മാതൃത്വം - ഉത്തരവാദിത്വങ്ങൾ,സുരക്ഷിതത്വങ്ങൾ
സപ്ന അനു ബി ജോർജ്
ഏറ്റവും നല്ല സമൂഹം സ്ത്രീകളെ ആദരിക്കുന്ന സമൂഹമാണ് എന്ന പ്രവാചകന്റെ ഒരു വചനം നമ്മുടെ സമുഹത്തെ ഓർമ്മിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നു തോന്നുന്നു. സ്ത്രീകളുടെ സുരക്ഷയും സ്വസ്തതയും സംരക്ഷിക്കേണ്ടത് സമൂഹവും ഭരണകൂടവും കൂടിയാണ്. എന്നിട്ടും ഓരോ ദിവസവും നമ്മുടെ സഹോദരിമാർക്ക് യാതൊരു സുരക്ഷയും ഉത്തരവാദിത്വവും ഇല്ലാതാകുന്നു! ഏതു കാട്ടാളനും, അതും ചിലർ സ്വന്തം കുടുംബത്തിൽ നിന്നുതന്നെ ഉപദ്രവിക്കപ്പെടുന്നു. സ്ത്രീകളെ ബഹുമാനിക്കുന്നവരും ആദരിക്കുന്നവരും മാത്രമേ സ്ത്രീകളുടെ കാര്ര്യത്തിൽ അപിപ്രായം പറയേണ്ടതുള്ളു എന്ന് വാശിപിടിക്കാനും വയ്യ! ആരോക്കെ എവിടെ എങ്ങിനെയൊക്കെ ബഹുമാനിക്കുന്നു എന്ന് ഇന്നത്തെക്കാലത്ത് പറയാൻ പറ്റില്ല എന്നുള്ളത് ഒരു നഗ്നസത്യമായി മാറിക്കഴിഞ്ഞു! സഹോദരൻമാർ,സുഹൃത്തുക്കൾ, സാമൂഹ്യപരിപാലകർ, സ്തീസുരക്ഷസംഘടന എന്ന വ്യാജമുഖത്തോടെ വരുന്നവർ ഇന്ന് ധാരാളം! ഗൾഫ് നാടുകളെ ഒരു പരിധിവരെ നമുക്ക് അനുകരിക്കാം, ഏത് പാതിരാത്രിയും സ്ത്രീകൾക് പുറത്തിറങ്ങി നടക്കാം. ജോലിക്ക് പോകാം! ആരും തന്നെ അനാവശ്യ സംസാരത്തിനോ, ഷൂളമടിക്കാനോ, തോണ്ടാനോ ഒന്നും സാധാരണഗതിയിൽ ചെയ്യാൻ ധൈര്യപ്പെടില്ല.
കുടുംബത്തിന്റെ നെടുംതൂണെന്ന് എല്ലാവരും സമ്മതിക്കുന്ന മാതൃത്വം പക്ഷേ, യഥാർത്ഥജീവിതത്തിൽ വേണ്ടത്ര മാനിക്കപ്പെടുന്നുണ്ടോ?അമ്മയെന്ന വാക്കും അതിന്റെ മേന്മകളും പാടിപുകഴ്ത്താത്ത കവികളും , പണ്ഡിതരും,ലോകത്താരും തന്നെ ഇല്ലെന്ന് പറയാം! എന്നാൽ ഇതെല്ലാം ഉണ്ടെങ്കിൽ പോലും കുടുംബത്തിന്റെ നാലുചുവരുകൾക്കുള്ളിൽ ആവശ്യത്തിന് ബഹുമാനിക്കപ്പെടുന്നുണ്ടോ ആദരിക്കപ്പെടുന്നുണ്ടോ? ആരും നോക്കാറും ഇല്ല, അന്വേഷിക്കാറുമില്ല,അധവാ ഒരു ചോദ്യം വന്നാൽ ഉത്തരം കുടുംബത്തിലുള്ള ബാക്കി അംഗങ്ങളുടെ കയ്യിൽ നിന്നു വരും,അമ്മയുടെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാം! പൂരിഭാഗം സ്ത്രീകളും ഒരു ചോദ്യങ്ങൾക്കും ഇടകൊടുക്കാതെ, പരിഭവങ്ങൾ ഒന്നും ഇല്ലാതെ ഒതുങ്ങി ജീവിച്ചു പൊകുന്നു എന്നതും വാസ്തവം! ആർക്കും അവർക്ക് അവാർടുകളും, സഥാനമാനങ്ങളും ,ഒന്നുംതന്നെ നൽകാറില്ല! ആരും ചോദിച്ചുവാങ്ങാറും ഇല്ല, ഇതെല്ലാം നമ്മുടെ കടമ എന്നും ഉത്തരവാദിത്വം എന്നും ,ഒരമ്മ ചെയ്തിരിക്കേണ്ട കാര്യങ്ങൾ ആണ് ഇതെല്ലാം എന്നും സ്വയം ഏറ്റെടുത്തു നടത്തുന്നു! അതിൽ അവർക്ക് ആരോടും പരിഭവും ഇല്ല പരാതികളും ഇല്ല.
