ബെംഗളൂരുവിലേത് ആസൂത്രിത ബോംബ് സ്‌ഫോടനം; സ്ഥിരീകരിച്ച്‌ മുഖ്യമന്ത്രി

ബെംഗളൂരുവിലേത് ആസൂത്രിത ബോംബ് സ്‌ഫോടനം; സ്ഥിരീകരിച്ച്‌   മുഖ്യമന്ത്രി

ബെംഗളൂരുവിലെ രാമേശ്വരം കഫെയില്‍ നടന്നത് ബോംബ് സ്ഫോടനമെന്ന് സ്ഥിരീകരണം. ആസൂത്രിതമായ സ്‌ഫോടനമാണ് ബ്രൂക്ക് ഫീല്‍ഡിലെ കഫെയില്‍ നടന്നതെന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥിരീകരിച്ചു.

ഐഇഡി സ്‌ഫോടനമാണ് കഫെയില്‍ ഉണ്ടായത്. കഫെയ്ക്കുള്ളില്‍ ഒരാള്‍ ബാഗ് ഉപേക്ഷിച്ച്‌ പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നു അന്വേഷണ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു.

സ്‌ഫോടനത്തില്‍ ഒമ്ബതു പേര്‍ക്ക് പരുക്കേറ്റു. നാലു പേരുടെ നില ഗുരുതരമാണ്. ജീവനക്കാര്‍ക്കും കഫെയിലെത്തിയവര്‍ക്കുമാണ് പരുക്ക്. ബാഗില്‍ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്.

ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അത്യുഗ്ര ശബ്ദത്തില്‍ ബാഗില്‍ നിന്നും അജ്ഞാത വസ്തു പൊട്ടിത്തെറിച്ചത്. കഫെയില്‍ ജോലിക്കാരായ മൂന്നു പേര്‍ക്കും ആഹാരം കഴിച്ചു കൊണ്ടിരുന്ന രണ്ടു പേര്‍ക്കും സ്‌ഫോടനത്തില്‍ പരുക്കേറ്റു. കഫെയില്‍ വാഷ്റൂമിനു സമീപത്തു നിന്നായിരുന്നു പൊട്ടിത്തെറി ഉണ്ടായത്. കഫെയുടെ അടുക്കളയില്‍ ജോലി ചെയ്യുന്നവരാണ് പരുക്കേറ്റ ജീവനക്കാര്‍ .

സമൂഹ മാധ്യമങ്ങളില്‍ വൈറലായ കഫേയാണ് തമിഴ് ശൈലിയിലുള്ള ഭക്ഷണങ്ങള്‍ വിളമ്ബുന്ന രാമേശ്വരം കഫെ.എപ്പോഴും തിരക്കനുഭവപ്പെടുന്ന കഫെകളില്‍ ഒന്നാണിത്. ബെംഗളൂരുവിലെ പ്രധാന ഐടി കോറിഡോറുകളില്‍ ഒന്നാണ്കഫേ സ്ഥിതി ചെയ്യുന്നത്.

ഉപേക്ഷിക്കപ്പെട്ട ബാഗില്‍ നിന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് രാമേശ്വരന്‍ കഫെ ഉടമകള്‍ മാധ്യമങ്ങളോട് പറഞ്ഞു. കഫേയിലെ പാചക വാതക കണക്ഷന്‍ ഗെയിലിന്റേതാണ്. പാചക വാതക സിലിണ്ടറൊന്നും കഫെയില്‍ സൂക്ഷിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു .

കഫെയിലെ മുഴുവന്‍ നിരീക്ഷണ കാമറ ദൃശ്യങ്ങളും ഉടമകള്‍ പോലീസിന് നല്‍കി. സ്ഫോടനത്തിന് മുന്‍പ് നടന്ന സംഭവങ്ങളെല്ലാം ഇതില്‍ നിന്നും വിശകലനം ചെയ്യുകയാണ് പോലീസ്. കഫെക്ക് നേരെ പ്രതികാര ബുദ്ധിയോടെ നീങ്ങുകയായിരുന്നോ എന്ന സംശയം പോലീസിനുണ്ട്.

അതേസമയം, സ്ഫോടനമുണ്ടായ സ്ഥലം ബോംബ് സ്‌ക്വാഡ് പരിശോധിച് സാമ്ബിളുകള്‍ ശേഖരിച്ചു മടങ്ങി. എന്‍ ഐ എ സംഘം സംഭവസ്ഥലത്ത് എത്തും. സ്‌ഫോടനത്തില്‍ പരിക്കേറ്റവരില്‍ നിന്നും പോലീസ് മൊഴി എടുത്തു. നാലു പേരാണ് ഗുരുതരപരിക്കുകളോടെ ബ്രൂക്ക് ഫീല്‍ഡിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്.