ഗത്സമനേ... നീ തേങ്ങിയോ : കവിത, ചെറിയാൻ ടി കീക്കാട്

ഗത്സമനേ... നീ തേങ്ങിയോ : കവിത,  ചെറിയാൻ ടി കീക്കാട്
ഗത്സമനേ ....,ഗത്സമനേ... നീ തേങ്ങിയോ
നിൻ ഗുരുവിൻ കണ്ണീർ തടങ്ങളിൽ നിന്ന്
നീർതുള്ളികൾ സങ്കടപ്പെരുമഴയായി
ഹോസന്ന വഴിയിലൂടൊഴുകി കാൽവറിയിലെ ദുഃഖസാഗരത്തിൽ ചേർന്നുവോ.
               മറിയമേ .....മഗ്ദല മറിയമേ 
നിൻ വെൺകൽ ഭരണിയിലെ
പരിമളതൈലം തീർന്നുവോ
തകരും മനം ചൊരിയുമെൻ കണ്ണീരിൽ
പ്രീയനെ നിൻ പാദം ഞാൻ കഴുകിടാം
എൻ പാപക്കറകളൊഴുകി യോർദ്ദാനിൽ
ചേരട്ടെ.....
              യൂദാ ..... ഇസ്ക്കര്യോത്ത യൂദാ .... വഞ്ചനയുടെ വെള്ളിക്കാശുമായി
അവസാന അത്താഴത്തിൽ പ്രീയന്നോടുകൂടെ കൈ താലത്തിൽ മുക്കിയവൻ നീ
ഒരു ചുംബനത്തിൻ വിലയോ
മുപ്പതു വെള്ളിക്കാശ് ....
പ്രപഞ്ച സ്നേഹത്തിനു വിലപേശിയോനെ
ഒരു ചാൺ കയറിൽ, വഞ്ചക നിൻ ദുർമ്മോഹങ്ങൾ തൂങ്ങിയാടുന്നു.
ഒലിവുമലകളെ ഉണർന്നിരിപ്പിൻ
പരീക്ഷകൻ നിൻ അരികിലുണ്ട്
ഈ രാവിൽ ഇടയനിടറും 
കുഞ്ഞാടുകൾ ചിതറും
മനുഷ്യപുത്രൻ പിടിക്കപ്പെടും.
"ഇതാ ....ഇതാ...എൻ്റെ ശരീരം 
ഇതു നിങ്ങൾ ഭക്ഷിപ്പിൻ
എൻ്റെ രക്തം 
ദാഹം ശമിക്കുവോളം പാനം ചെയ്യുവീൻ 
പാപമോചനത്തിനായി ചൊരിയുന്ന പുതിയനിയമത്തിനുള്ള എന്റെ രക്തം "
അൾത്താരകളിൽ ഉയരുന്ന ശബ്ദം
സ്നേഹത്തിൻ ദിവ്യബലിയിതൻ
സ്മരണകളുണർത്തും സാന്ത്വന സംഗീതം.

(ദൈവമേ !

അപരന്റെ പാദക്ഷാളനം ചെയ്യുവാനുള്ള ആദ്രത എന്നിൽ നിറയ്ക്കേണമെ.)