ഫോബ്‌സിന്‍റെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കമല ഹാരിസും ബേല ബജാരിയയും

ഫോബ്‌സിന്‍റെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍   കമല ഹാരിസും ബേല ബജാരിയയും
ന്യൂയോര്‍ക്ക്: ലോകത്തെ കരുത്തുറ്റ 100 വനിതകളുടെ ഫോബ്സ് പട്ടികയില്‍ ഇടംപിടിച്ച്‌ യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസും നെറ്റ്ഫ്ലിക്‌സിന്‍റെ ചീഫ് കണ്ടന്‍റ് ഓഫീസര്‍ ബേല ബജാരിയയും.
അമേരിക്കയില്‍ നിന്നുള്ള ഇന്ത്യൻ വംശജരാണ് ഇരുവരും.

പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് കമല ഹാരിസ്. കഴിഞ്ഞ വര്‍ഷവും ഇവര്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്നു. രാഷ്ട്രീയ ഭരണരംഗങ്ങളിലെ മികവാണ് കമല ഹാരിസിന് ഈ നേട്ടം സ്വന്തമാക്കാൻ സഹായകരമായത്.

അമേരിക്കൻ വൈസ് പ്രസിഡന്‍റ് പദവിയിലെത്തുന്ന ആദ്യ വനിതയായ കമല ഹാരിസ് 2016ല്‍ യുഎസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ അമേരിക്കൻ വനിതയായും 2010ല്‍ കലിഫോര്‍ണിയയുടെ അറ്റോര്‍ണി ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മാധ്യമ, വിനോദ വിഭാഗങ്ങളിലെ മികവിനാണ് നെറ്റ്ഫ്ലിക്സിന്‍റെ ചീഫ് കണ്ടന്‍റ് ഓഫീസറായ ബേല ബജാരിയ പട്ടികയില്‍ 67-ാം സ്ഥാനത്താണ്. ബേല ജനിച്ചത് ലണ്ടനിലാണ്.