അമ്മയാവുകയെന്ന അനുഭവം വളരെ ആനന്ദകരമാണെന്നു നാം പറയുമ്പോഴും അതു പലപ്പോഴും ആശങ്കനിറഞ്ഞ, യാതനാപൂർണ്ണമായ അനുഭവമായിത്തീരുന്നതെന്തുകൊണ്ട്? അമ്മയാകുന്ന അനുഭവം എല്ലാ സ്ത്രീകളും സന്തോഷത്തോടെ എറ്റെടുക്കുന്നതാണ്. ആ ഒരു സ്ഥാനത്തോടെ അവർ സ്വയം അമ്മയെന്ന അനുഭങ്ങളിലൂടെ, ജീവിതത്തിന്റെ വലിയ അർത്ഥങ്ങൾ മനസ്സിലാക്കുന്നു! ആരും പഠിപ്പിച്ചുകൊടുക്കാതെ സ്വയം ജീവിന്റെ അംശം തന്റെ ശരീരത്തിന്റെ രക്തവും ഓജസ്സും, ശക്തിയും കൊടുത്ത് ജീവിപ്പിക്കുന്നു. അമ്മയെന്ന അനുഭവത്തിലൂടെ കടന്നുപോകുംബോൾ വേറിട്ട ഒരു പരിചരണമോ, ഇടപെടലോ ,ശുശ്രൂഷയോ ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ല. ജോലി ചെയ്യുന്നവരും ജോലിചെയ്യാത്തവരും എല്ലാത്തരം സ്ത്രീകളും അമ്മയാവുന്നു. ഓഫീസ്സ് കസേരകളിൽ മാത്രമല്ല, തുണിക്കടകളിലും, തൂപ്പു ജോലിക്കാരും, നേഴ്സുമാരും, എഞ്ചിനീയർമാരും എല്ലാവരും തന്നെ അമ്മയാകുന്നു. ഒറ്റനിൽപ്പ് നിന്ന് ജോലിചെയ്യേണ്ട സ്ഥലങ്ങളും മണിക്കൂറുകളോളം ആഹാരം കഴിക്കാതെ, പലതരം ജോലികളിൽ ഏർപ്പെടുന്നവർ! അവരോടാരോടും പ്രത്യേകിച്ച് നമ്മുടെ നാട്ടിൽ, ഒന്നിരിക്കാനോ, വെള്ളം കുടിക്കാനോ ആഹാരം കഴിക്കാനോ, അല്പം നേരത്തെ പോകാനായിട്ടോ ആരും തന്നെ പറയാറില്ല! ഇതൊന്നും ഇന്നുവരെ ഒരു ഒരു സ്ത്രീസമൂഹമോ, വുമൺസ് വിംഗോ സമരംചെയ്ത് അനുകൂലമായ നിയമങ്ങൾ കൊണ്ടുവരുകയോ,സ്വന്തം സ്ഥാപനങ്ങളിലെങ്കിലും ഇളവുവരുത്തുകയൊ, ഗർഭിണികളെ സംരക്ഷിക്കുകയോ ചെയ്തിട്ടില്ല! ഒന്നോ രണ്ടോ അപൂർവ്വമായ സംരംഭങ്ങളോ,വ്യക്തികളൊ ഒന്നുമില്ലെങ്കിൽ അവരുടെ സ്ഥപനങ്ങളിൽ വ്യത്യസ്ഥമായ പെരുമാറ്റങ്ങൾ ചെയ്തിരിക്കാം, തീർച്ച!. എങ്കിലും അന്നും ഇന്നും ഒരു പരാതികളും ഇല്ലാതെ തന്നെ അമ്മ ഇന്നും അമ്മ തന്നെ!
