നമുക്കു നാമേ പണിവതു നാകം: സൂസൻ പാലാത്ര

നമുക്കു നാമേ പണിവതു നാകം: സൂസൻ പാലാത്ര


ഞാൻ ഇന്നൊരു യൂട്യൂബ് വീഡിയോ കണ്ടു. അതെക്കുറിച്ച് രണ്ടക്ഷരം എഴുതിയില്ലെങ്കിൽ പിന്നെ ഞാൻ എങ്ങനെ ഒരു മനുഷ്യസ്ത്രീയാകും ? അത്രമാത്രം അതെന്നെ ഇരുത്തിച്ചിന്തിപ്പിച്ചു.
ഒരു ശിശു, അവന്റെ കയ്യിൽ ഒരു സ്പൂണും പ്ലേറ്റുമുണ്ട്. പ്ലേറ്റ് നേരെ പിടിയ്ക്കാനുള്ള പ്രായമോ ആരോഗ്യമോ ആ കുഞ്ഞു ശരീരത്തിനില്ല. അവൻ ക്യൂവിലാണ്. പാത്രം വച്ചു നീട്ടുന്നു. ചോറു വിളമ്പുന്ന സ്ത്രീ ഒരു തവി ചോറിട്ടുകൊടുത്തു. പിമ്പേ വരുന്നവർക്കാകും അടുത്ത തവി ചോറ് അവർ വിളമ്പിയെടുത്തത്. അവൻ ആ വിളമ്പുകാരിയുടെ മുമ്പിൽ പാത്രം ഒന്നു കൂടി നീട്ടിയിട്ട് വീണ്ടും കിട്ടിയില്ലെങ്കിലും മുന്നോട്ടു വന്ന് പരിപ്പുകറി വാങ്ങി. അവർ ഒന്നരത്തവി പരിപ്പുകറി ഒഴിച്ചു കൊടുത്തു. വീണ്ടും ഒന്നുകൂടി പാത്രം നീട്ടിയിട്ട് കണ്ണുകളിൽ ഭയവുമായി അവൻ വന്നിരുന്ന് പ്ലേറ്റും സ്പൂണും ഭദ്രമായി വച്ചിട്ട് ആ കുഞ്ഞിക്കൈകൾ കൊട്ടി നന്ദി പാടിയിട്ട്, (ദൈവത്തെയാണ്)അവൻ സ്പൂണിൽ ചോറും കറിയും കോരിക്കഴിയ്ക്കുന്നു. എരിവോ രുചിക്കുറവോ ഒന്നും ആ കുഞ്ഞുമുഖത്ത് പ്രകടമല്ല, കഴിയ്ക്കാൻ ഭക്ഷണം കിട്ടിയതിന്റെ സന്തോഷം അവനിൽ പ്രകടമാണുതാനും. ഞാൻ ആ വിഡിയോ ഫെയ്സ്ബുക്കിലേയ്ക്ക് ഷെയർ ചെയ്തു. ആരും ഗൗനിയ്ക്കുന്നേയില്ല.


തിരക്കുള്ള ജീവിതത്തിൽ മനുഷ്യൻ ഓടി നടന്ന് വെട്ടിപ്പിടിയ്ക്കുകയാണ്, പണം കൂട്ടി വയ്ക്കാനും പിന്നെ പ്രശസ്തരാവാനും. പലരും മാനുഷികമൂല്യങ്ങൾ മറന്നു പോവുന്നു. എവിടെയും മൂല്യച്യുതി മാത്രം തലയുയർത്തി നില്ക്കുന്നു. അതാണ് ഇന്നത്തെ ഫാഷൻ തരംഗം. തലമുറകൾക്കു നല്ലതു പറഞ്ഞും കാണിച്ചും കൊടുക്കാൻ ആർക്കും ഒട്ടും നേരമില്ല, ഉള്ള നേരത്തിന് അവർ പത്തു രൂപ ഓടിനടന്ന് സമ്പാദിയ്ക്കുകയാണ്, തലമുറകൾ മേലനങ്ങാതെ ഭക്ഷിയ്ക്കാൻ. "നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ " മഹാകവി ഉള്ളൂരിന്റെ വരികൾ ഇവിടെ സ്മർത്തവ്യമാണ്.
ഓടുന്ന വാഹനത്തിന്റെ പുറകെ ഒരു പൊതി ചോറിനു വേണ്ടി ഓടി അടിപിടി കൂട്ടുന്ന പിഞ്ചു ബാലന്മാരുടെ വിയർത്തൊലിയ്ക്കുന്ന ചിത്രവും എന്നെ വേദനിപ്പിച്ചു.


