റഷ്യൻ അധിനിവേശത്തിനിടെ മരിയുപോളില്‍ 8,000 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

റഷ്യൻ അധിനിവേശത്തിനിടെ മരിയുപോളില്‍ 8,000 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

നീവ: റഷ്യയും ഉക്രെയ്‌നും തമ്മില്‍ സംഘർഷം അതിരൂക്ഷമായ 2022 മാർച്ചിനും മെയ് മാസത്തിനും ഇടയില്‍ യുക്രയ്ന്റെ പ്രധാന നഗരമായ മരിയുപോളില്‍ റഷ്യൻ അധിനിവേശത്തെതുടർന്ന് 8,000 പേർ കൊല്ലപ്പെട്ടതായി ന്യൂയോർക്ക് ആസ്ഥാനമായ മനുഷ്യാവകാശ സംഘടന ഹ്യൂമൻ റൈറ്റ്സ് വാച്ച്‌ റിപ്പോർട്ട് ചെയ്തു.

ഏകദേശം മൂന്ന് മാസത്തോളം നീണ്ട റഷ്യൻ അധിനിവേശത്തിനിടെ മരിച്ചവരെ റോഡരികില്‍ വരെ സംസ്‌കരിക്കാൻ തദ്ദേശവാസികള്‍ നിർബന്ധിതരായെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. പതിനായിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായും എന്നാല്‍ ഇപ്പോള്‍ റഷ്യൻ നിയന്ത്രണത്തിലുള്ള മരിയുപോള്‍ നഗരത്തിലേക്കുള്ള പ്രവേശനം സാധ്യമാകാതെ കൃത്യമായ സംഖ്യ നല്‍കാൻ സാധിക്കില്ലെന്നും യുക്രെയ്ൻ വ്യക്തമാക്കി.

എന്നാല്‍ റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്ന കണക്കുകള്‍ റഷ്യ നിഷേധിച്ചു. ചില ശവക്കുഴികളില്‍ ഒന്നിലധികം മൃതദേഹങ്ങള്‍ ഉണ്ടെന്ന് അറിയാമെന്നും ചില സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലെന്നും കണക്കാക്കിയതിനേക്കാള്‍ സംഖ്യ ഗണ്യമായി കൂടിയേക്കാമെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച്‌ വ്യക്തമാക്കി