കുവൈറ്റില്‍ പ്രവാസികള്‍ക്കുള്ള കുടുംബ വിസ പുനരാംഭിച്ചു

കുവൈറ്റില്‍ പ്രവാസികള്‍ക്കുള്ള കുടുംബ വിസ പുനരാംഭിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികള്‍ക്ക് ദീർഘകാലമായി നിർത്തിവെച്ച കുടുംബവിസ പുനരാരംഭിക്കുന്നു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര വകുപ്പ് ആക്ടിംഗ് മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അപേക്ഷകർക്ക് കുറഞ്ഞ ശമ്ബളനിരക്ക് 800 ദിനാറും യൂനീവേഴ്‌സിറ്റി ബിരുദവും നിർബന്ധമാണ്. പുതിയ നിയന്ത്രണങ്ങളും വ്യവസ്ഥകളും അനുസരിച്ച്‌ കുടുംബങ്ങള്‍ക്കായി വിസ എൻറോള്‍മെന്റ് തുറക്കുന്നതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നേരത്തെ കുവൈത്തില്‍ സ്ഥിര താമസക്കാരായ വിദേശികള്‍ക്ക് ഫാമിലി വിസ ലഭിക്കാന്‍ 450 ദിനാരായിരുന്നു കുറഞ്ഞ ശമ്ബളനിരക്ക്. പുതിയ നിര്‍ദ്ദേശ പ്രകാരം അപേക്ഷകരുടെ കുറഞ്ഞ ശമ്ബളനിരക്ക് 800 ദിനാര്‍ ആയി ഉയർത്തി.

2022 ജൂണിലാണ് കുവൈത്തില്‍ കുടുംബ വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ചത്. സന്ദർശന വിസയും നിലച്ചതോടെ കുടുംബത്തെ കൂടെ കൂട്ടാനാകാത്ത സഥിയിലായിരുന്നു പ്രവാസികള്‍. പഴയ വിസ ഉള്ളവർ മാത്രമാണ് നിലവില്‍ കുടുംബത്തോടൊപ്പം കഴിയുന്നത്. പുതിയ വിസ ലഭിക്കാത്തതിനാല്‍ മലയാളികള്‍ അടക്കം നിരവധി കുടുംബങ്ങള്‍ പ്രയാസത്തിലായിരുന്നു. നിലവില്‍ തൊഴില്‍ വിസയും, കൊമേഴ്ഷ്യല്‍ സന്ദർശന വിസയും മാത്രമേ കുവൈത്തില്‍ അനുവദിച്ചിരുന്നുള്ളു.