മരുഭൂമികൾ ഉണ്ടാകുന്നത് : കവിത , രാജു കാഞ്ഞിരങ്ങാട്

മരുഭൂമികൾ ഉണ്ടാകുന്നത് : കവിത , രാജു കാഞ്ഞിരങ്ങാട്

മൗനം മരുഭൂമിയേയും, മുൾച്ചെടിയേയും -
ഓർമ്മിപ്പിക്കുന്നു
അനാദിയായ നിശ്ശബ്ദതയാകുന്നു
ഇരുമ്പിൻ്റെ തുരുമ്പായി അടർന്നു നിൽക്കുന്നു
തരിമ്പുമില്ല സ്വാസ്ഥ്യം

ഒരൊറ്റ ചോദ്യം കൊണ്ട് മുറിച്ചു കടക്കുവാൻ -
കഴിയുമോ ഓർമ്മകളെ!
വേവുന്ന മനസ്സിൻ്റെ ബാക്കിയായ ചോദ്യമൊക്കെ
ബാലിശമെന്നാകുമോ?!

മരണത്തോളമെത്തുന്നു മൗനം
നീല നിറം മാത്രം ബാക്കിയാകുന്നു
തിടംവെച്ച പുണ്ണാണ് മൗനം
മരുഭൂമിയുടെ പറുദീസ

ചില്ലകൾ കൊരുത്ത ഉള്ളകത്തിലെ നിബിഡത കൾക്കിടയിലൂടെ
അരിച്ചിറങ്ങുന്നു മൗനത്തിൻ്റെ ചിതലുകൾ
മുളകരച്ചു തേച്ചപോലെയുള്ളം

പതിരിൻ്റെ നാട്ടിൽ പതം പറയാൻ ഞാനില്ല
എനിക്കു മൗനം കൊണ്ടൊരു കല്ലറ പണിയണം.
കാലമേ,
മൗനംകൊണ്ടെനിക്ക് മധുരമായി പ്രതികാരം -
ചെയ്യണം

 

രാജു കാഞ്ഞിരങ്ങാട്