മരിയ മൂപ്പത്തി: തനി നാടൻ , പോൾ ചാക്കോ

മരിയ മൂപ്പത്തി: തനി നാടൻ , പോൾ ചാക്കോ

നാട്ടീന്ന്‌ എം. കോം ഒക്കെ കഴിഞ്ഞ്‌ ഡല്‍ഹിയില്‍ രണ്ടുവര്‍ഷം അച്ചാ ബച്ചാ ബോല്‍ത്തിയിട്ട്‌ ദുഫായില്‍ നാല്‌ വര്‍ഷം കീ ഫാലക്ക്‌, മര്‍ഹബ പറഞ്ഞാണ്‌ തേനുംപാലും ഒഴുകുന്ന ഈ കാണാന്‍ ദേശത്ത്‌ ഞാന്‍ എത്തിയത്‌. അമേരിക്കയില്‍ വരുന്നആഴ്‌ചയിലും അതിന്‍റെ പിറ്റേ ആഴ്‌ചയിലും പരിസരവാസികളായ ബന്ധുജനങ്ങളെ സന്ദര്‍ശിക്കുന്ന ഒരു പതിവുണ്ട്‌. അവര്‍ക്കതില്‍ വല്യ താല്‍പര്യം കാണില്ല എങ്കിലും ആവശ്യം നമ്മുടെതായതുകൊണ്ട്‌ ആരും ആ പാരമ്പര്യത്തിന്‌ ഒരു ഭംഗംവരുത്താറില്ല.

ഞാന്‍ തികഞ്ഞ അഭിമാനത്തോടെ എന്‍റെസര്‍ട്ടിഫിക്കറ്റ്‌ കൊണ്ടുപോയി കാണിച്ചത്‌ ബാള്‍ട്ടിമൂറിലുള്ള ഒരു ചേട്ടനെയാ. അദ്ദേഹം ഞാന്‍ പയറ്റി തെളിയാന്‍ ആഗ്രഹിക്കുന്ന ഫീല്‍ഡില്‍ തന്നെ അനേകം വര്‍ഷങ്ങളായി പയറ്റുന്ന കക്ഷിയാ. എന്നെ കണ്ടതേ അങ്ങേരു പറഞ്ഞു എന്‍റെ എക്‌സ്‌പ്പീരിയന്‍സ്‌ വച്ച്‌ നോക്കിയാല്‍ എനിക്ക്‌ അടുത്ത ആഴ്‌ചജോലി കിട്ടുമെന്ന്‌. 

അങ്ങേരുടെ പ്രവചനം ഫലിച്ചു...പിറ്റേ ആഴ്‌ച തന്നെ എനിക്ക്‌ജോലി കിട്ടി! സൂപ്പര്‍ മാര്‍ക്കറ്റില്‍ പലവ്യഞ്‌ജനം പൊതിഞ്ഞു കൊടുക്കുന്നജോലി! മണിക്കൂറില്‍ അഞ്ചര ഡോളര്‍ ശമ്പളം. അയിമൂന്നു പതിനഞ്ച്‌. പതിനഞ്ച്‌എട്ട്‌ നൂറ്റി ഇരുപത്‌. ഒരു ദിവസ്സത്തെ ശമ്പളം ആയിരത്തി മുന്നൂറില്‍പരം.അന്ന്‌ റേറ്റ്‌ മുപ്പതാ. ഒരു ദിവസ്സം ചെറുക്കന്‍ ഉണ്ടാക്കുന്ന ശമ്പളം വീട്ടില്‍ വേലക്കാര്‍ക്ക്‌ ഒരുമാസം കൊടുക്കുന്ന കൂലിയാ പക്ഷെ എനിക്കത്‌ വളരെകുറച്ചിലായാ തോന്നിയത്‌. പ്രൌഡിയും പ്രതാപവുമുള്ള തീമ്പലങ്ങാട്ട്‌ചാക്കോച്ചന്‍ എന്ന എന്‍റെ അപ്പന്‍ ഇത്‌ കേട്ടാല്‍ ദുരഭിമാനം മൂലം ചങ്ക്‌പൊട്ടി മരിക്കും. അന്ന്‌ മുതലുള്ള ആഗ്രഹമാ ഒരു സര്‍ക്കാര്‌ ജോലി കിട്ടണേഎന്ന്‌.

