മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബി.ജെ.പിയുടെ വന്‍ മുന്നേറ്റം: തെലങ്കാനയില്‍ കോണ്‍ഗ്രസ്

മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബി.ജെ.പിയുടെ വന്‍ മുന്നേറ്റം: തെലങ്കാനയില്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലിടത്ത് വോട്ടെണ്ണല്‍  പുരോഗമിക്കുമ്പോള്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും അധികാരം ഉറപ്പിച്ച് ബി.ജെ.പി . തെലങ്കാനയില്‍ കോണ്‍ഗ്രസ് കേവലഭൂരിപക്ഷം ഉറപ്പാക്കി.

 മധ്യപ്രദേശില്‍ വന്‍ മുന്നേറ്റമാണ് ബി ജെ പി നടത്തിയത്. ബി.ജെ.പി ഭരണം ഉറപ്പാക്കിയതോടെ പ്രവര്‍ത്തകര്‍ വലിയ ആഘോഷമാണ് നടത്തുന്നത്.  കമല്‍നാഥിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസിന് മദ്ധ്യപ്രദേശില്‍ കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ഇതോടൊപ്പം രാജസ്ഥാനും ഛത്തീസ്ഗഡും പിടിച്ചെടുത്തതോടെ ബിജെപിയുടെ ആത്മവിശ്വാസം ചില്ലറയൊന്നുമല്ല ഉയര്‍ന്നത്. മദ്ധ്യപ്രദേശില്‍ 155 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 72 സീറ്റുകളില്‍ മാത്രം ഒതുങ്ങി.

രാജസ്ഥാനില്‍ തുടര്‍ഭരണം പ്രതീക്ഷിച്ച കോണ്‍ഗ്രസ് വോട്ടെണ്ണുമ്ബോള്‍ ആകെ വിയര്‍ക്കുന്ന അവസ്ഥയാണുള്ളത്. 114 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുമ്ബോള്‍ കോണ്‍ഗ്രസ് 70 സീറ്റില്‍ ഒതുങ്ങി. സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന 'അടി' തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്നാണ് കരുതുന്നത്.

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ദയനീയ പരാജയത്തിലേക്ക്്. കോണ്‍ഗ്രസിന്റെ പ്രമുഖ മന്ത്രിമാരില്‍ പത്ത് പേര്‍ പിന്നിലാണ്. ബിജെപി 53 സീറ്റിലും കോണ്‍ഗ്രസ് 35 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ഏകദേശം ഭൂരിപക്ഷം ഉറപ്പാക്കിയിരിക്കുകയാണ് ബിജെപി

മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി അധികാരം ഉറപ്പിച്ചതോടെ പാര്‍ട്ടി ആസ്ഥാനങ്ങളില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി.

2014ല്‍ വിഭജിക്കപ്പെട്ടതിന് ശേഷം ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനമായ തെലങ്കാന ഭരിക്കുന്ന ഭാരത് രാഷ്ട്ര സമിതിയെ (ബിആര്‍എസ്) അട്ടിമറിച്ച് കോണ്‍ഗ്രസ് തെലങ്കാനയില്‍ അധികാരത്തിലെത്താനൊരുങ്ങുകയാണ്. ആകെയുള്ള 119 സീറ്റില്‍ ഏറ്റവും ഒടുവിലത്തെ ഫലസൂചന പ്രകാരം കോണ്‍ഗ്രസ് 69 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുകയാണ്.ബിആര്‍എസ് 39 സീറ്റുകളിലും മറ്റുള്ളവര്‍ 12 സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നുണ്ട്.