ബാൾട്ടിമോർ അപകടം : കപ്പൽ ജീവനക്കാരിൽ മലയാളികളും ; നദിയിൽ വീണ് കാണാതായവരിൽ രണ്ട് പേരെ രക്ഷപ്പെടുത്തി: അഞ്ച് പേർക്കായി തിരച്ചിൽ

ബാൾട്ടിമോർ അപകടം : കപ്പൽ ജീവനക്കാരിൽ മലയാളികളും ; നദിയിൽ  വീണ്  കാണാതായവരിൽ രണ്ട് പേരെ രക്ഷപ്പെടുത്തി: അഞ്ച് പേർക്കായി  തിരച്ചിൽ

ന്യൂയോർക്ക്: ബാൾട്ടിമോറിലെ പ്രശസ്ത പാലമായ ഫ്രാൻസിസ് സ്‌കോട്ട് കീ പാലത്തിലിടിച്ച ചരക്ക് കപ്പൽ അപകടത്തിൽ പെട്ടത് യാത്ര തുടങ്ങി അര മണിക്കൂറിൽ. കപ്പലിലെ ജീവനക്കാരിൽ മലയാളികളും ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് സിനർജി മറൈൻ ഗ്രൂപ്പിന്റെ കമ്മ്യൂണിക്കേഷൻസ് വിഭാഗം പ്രസ് ഓഫീസർ പാറ്റ് ആദംസൺ വ്യക്തമാക്കി.

അതേസമയം, പാലം തകർന്ന് നദിയിലേക്ക് പതിച്ച് കാണാതായവരിൽ രണ്ട് പേരെ രക്ഷപ്പെടുത്തി. അഞ്ച് പേർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.

മലയാളി ഉടമസ്ഥതയിലുള്ള സിനർജി മറൈൻ ഗ്രൂപ്പ്‌സ് സർവീസ് നടത്തുന്ന ചരക്കു കപ്പലായ ഡാലിയയാണ് അപകടത്തിൽ പെട്ടത്. കൊളംബോയിലേക്ക് പോകുകയായിരുന്നു കപ്പൽ. അപകടസമയം രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 22 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് കപ്പൽ ബാൾട്ടിമോറിലെ സീഗർട്ട് മറൈൻ ടെർമിനലിൽ നിന്നും പുറപ്പെട്ടത്. ഇതിന് പിന്നാെല ഒന്നരയോടെയാണ് അപകടമുണ്ടായത്. കപ്പൽ പാലത്തിന്റെ തൂണിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പാലം പൂർണമായും തകർന്ന് നദിയിലേക്ക് വീഴുകയായിരുന്നു. സംഭവ സമയം നിരവധി വാഹനങ്ങൾ പാലത്തിൽ ഉണ്ടായിരുന്നു.

സംഭവത്തിൽ അന്വേഷണം നടന്നു വരികയാണെന്ന് സിനർജി മറൈൻ ഗ്രൂപ്പ് അറിയിച്ചു. അന്വേഷണ ഏജൻസികളുടെ അന്വേഷണവുമായി സഹകരിക്കുമെന്നും സിനർജി മറൈൻ ഗ്രൂപ്പ് വ്യക്തമാക്കി.