എന്‍റെ പ്രാര്‍ത്ഥന കര്‍ത്താവ്‌ കേട്ടു. ഞാന്‍ ജില്ലാ പരൂക്ഷപാസ്സായി. ഇന്റര്‍വ്യൂവില്‍ ഒന്നാം റാങ്ക്‌ മേടിച്ച്‌ 23435 ഡോളര്‍ വാര്‍ഷികവരുമാനമുള്ള ജോലി എനിക്ക്‌ സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌തു. അതും ഒരുസ്‌കൂളില്‍. ദിവസ്സേന എട്ടാംക്ലാസ്‌ മുതല്‍ പത്താംക്ലാസ്‌ വരെയുള്ള ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വായില്‍ ഇരിക്കുന്ന ഇംഗ്ലീഷ്‌ സരസ്വതി കേള്‍ക്കാന്‍ ഭാഗ്യം കിട്ടിയ ജോലി. സര്‍ക്കാര്‍ ജോലി എന്ന്‌ വച്ചാഎല്ലാ കേരളീയനും മനസ്സിലാക്കിയിരിക്കുന്നത്‌ പത്തരക്ക്‌ വരിക, മനോരമവായിക്കുക, ടീവി കാണുക, ഭക്ഷണം സമയാസമയം കഴിക്കുക, ദിവസ്സം അഞ്ചാറു തവണമൂത്രം ഒഴിക്കുക, മൂന്നരക്ക്‌ വീട്ടില്‍ പോകുക എന്നതാണ്‌. പഠിച്ചതല്ലേപാടാന്‍ പറ്റൂ.

പക്ഷെ അമേരിക്കയില്‍ സര്‍ക്കാര്‌ ജോലി വേറെയാ. കേരളമക്കള്‍ തന്‍ ഭാവശുദ്ധി ഇവിടെ വിലപ്പോവില്ല. ഇത്രേം പറഞ്ഞ സ്ഥിതിക്ക്‌ എല്ലാം പറയണമല്ലോ...മിക്ക മലയാളികളും അമേരിക്കയില്‍ വന്നാ അദ്ധ്വാനിക്കാന്‍ പഠിക്കുന്നത്‌. കാരണം നമ്മുടെ ഇണ്ടാസ്‌ കളി ഒന്നും ഇവിടെ വിലപ്പോവില്ല. ചിരിച്ചു കാണിച്ചു കാര്യം സാധിക്കുന്ന ട്രിക്ക്‌ ഐ. വി. ശശിയുടെ 'ഏഴാംകടലിനക്കരെ' എന്ന സിനിമയോടെ കഴിഞ്ഞു.

ആദ്യ ദിവസ്സം. എട്ടുമണിക്ക്‌ ആപ്പീസ്‌ തുടങ്ങുന്നിടത്ത്‌ എഴരക്കേ ഞാന്‍ ഹാജ്ജര്‍. എന്നെപോലെ ഒരു പണീം ഇല്ലാത്ത സ്‌പാനിഷ്‌കാരനായ മെയില്‍മാന്‍ കാര്‍ലോസ്‌ നിയമന ഉത്തരവ്‌ കാണിച്ചപ്പോമുറി തുറന്ന്‌ ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ ഇരുന്നു.

മണിഎട്ടാകുന്നു...അമേരിക്കയിലെ വെളുത്ത സാറത്തിമാറും സാറന്മാരും വിവിധതരം കാറുകളില്‍ വന്നു തുടങ്ങി. കണ്ടാല്‍ അറിയാം...മിടുക്കന്മാരും മിടുക്കത്തികളും. ഇവരുടെ കൂടെ ഒരു മിടുക്കനായി ഞാനും വാഴും ഇനി മുതല്‍. ഓര്‍ത്തപ്പോ ശരിക്കും അഭിമാനം, രോമാഞ്ചം! പുലിക്കല്ല്‌ പോലൊരു ഓണംകേറാമൂലയില്‍ നിന്നും അമേരിക്കയിലെ സര്‍ക്കാര്‍ ജോലി വരെ ഞാന്‍ എത്തിയില്ലേ? 

ജോലിക്കാര്‍ എല്ലാവരും വന്ന കൂട്ടത്തില്‍ പ്രായംകൂടി, ജരാനരകള്‍ ബാധിച്ച ഒരു സ്‌ത്രീ തികഞ്ഞ ഗൌരവത്തില്‍ ഓഫീസിന്‍റെ നടുക്കുള്ള ഒരു കസ്സേരയില്‍ വന്നിരുന്നു. അവര്‍ ഇരിക്കാത്ത താമസ്സം നേരത്തെ ആപ്പീസ്സില്‍ എത്തിയവര്‍ വരിവരിയായി അവരെ പോയി നമസ്‌ക രിക്കു ന്നു...കെട്ടിപ്പിടിക്കുന്നു...കാതില്‍ എന്തോ പറയുന്നു...ചുംബിക്കുന്നു. അവരാകട്ടെ ഗൌരവം വിടാത്‌ എല്ലാം ഏറ്റുവാങ്ങുന്നു.

