയും പ്രമുഖരുടെയും സാന്നിദ്ധ്യം ഉണ്ടാകാതിരുന്നത് മലയാള സമൂഹത്തിന്റെ ഒരു വേദനയായി ഇന്ന് പടരുന്നു.
അങ്ങിനെ സംഭവിക്കുന്നുവെങ്കിൽ അതിന്റെ അർത്ഥം ശ്രീ മാമുക്കോയ എന്ന വലിയ നടനെ എത്രമാത്രം കൈരളിസമൂഹം അംഗീകരിച്ച് സ്നേഹിച്ചിരുന്നു എന്നാണ് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്.

മിന്നിത്തിളങ്ങുന്ന നക്ഷത്രലോകം എന്നും കണ്ണുനീരിന്റെയും, ചതികളുടെയും, നന്ദികേടുകളുടെയും കദനകഥകളുടെവിളനിലം തന്നെയാണ്.
അതിൽ നിന്നും നമ്മുടെ മലയാള സിനിമയ്ക്കും മോചനമില്ല എന്നു തന്നെയാണ് ശ്രീ മാമുക്കോയയുടെ മരണാനന്തര ചടങ്ങുകളിൽ നിന്നും പ്രമുഖ സിനിമാ താരങ്ങൾ വിട്ടു നിന്നതിലൂടെ വീണ്ടും തെളിയിക്കുന്നത്.

അദ്ദേഹത്തിന്റ്‌ അഭിനയത്തെളിമകൾ ഓരോ സിനിമകളിലും കാഴ്ച്ചവെച്ചപ്പോൾ അത് മാമുക്കോയ എന്ന നടന്റെ മാത്രം വിജയമായിരുന്നില്ല.
ഒപ്പം ഇന്ന് നമ്മൾ വിളിക്കുന്ന മലയാളത്തിന്റെ മഹാ നടന്മാരുടെയും, അവരുടെ സിനിമകളുടെയും അതിന്റെ പിന്നണിപ്രവർത്തകരുടെയും കൂടി വിജങ്ങളായിരുന്നു. നാടോടിക്കാറ്റിലെ മാമുക്കോയയുടെ ഗഫൂർക്കാദോസ്ത് മലയാളം ഏറ്റെടുത്തത് അതിന്റെ തെളിവ് തന്നെയാണ്. ശ്രീ സത്യൻ അന്തിക്കാടിനെപ്പോലുള്ളവരുടെ സാന്നിദ്ധ്യം ഈ നന്ദിയുടെ സ്മരണയായി മാറി.
എന്നാൽ നമ്മുടെ കലാസാംസ്കാരിക രംഗത്തെ ഉന്നതന്മാരുടെ അസാന്നിദ്ധ്യം
ശ്രീ മാമുക്കോയക്ക് ലഭിക്കാതെ പോയത്
അവഗണനയെന്ന് പറയാതെ വയ്യ.

സിനിമാ ലോകത്തിന്റെ വലിയൊരു ഭാഗമായിത്തന്നെ നിൽക്കുമ്പോഴും അതിന്റെ വർണ്ണപ്പകിട്ടുകളിൽ നിന്നും മാറി ഒരു സാധാരണ പച്ചമനുഷ്യനായി നടക്കുന്നതിനാണ് മാമുക്കോയ എന്ന നടൻ എന്നും ഇഷ്ടപ്പെട്ടിരുന്നത്. കാരണം അദ്ദേഹത്തിന് ജീവിതത്തിൽ അഭിനയിക്കുവാൻ അറിയില്ലായിരുന്നു.
എന്നാൽ സിനിമയിലും ജീവിതത്തിലും തങ്ങൾക്ക് അഭിനയം അറിയാം എന്നു കാണിച്ചു തരുന്നു നക്ഷത്രലോകത്തെ വലിയ താരങ്ങൾ.
ഏത് പ്രസ്ഥാനമായാലും സംഘനകൾ ആയാലും ഓരോ അംഗങ്ങളും അതിന്റെ ഭാഗവാക്കാണ്.
അവരിൽ തരം തിരിവില്ലാതെ കാണുവാൻ താരലോകത്തിന് ഇനിയും എന്നാണ് കഴിയുക.

എന്നിരുന്നാലും, ചെറുതെന്നോ,വലുതെന്നോ നോക്കാതെ പല സാംസ്കാരിക പരിപാടികളിലും പങ്കെടുത്ത് സാധാരണകാരിൽ ഒരാളായി നടന്ന അദ്ദേഹത്തിന്റ മരണാനന്തര ചടങ്ങുകളിൽ വൻ സാന്നിദ്ധ്യം അറിയിച്ച കോഴിക്കോട്ടെ ജനസമൂഹം നൽകിയത് വലിയ ആദരാഞ്ജലികളായി മാറികഴിഞ്ഞു.ഒപ്പം കൈരളിയുടെയും.