ഓണത്തിന് മലയാളി കുടിച്ചത് 771.29 കോടി രൂപയുടെ മദ്യം

Aug 27, 2026 - 11:35
 0  6
ഓണത്തിന് മലയാളി കുടിച്ചത് 771.29 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപനയിൽ വൻ വർധനവ്. ഉത്രാടം വരെയുള്ള എട്ട് ദിവസത്തിനിടെ 771.29 കോടി രൂപയുടെ മദ്യമാണ് ബെവ്കോയും കൺസ്യൂമർഫെഡും വഴി വിറ്റഴിച്ചത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കൂടുതലാണിത്. അതേസമയം ഉത്രാടദിനത്തിലെ മദ്യവിൽപനയിൽ കുറവ് രേഖപ്പെടുത്തി.

ഈ വർഷം എട്ട് ദിവസത്തിനിടെ 771.29 കോടി രൂപയുടെ മദ്യ വിൽപനയാണ് നടന്നത്. എന്നാൽ കഴിഞ്ഞ വർഷം ഇതേ എട്ട് ദിവസങ്ങളിൽ 694.96 കോടി രൂപയുടെ മദ്യവിൽപനമാത്രമായിരുന്നു ഉണ്ടായിരുന്നത്. 76.33 കോടി രൂപയുടെ അധിക മദ്യ വില്പനയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്.

ഉത്രാട ദിനത്തിൽ ബിവറേജസ് കോര്‍പ്പറേഷനുകള്‍ വഴിയുള്ള മദ്യ വില്പന കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവായിരുന്നു. ഉത്രാട ദിനം വിറ്റഴിച്ചത് 126.31 കോടിയുടെ മദ്യമാണ്. മുന്‍ വര്‍ഷം 137.64 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. കൺസ്യൂമർഫെഡിൻ്റെ ഉടമസ്ഥതയിലുള്ള ഔട്ട്ലെറ്റുകൾ വഴി മാത്രം ഉത്രാടത്തിന് 20 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കണ്‍സ്യൂമര്‍ഫെഡിൻ്റെ 49 മദ്യവില്‍പനശാലകളിലൂടെ വിറ്റഴിച്ച മദ്യത്തിൻ്റെ വരുമാന കണക്കാണിത്.

ഓണം സീസണിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ മാത്രം 279.12 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 28.16 കോടി രൂപയുടെ അധിക വിൽപനയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഓണക്കാലത്ത് ആദ്യ മൂന്ന് ദിവസത്തെ മദ്യവിൽപന 250.96 കോടി രൂപയായിരുന്നു. കണ്‍സ്യൂമര്‍ഫെഡിൻ്റെ 49 മദ്യവില്‍പനശാലകളിലൂടെ വിറ്റഴിച്ച മദ്യത്തിൻ്റെ വരുമാന കണക്കാണിത്