കോഴിക്കോട് എൻഐടിയില്‍ അധ്യാപകന് കുത്തേറ്റു; അക്രമി പിടിയില്‍

കോഴിക്കോട് എൻഐടിയില്‍ അധ്യാപകന് കുത്തേറ്റു; അക്രമി പിടിയില്‍
കോഴിക്കോട് മുക്കം എന്‍ ഐ ടിയില്‍ അധ്യാപകന് കുത്തേറ്റു. സിവില്‍ എന്‍ജിനിയറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ജയചന്ദ്രനാണ് കുത്തേറ്റത്. സഹപാഠിയായിരുന്ന ആളാണ് കുത്തിയതെന്നാണ് വിവരം. തമിഴ്‌നാട് ഈറോഡ് സ്വദേശി വിനോദ് കുമാറാണ് കുത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയാണ് സംഭവം. അധ്യാപനെ അക്രമിച്ച വിനോദിനെ കുന്ദമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു.

പൂർവ വിദ്യാർഥി എന്ന വ്യാജേനയാണ് വിനോദ് രാവിലെ എൻഐടിയില്‍ പ്രവേശിച്ചത്. തുടർന്ന് ജയചന്ദ്രന്റെ ഓഫിസില്‍ എത്തി വാക്കേറ്റമുണ്ടായി. മേശപ്പുറത്തിരുന്ന പേനാക്കത്തി എടുത്ത് ജയചന്ദ്രനെ കുത്തുകയായിരുന്നു. കഴുത്തിലും വയറിലും കുത്തി. സംഭവം കണ്ട സെക്യൂരിറ്റിയും മറ്റധ്യാപകരും ചേർന്ന് വിനോദിനെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാളെ പൊലീസിന് കൈമാറി. ജയചന്ദ്രനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ഇരുവരും മദ്രാസ് ഐഐടിയില്‍ ഒരു ഗൈഡിന്റെ കീഴിലായിരുന്നു പഠനം നടത്തിയിരുന്നത്. സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നത്തെത്തുടർന്നാണ് കുത്തിയതെന്നാണ് പ്രാഥമിക വിവരം.