ഇന്ത്യയുമായി സംസാരിക്കണം: മുഹമ്മദ് മുയിസുവിനോട് മുന്‍ പ്രസിഡന്റ് സോലിഹ്

ഇന്ത്യയുമായി സംസാരിക്കണം: മുഹമ്മദ് മുയിസുവിനോട് മുന്‍ പ്രസിഡന്റ്  സോലിഹ്

മാലിദ്വീപ് : ഇന്ത്യയുമായി സംസാരിക്കണമെന്ന് മാലദ്വീപ് മുന്‍ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്. എങ്കില്‍ മാത്രമേ സാമ്പത്തിക വെല്ലുവിളി നേരിടാന്‍ സാധിക്കുകയുള്ളൂ എന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനോട് മുന്‍ പ്രസിഡന്റ് പറഞ്ഞു. കടം വീട്ടുന്നതിന് മാലദ്വീപിന് കുറച്ച് സാവകാശം നല്‍കണമെന്ന് ഇബ്രാഹിം മുഹമ്മദ് സോലിഹ് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 45 കാരനായ മുയിസു 62 കാരനായ സോലിഹിനെ പരാജയപ്പെടുത്തിയാണ് അധികാരത്തിലെത്തിയത്.

മാലദ്വീപിലെ മാനുഷിക, മെഡിക്കല്‍ ഒഴിപ്പിക്കലിനായി ഉപയോഗിക്കുന്ന മൂന്ന് ഏവിയേഷന്‍ പ്ലാറ്റ്ഫോമുകള്‍ കൈകാര്യം ചെയ്യുന്ന 88 ഇന്ത്യന്‍ സൈനികരെ മെയ് 10 നകം പൂര്‍ണമായി പിന്‍വലിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടിരുന്നു. 26 ഇന്ത്യന്‍ സൈനികരുടെ ആദ്യ ബാച്ച് ഇതിനകം ദ്വീപ് വിട്ടു. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പിരിമുറുക്കം സൃഷ്ടിക്കുന്ന തരത്തില്‍ ഒരു നടപടിയും താന്‍ സ്വീകരിച്ചിട്ടില്ലെന്ന് മുയിസു അവകാശപ്പെട്ടിരുന്നു.അധികാരത്തിലെത്തിയതിനു പിന്നാലെ ഇന്ത്യയോടുള്ള എതിര്‍പ്പ് ശക്തമാക്കുകയും ചൈനയോട് അടുക്കുകയും ചെയ്ത മുഹമ്മദ് മുയിസു കഴിഞ്ഞ ദിവസം നിലപാട് മാറ്റിയിരുന്നു. ദ്വീപുരാഷ്ട്രത്തിനുള്ള കടാശ്വാസം തുടരണമെന്ന് അഭ്യര്‍ത്ഥിച്ച മുയിസു മാലദ്വീപ് ഇന്ത്യയുടെ അടുത്ത സഖ്യകക്ഷിയായിത്തുടരുമെന്നും വ്യക്തമാക്കിയിരുന്നു