കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രം
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിലൊന്നായ കെഎസ്ആർടിസി ബസുകളിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര ആദ്യ ഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രം. ആദ്യത്തെ 100 ദിവസം പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കും. പിന്നീട് മറ്റ് ബസുകളിലേക്കും നടപ്പാക്കാനാണ് മുഖ്യമന്ത്രി വി.ഡി.സതീശനും ഗതാഗത മന്ത്രി സി.പി.ജോണും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായത്.
ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഉയർന്ന കാറ്റഗറി ബസുകളിലും റിസർവേഷൻ സംവിധാനമുള്ള സർവീസുകളിലും ഈ ആനുകൂല്യം ഉടൻ ലഭിക്കില്ല. ഉയർന്ന സർവീസുകളിൽ പദ്ധതി നടപ്പാക്കുന്നത് വലിയ സാങ്കേതിക ബുദ്ധിമുട്ടുകൾക്കും വരുമാന നഷ്ടത്തിനും കാരണമാകുമെന്ന് കെഎസ്ആർടിസി വിദഗ്ധ സമിതിയുടെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് ആദ്യ ഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര പരിമിതപ്പെടുത്താനും, ഈ ഘട്ടത്തിലെ യാത്രാ രീതി പഠിച്ച ശേഷം, രണ്ടാം ഘട്ടത്തിൽ മറ്റ് ബസുകളിലേക്ക് കൂടി ആനുകൂല്യം വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കാനും തീരുമാനമായത്.