ആധുനികവിദ്യാഭ്യാസം നേടിയ സ്ത്രീകളുടെ ആദ്യതലമുറ പുതിയ മാതൃത്വാദർശത്തിന്റെ സാദ്ധ്യതകളെക്കുറിച്ച് സൂക്ഷ്മമായി ആലോചിക്കുകയും ചെയ്തിരുന്നു. പക്ഷേ, സ്ത്രീകളുടെ സുരക്ഷിതത്വത്തിന് കൃത്യമായ ഉറപ്പൊന്നും നൽകാത്ത, ആധുനിക കുടുംബത്തിന്റെ ഇടുങ്ങിയ താൽപര്യങ്ങൾക്കുള്ളിൽ തളയ്ക്കപ്പെട്ട ഒരു മാതൃത്വാദർശമാണ് ഇന്നത്തെക്കാലത്ത് വ്യാപകമായി പ്രചരിക്കപ്പെട്ടതും പ്രയോഗത്തിൽവരുന്നതും! ഏതു കാലത്തും മാതൃത്വമെന്ന സത്യം ഈ ലോകത്തിലെ ഉത്തമസത്യങ്ങളുടെ കൂടെ എണ്ണപ്പെടുന്നു എന്ന് നാം മറന്നുപോകാൻ പാടില്ല. ആദരിക്കപ്പെടേണ്ടതും അംഗീകരിക്കപ്പെടേണ്ടതുമായ ഒന്നാണത്. മനുഷ്യബന്ധങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വ്യക്തവും ശക്തവുമായ ഒന്നാണ്. അമ്മയുടെ ഉള്ളിലാണ് നമ്മുടെ ജീവൻ ആദ്യമായി തുടിക്കുന്നത്. അമ്മ തന്റെ ഉള്ളിലുള്ള നമ്മളെ ഓരൊരുത്തരെയും സ്വന്തം ജീവനും , ചോരയും കൊടുത്തു വളർത്തുന്നു വലുതാക്കുന്നു, അവരുടെ മടിത്തട്ടിലും, അമ്മയുടെ മാറ് നമുക്ക് സുരക്ഷിതത്വവും ശക്തിയും പകർന്നു തരുന്നു.
നമ്മുടെ വിശ്രമത്തിന് വേണ്ടി അവർ കഷ്ടപ്പെടുന്നു, നമ്മുടെ ഉറക്കത്തിനായി അവർ ഉറക്കമൊഴിച്ചു. നമുക്ക് വേണ്ടി അവര്‍ പലതും ത്യജിച്ചു. ത്യാഗത്തിന്‍റെ തീയിൽ അവര്‍ നമുക്ക് വേണ്ടി വെന്തുരുകി ഒലിച്ചു. നമുക്ക് വേണ്ടി അവര്‍ വേദനിച്ചു. നമ്മുടെ പ്രയാസങ്ങളില്‍ അവർ സ്വയം വിഷമിച്ചു. ഒരിക്കലും ഒരു പരാതിയും ഇല്ലാതെ, നമുക്കൊപ്പം ജീവിച്ചു അമ്മ!
മാതൃത്വവും പിതൃത്വവും ഒരു പോലെ ആദരിക്കപ്പെടേണ്ടതു തന്നെ. പക്ഷെ, മൂന്നുപടി മുന്നില്‍ നില്‍ക്കുന്നത് എന്ത് കൊണ്ടും മാതൃത്വം തന്നെയാണ്. മനുഷ്യൻ തന്റെ മാതാവിന്റെ ഗർഭകാലത്തും, ജനനത്തിനു ശേഷമുള്ള മുലകുടിയിലൂടെയും ശക്തിപ്രാപിക്കുന്നു. മനുഷ്യനായിക്കഴിഞ്ഞാൽ ദൈവത്തോട് ഇപ്രകാരം നന്ദി പറയാം....... എന്‍റെ രക്ഷിതാവേ, എനിക്കും എന്‍റെ മാതാപിതാക്കളിലൂടെ നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ എനിക്ക് പ്രചോദനം നല്‍കേണമേ. എന്‍റെ സന്തതികളില്‍ നീ എനിക്ക് നന്‍മയുണ്ടാക്കിത്തരികയും ചെയ്യേണമേ.” മാതൃത്വത്തെ ആദരിക്കുന്ന, സ്നേഹിക്കുന്ന, അതു അംഗീകരിക്കുന്ന ഒരു നല്ല മനുഷ്യന്‍റെ ചിന്തയും പ്രാർഥനയും ആണിത്!
അല്ലാഹു പറയുന്നു : "തന്‍റെ മാതാപിതാക്കളോട് നല്ലനിലയിൽ വര്‍ത്തിക്കണമെന്ന് നാം മനുഷ്യനോട് അനുശാസിച്ചിരിക്കുന്നു. അവന്‍റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് അവനെ ഗര്‍ഭം ധരിക്കുകയും, പ്രയാസപ്പെട്ടുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു”. തന്‍റെ മാതാവിനോടുള്ള മനുഷ്യന്‍റെ കടപ്പാട് ഈ വരികളിൽ നിന്നും വ്യക്തമാണ്. അത്രയ്ക്ക് മഹനീയമാണ് മാതൃത്വം. അങ്ങേയറ്റം ആദരണീയവുമാണത്. മാതാവിന്റെ മടിത്തട്ടാണ് നമ്മൾ ഓരോരുത്തരുടെയും ആദ്യവിദ്യാലയം, എന്നതാണ് പരമപ്രധാനമായ ഒരു സത്യമാണ്! ഇതിനെല്ലാമുള്ള നന്ദിയായി മരണംവരെ നാം അവരെ ബഹുമാനിക്കണം, സന്തോഷിപ്പിക്കണം, പരിചരിക്കണം,മരണത്തിനു ശേഷവും അവരെ സ്നേഹിക്കണം , ആദരിക്കണം പ്രാര്‍ഥിക്കണം.