നമ്മുടെ ഭാരതം പോലെ വികസിച്ച ഒരു രാജ്യമല്ല അമേരിക്ക. നമ്മള്‍ പാലിക്കാത്തപല സാമാന്യമര്യാദകളും പാലിക്കുന്ന ഒരു രാജ്യം! പ്രത്യേകിച്ചും യോര്‍ക്ക്‌ടൌണ്‍ പോലെ പ്രാന്തമായ ഒരു പ്രദേശത്ത്‌. ഞാന്‍ ശ്രദ്ധിച്ചു. ഇവര്‍ഈ ഗ്രാമത്തിലെ മൂപ്പത്തിയാവും. അല്ലെങ്കില്‍ അതുപോലെ എന്തെങ്കിലും പ്രാധാന്യമുള്ള സ്ഥാനം. അതാവും എല്ലാരും ഉപചാരം അര്‍പ്പിക്കാന്‍ തിങ്കളാഴ്‌ചതന്നെ വന്നത്‌. ഇങ്ങനെ ആയിരിക്കും ഇവിടെ ഓരോ ആഴ്‌ചയും തുടങ്ങുന്നത്‌. ഇനി ഞാനായി എന്തിന്‌ പുറകോട്ട്‌ നില്‍ക്കണം. ജോലി തുടങ്ങുന്ന ദിവസ്സം. യോര്‍ക്ക്‌ടൌണില്‍ ഒരു ദേവി ഉണ്ടെങ്കില്‍, അത്‌ ഇവരാണെങ്കില്‍ അനുഗ്രഹം മേടിച്ചിട്ട്‌ തന്നെ ജോലി തുടങ്ങാം. നല്ലതേ വരൂ.

ഞാന്‍ ബാഗ്‌അടുത്തുള്ള കസ്സേരയില്‍ വച്ച്‌ പതിയെ എഴുനേറ്റ്‌ മൂപ്പത്തിയുടെ അടുത്തേക്ക്‌ നടന്നു. ഇപ്പൊ തീര്‍ത്തും തിരക്കില്ല. പതിയെ അടുത്ത്‌ ചെന്ന്‌ ഒട്ടും മടികൂടാത്‌ കാല്‍പാദത്തിങ്കല്‍ സാഷ്ട്‌ടംഗ പ്രണാമം വീണു. മനസ്സില്‍ ''അമ്മേമഹാമായേ അനുഗ്രഹിക്കണേ, ആശീര്‍വദിക്കണേ'' എന്ന്‌ ഉരുവിട്ടതിന്‌ ശേഷം പതിയെതലപൊക്കി. അവര്‌ പന്തം കണ്ട പെരുച്ചാഴിയെ പോലെ അന്തം വിട്ടിരിക്കുകയാണ്‌. ഞാന്‍ എഴുന്നേ റ്റു...കൈകൊണ്ട്‌ ഒന്ന്‌ തൊഴുതു. ഒരുമ്മ കവിളില്‍ പതിപ്പിച്ചു. എന്നിട്ട്‌ പതിയെ ഭക്തിസാന്ദ്രത അഭിനയിച്ച്‌ കൈകള്‍ കൂപ്പി കസേരയില്‍ പോയിഇരുന്നു. സംഭാവിച്ചതെന്താന്നറിയാത്‌ കുന്തം വിഴുങ്ങിയപോലെ മൂപ്പത്തി മരച്ചിരിക്കുകയാണ്‌.

അധികം താമസ്സിയാത്‌ ബിസിനസ്‌ മാനേജര്‍ ഡേവിഡ്‌ എന്നെ അകത്തേക്ക്‌ വിളിച്ച്‌ റജിസ്റ്ററില്‍ ഒപ്പിടാന്‍ പറഞ്ഞു. ഞാന്‍ അയാള്‌ പറഞ്ഞിടത്ത്‌ ഒപ്പിട്ടു. ജോലിക്ക്‌ ചേരുന്നതിന്‍റെ ഔദ്യോഗിക കര്‍മ്മങ്ങള്‍ പൂര്‍ത്തിയാകുന്നത്‌ വരെ ഡേവിഡിന്‍റെ മുഖത്ത്‌ പരിപൂര്‍ണ്ണ ഗൌരവം ആയിരുന്നു. എല്ലാം കഴിഞ്ഞപ്പോള്‍ ഡേവിഡ്‌ ചോദിച്ചു ''നീ എന്തിനാ ആ സ്‌ത്രീയെ പോയി ഉമ്മവച്ചതും അവരുടെ കാല്‍ക്കല്‍ വീണതും?.

മറുപടി പറയാന്‍ ഞാന്‍ വാ തുറക്കുന്നതിന്‌ മുന്‍പേ ഡേവിഡ്‌ പറഞ്ഞു...

''അവരുടെ ഭര്‍ത്താവ്‌ കഴിഞ്ഞ ബുധനാഴ്‌ച മരിച്ചു പോയി. അതാണ്‌ എല്ലാരും പോയ്‌ അവര്‍ക്ക്‌ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചത്‌'' 

വേണ്ടാത്തിടത്ത്‌ കേറി അഭിവാദനം അര്‍പ്പിച്ച ഞാന്‍ കാലിന്‌ പോളിയോ ബാധിച്ചവനെ പോലെ അവിടെ നിന്നുരുകി. പിന്നീടീല്ലാം എന്നെ കാണുമ്പോള്‍ പുഞ്ചിരി തൂകുമായിരുന്ന മരിയയുടെ മുഖം അവര്‍ മണ്മറഞ്ഞ്‌ വര്‍ഷങ്ങൾ  കഴിഞ്ഞിട്ടും എന്‍റെ മനസ്സില്‍ നിന്നും മായുന്നില്ല.

 പോൾ ചാക്കോ, തീമ്പലങ്ങാട്ട്‌