കവിതയിലെ കാല്പനിക സൗന്ദര്യത്തിന്റെ ഓര്‍മകളിൽ പ്രണാമം;ജോയിഷ് ജോസ്

കവിതയിലെ കാല്പനിക സൗന്ദര്യത്തിന്റെ  ഓര്‍മകളിൽ  പ്രണാമം;ജോയിഷ്  ജോസ്

"ആരൊരാളെൻ കുതിരയെ കെട്ടുവാൻ

ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ?

ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ‌‌-

മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ!

വിശ്വസംസ്കാരവേദിയിൽ പുത്തനാ-

മശ്വമേധം നടത്തുകയാണു ഞാൻ!

നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പായു-

മെൻ കുതിരയെ, ചെമ്പൻ കുതിരയെ?"....

കാവ്യകല്പനയുടെ മാന്ത്രികത്തേരിലേറ്റി മലയാളികളെ ഗാനവിഹായസ്സിലൂടെ വിസ്മയക്കാഴ്ചകള്‍ കാണിച്ച വയലാര്‍ രാമവര്‍മ്മ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് ഇന്ന് നാല്പത്തിയഞ്ച്  വര്‍ഷം പൂര്‍ത്തിയാവുന്നു.. അനശ്വരഗാനങ്ങളിലൂടെ അന്നും ഇന്നും എന്നും മലയാളിയുടെ മനസ്സില്‍ ജ്വലിച്ചുനില്‍ക്കുന്ന ആ മഹാപ്രതിഭയുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമം..

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ വയലാർ ഗ്രാമത്തിൽ വെള്ളാരപ്പള്ളി കേരളവർമ്മയുടെയും വയലാർ രാഘവപ്പറമ്പിൽ അംബാലിക തമ്പുരാട്ടിയുടെയും മകനായി1928 മാർച്ച് മാസം 25-നാണു രാമവർമയുടെ  ജനനം. അദ്ദേഹത്തിന് മൂന്നര വയസ്സുള്ളപ്പോൾ അച്ഛൻ കേരളവർമ അന്തരിച്ചു. ഈ സംഭവത്തിന്റെ പേരിലാണ് അദ്ദേഹം 'ആത്മാവിൽ ഒരു ചിത' എന്ന കവിതയെഴുതിയത്.

ചേർത്തല ഹൈസ്കൂളിൽ ഔപചാരിക വിദ്യാഭ്യാസം നടത്തി. അമ്മയുടെയും അമ്മാവന്റെയും മേൽനോട്ടത്തിൽ ഗുരുകുല രീതിയിൽ സംസ്കൃത പഠനവും അഭ്യസിച്ചു.

വാചാലമായ കവിതകളുടെ കവിയായിരുന്നു വയലാര്‍. പാദമുദ്രകള്‍ എന്ന ആദ്യകവിതാസമാഹാരത്തില്‍ ഗാന്ധിസത്തിന്റെ സ്വാധീനം തെളിഞ്ഞുകാണാമെങ്കിലും പിന്നീട് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ ആവിഷ്കര്‍ത്താവായി അദ്ദേഹം മാറി. ഈ മാറ്റം പിന്നീടുവന്ന എല്ലാ കാവ്യ സമാഹാരങ്ങളിലും പ്രകടമാണ്.

ഇസങ്ങളില്‍ അഭിരമിക്കുമ്പോഴും ആര്‍ഷസംസ്കാരത്തിന്റെ സമൃദ്ധിയില്‍ അഭിമാനിക്കുന്ന കവിയെയാണ് നാം എല്ലായിടത്തും കാണുന്നത്. ബിംബകല്പനകളിലാണ് വയലാറിന്റെ ഈ പൗരാണികാഭിമുഖ്യം തിളങ്ങിനില്‍ക്കുന്നത്. വാളിനേക്കാള്‍ ശക്തമായ സമരായുധമാണ് കവിത എന്ന തിരിച്ചറിവ് അദ്ദേഹത്തില്‍ ആദ്യന്തം പ്രകാശിച്ചു നില്‍ക്കുന്നു. 

1950 -1961 കാലഘട്ടത്തില്‍ കൊന്തയും പൂണൂലും, നാടിന്റെ നാദം, എനിക്കു മരണമില്ല, മുളങ്കാട്, ഒരു ജൂഡാസ് ജനിക്കുന്നു, എന്റെ മാറ്റൊലിക്കവിതകള്‍, സര്‍ഗ്ഗസംഗീതം, എന്നീ കാവ്യസമാഹാരങ്ങളും ആയിഷ എന്ന ഖണ്ഡകാവ്യവും അദ്ദേഹം രചിച്ചു. രക്തം കലര്‍ന്ന മണ്ണ്, വെട്ടും തിരുത്തും എന്നിവ വയലാറിന്റെ കഥാസമാഹാരങ്ങളാണ്. പുരുഷാന്തരങ്ങളിലൂടെ എന്ന യാത്രവിവരണഗ്രന്ഥവും ശ്രദ്ധേയമാണ്.

 വയലാറിനെ അനശ്വരനാക്കുന്നത് അദ്ദേഹത്തിന്റെ സിനിമാ- നാടകഗാനങ്ങളാണ്.കല്പനയുടെ ഔചിത്യം, ചാരുത, പ്രമേയവുമായി ആ ഗാനങ്ങള്‍ക്ക് ഇഴുകിച്ചേരാന്‍ സാധിച്ചു എന്ന സത്യം ഗാനങ്ങളുടെ വിജയത്തിന് കാരണമായ ചില ഘടകങ്ങളാണ്.

കവിതയിലെ കാല്പനിക സൗന്ദര്യത്തിന്റെ അമൃതവര്‍ഷമായിരുന്നു ആ ഗാനപ്രപഞ്ചം.1975 ഒക്ടോബർ 27-നു പുലർച്ചെ നാലുമണിയ്ക്ക് തന്റെ നാൽപ്പത്തിയേഴാമത്തെ വയസ്സിൽ വയലാർ അന്തരിച്ചു.തന്റെ പ്രശസ്തിയുടെ നെറുകയിൽ നിൽക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ അകാലമരണം.

ജോയിഷ്  ജോസ്