ഒരു നേരത്തെ ആഹാരത്തിനുവേണ്ടി അരി മോഷ്ടിച്ച് സദാചാര പോലീസിന്റെ മർദ്ദനമേറ്റു വാങ്ങി മരിച്ച മധുവിനെ നാം മറന്നോ ?
ഒരു സിനിമാതാരം അറുപത് ലക്ഷത്തിന്റെ വാച്ച് കയ്യിൽ കെട്ടി ജാഡ കാണിച്ചെങ്കിൽ എന്തുകൊണ്ട് തനിയ്ക്കും ആയിക്കൂടാ, എന്ന മൂഢസ്വർഗ്ഗ ചിന്തയാൽ തനിയ്ക്കുള്ളതൊക്കെയും വിറ്റും കടംപെരുപ്പിച്ചും വാച്ചു വാങ്ങി ' പോട്ടം' പിടിച്ച് പൊങ്ങച്ചം പ്രദർശിപ്പിയ്ക്കുന്നവരെയും കണ്ടിട്ടുണ്ട്. വാച്ചിനു വേണ്ടി അറുപതു ലക്ഷമെങ്കിൽ കാറുകൾക്കുവേണ്ടി കോടികൾ പുല്ലുപോലെ വലിച്ചെറിയുന്നവരും ഈ ദരിദ്രമഹാരാജ്യത്തുണ്ട് എന്ന വസ്തുത നാം വിസ്മരിച്ചുകൂടാ.
പ്രിയരെ, നമ്മുടെ പൊങ്ങച്ചം നമുക്ക് അവസാനിപ്പിയ്ക്കാം. ആരെ കാണിയ്ക്കാനാണ്? ആർക്കു കാണാനാണ്? എന്തിനീ ജാഡകൾ ? വിശന്നെരിയുന്ന വയറുകളെക്കുറിച്ച് ഒരു നിമിഷം നമുക്ക് ചിന്തിയ്ക്കാം.

നമ്മുടെ മന്ത്രി വാസവൻ സാറിന്റെ മേൽനോട്ടത്തിൽ ഡി.വൈ. എഫ്. ഐ. പ്രവർത്തകർ മെഡിക്കൽ കോളജിൽ നല്കുന്ന ചോറുപൊതികൾ, അതുപോലെ കോട്ടയത്തിന്റെ ഓമനപ്പുത്രൻ നവജീവൻ തോമസുചേട്ടൻ കോട്ടയം മെഡിക്കൽ കോളജിലും കോട്ടയം ജില്ലാ ആശുപത്രികളിലും മറ്റും നല്കിവരുന്ന ഉച്ച ഭക്ഷണവും രാത്രിഭക്ഷണവും അതോടൊപ്പം പുതുപ്പള്ളി & പയ്യപ്പാടി കേന്ദ്രമാക്കി കോൺഗ്രസ്സ് പ്രവർത്തകർ എല്ലാ ദിവസവും കോട്ടയം ജില്ലാ ആശുപത്രിയിൽ നല്കിയിരുന്ന ഉച്ച ഭക്ഷണം ഒക്കെ എത്രയധികം രോഗികളുടെയും കൂട്ടിരുപ്പുകാരുടെയും വയറെരിച്ചിൽ അടക്കുന്നുണ്ട്. (ഈ അന്നദാനം ഒക്കെ ഇപ്പോൾ തടസ്സമില്ലാതെ നടക്കുന്നുണ്ടോ എന്നൊന്നും ഇപ്പോഴറിയില്ല)

വാൽക്കഷണം:

നമുക്ക് ചെറിയ കാര്യങ്ങളിൽനിന്ന് നന്മയുടെ ബാലപാഠങ്ങൾ ഉരുവിട്ടു പഠിയ്ക്കാം. വിശക്കുന്നവന് ഭക്ഷണം നല്കാം.
തന്റെ പ്രഭാഷണം കേൾക്കാൻ വന്ന ജനത്തിന് വിശന്നപ്പോൾ അവരോട് മനസ്സലിഞ്ഞ് യേശുക്രിസ്തു ചെയ്തതെന്താണ് ? അവർക്ക് സമൃദ്ധിയായി ഭക്ഷണം നല്കി. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ തൃപ്തിപ്പെടുത്തി. നമുക്കും അഞ്ചപ്പം കൊണ്ട് അയ്യായിരം പേർക്ക് കൊടുക്കാനാവും. കോട്ടയം മെഡിക്കൽ കോളജിൽ നാം നല്കുന്ന പൊതിച്ചോറു പോലെ പല വീടുകളിൽ നിന്ന് കളക്ടുചെയ്തും ഈ നന്മ സാധ്യമാക്കാം. ആർഭാടം ഒഴിവാക്കാം. വിശന്നെരിയുന്ന വയറുകളെ ഒരു മാത്ര ഓർക്കാം.
അച്‌ഛനും അമ്മയും നാട്ടിലും വിദേശത്തുമൊക്കെയായി ജോലിത്തിരക്കിൽപ്പെട്ട്, സ്വന്തം മക്കളോട് സംവദിയ്ക്കാനാവാതെ, ഏറെ നേരം മക്കൾക്കുവേണ്ടി ചിലവിടാനില്ലാതെ ... ആ മക്കളിൽ നിന്ന് ദുരന്തം പേറുന്ന മാതാപിതാക്കളും നമുക്കു ചുറ്റുമുണ്ടെന്നോർക്കണം. അത്തരം ഹതഭാഗ്യരായ ചില മാതാപിതാക്കളുടെ ചില മക്കൾ സംസാരശേഷിപോലുമില്ലാത്ത അവസ്ഥയിലാണെന്നും അറിയുന്നു. ഉണ്ണാനും ഉടുക്കാനും ഉണ്ടെങ്കിൽ അതു തന്നെ ധാരാളമെന്ന് കരുതി നമ്മുടെ കുഞ്ഞുങ്ങളെ നന്മയുടെയും സത്യത്തിന്റെയും പാതയിലേയ്ക്ക് നമുക്ക് നയിയ്ക്കാം. അങ്ങനെ നമുക്ക് ഒരു നല്ല നവകേരളം
പണിയാം.