ഛത്തീസ്‌ഗഡില്‍ ഏറ്റുമുട്ടലില്‍ 8 മാവോയിസ്റ്റുകളെ വധിച്ചു; ജവാന് വീരമ്യത്യു

ഛത്തീസ്‌ഗഡില്‍ ഏറ്റുമുട്ടലില്‍ 8 മാവോയിസ്റ്റുകളെ വധിച്ചു; ജവാന് വീരമ്യത്യു
റായ്‌പൂർ: ഛത്തീസ്‌ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 8 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ ഒരു ജവാൻ വീരമൃത്യു വരിക്കുകയും രണ്ട് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഛത്തീസ്‌ഗഡില്‍ നാരായണ്‍പൂർ ജില്ലയിലെ അഭുജ്മഠില്‍ കഴിഞ്ഞ രണ്ട് ദിവസമായി മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

നാരായണ്‍പൂർ, ബീജാപൂർ, ദന്തേവാഡ ജില്ലകളില്‍ ഉള്‍പ്പെടുന്ന ഒരു കുന്നിൻ പ്രദേശമാണ് അഭുജ്മഠ്. ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടതും അധികം ആളുകള്‍ എത്തിച്ചേരാൻ കഴിയാത്തതുമായ ഈ പ്രദേശം മാവോയിസ്റ്റുകളുടെ പ്രധാന കേന്ദ്രമാണ്.

മാവോയിസ്റ്റുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെത്തുടർന്ന് നാരായണ്‍പൂർ, കാങ്കർ, ദന്തേവാഡ, കൊണ്ടഗാവ് എന്നീ ജില്ലകളില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം ഇവിടെ എത്തുകയായിരുന്നു.

നാല് ജില്ലകളില്‍ നിന്നുള്ള ഡിസ്ട്രിക് റിസർവ് ഗാർഡിന്റെ (ഡിആർജി), സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സും (എസ്ടിഎഫ്), ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിന്റെ (ഐടിബിപി) 53ാം ബറ്റാലിയനും സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘത്തില്‍ ഉള്‍പ്പെടുന്നു. ഈ മാസം പന്ത്രണ്ടിനാണ് ഉദ്യോഗസ്ഥർ വനത്തില്‍ ഓപ്പറേഷൻ ആരംഭിച്ചത്.