പത്മജയ്ക്ക് പിന്നാലെ ബിജെപി വിടുന്നുവെന്ന് പത്മിനി തോമസും, തിരികെ കോൺഗ്രസിലേക്ക്
പത്മജ വേണുഗോപാലിന് പിന്നാലെ മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ പത്മിനി തോമസും ബിജെപി വിടുന്നു. ബിജെപിയില്‍ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ചാണ് പാര്‍ട്ടി വിടാനുളള തീരുമാനം. നിലവില്‍ ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ടാണ് അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയായ പത്മിനി തോമസ്.
ബിജെപിയില്‍ നിന്ന് രാജി വെച്ച ശേഷം തിരികെ കോണ്‍ഗ്രസിലേക്ക് പത്മിനി തോമസ് മടങ്ങിയേക്കും. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫുമായി വരും ദിവസങ്ങളില്‍ പത്മിനി തോമസ് കൂടിക്കാഴ്ച നടത്തിയേക്കും. നിയമസഭാ തിരഞ്ഞെടുപ്പ് സീറ്റ് നല്‍കാം എന്നാണ് ബിജെപിയിലേക്ക് വരുമ്പോള്‍ വാഗ്ദാനം ചെയ്തിരുന്നത് എന്നും എന്നാല്‍ സീറ്റ് നല്‍കിയില്ലെന്നും പത്മിനി തോമസ് പറയുന്നു.
പ്രസിഡണ്ടിനോട് അടക്കം പലതവണ പരാതി പറഞ്ഞിട്ടും പരിഹാരം ഉണ്ടായില്ല. പത്മജയുടെ രാജിയുമായി തന്റെ തീരുമാനത്തിന് ബന്ധമില്ല. കുറേ നാളുകളായി രാജി വെക്കാനുളള ആലോചനയില്‍ ആയിരുന്നു. പരിപാടികളിലൊന്നും പങ്കെടുക്കുന്നുണ്ടായിരുന്നില്ല. ഇപ്പോഴൊരു സാഹചര്യം വന്നപ്പോള്‍ തീരുമാനിച്ചു. ആരേയും കുറ്റം പറയാനില്ല.
തിരികെ കോണ്‍ഗ്രസിലേക്ക് പോകാനാണ് തീരുമാനം. ചൊവ്വാഴ്ച കാണാന്‍ കെപിസിസി പ്രസിഡണ്ട് പറഞ്ഞിട്ടുണ്ട്. ചില മാനസിക പ്രയാസങ്ങള്‍ ഉണ്ടായപ്പോഴാണ് കോണ്‍ഗ്രസ് വിട്ടത്. ഇപ്പോള്‍ കുടുംബത്തിലേക്ക് മടങ്ങി വരുന്നത് പോലെയാണ്. ഒരു തെറ്റ് പറ്റിയത് തിരുത്തുമ്പോള്‍ അതിനെ പിന്തുണയ്ക്കണം.
പ്രധാനമന്ത്രിക്ക് കായികരംഗത്തോടുളള താല്‍പര്യം കണ്ടിട്ടാണ് ബിജെപിയില്‍ ചേര്‍ന്നത്. പക്ഷേ കേരളത്തില്‍ ആയാലും കേന്ദ്രത്തില്‍ ആയാലും സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് ഒന്നും ചെയ്യാന്‍ ബിജെപിയില്‍ അവസരം ലഭിച്ചില്ല. രണ്ടര വര്‍ഷത്തോളമായി ബിജെപിയില്‍ പോയിട്ട്. ജീവിതത്തില്‍ കുറച്ച് സമയമേ ഉളളൂ. സ്‌പോര്‍ട്‌സില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുളള ആളാണ്. പക്ഷേ ബിജെപിയില്‍ ചെന്നിട്ട് അതിനൊന്നും സാധിച്ചില്ലെന്നും പത്മിനി തോമസ് പറഞ്ഞു