ഇറാനിലെ ഭീകരാക്രമണം: തങ്ങള്‍ക്കോ ഇസ്രായേലിനോ പങ്കില്ലന്ന് അമേരിക്ക

ഇറാനിലെ ഭീകരാക്രമണം: തങ്ങള്‍ക്കോ  ഇസ്രായേലിനോ പങ്കില്ലന്ന്  അമേരിക്ക

വാഷിംങ്ടണ്‍: ഇറാനിലെ ഭീകരാക്രമണത്തിന് പിന്നില്‍ തങ്ങള്‍ക്കോ സഖ്യകക്ഷിയായ ഇസ്രായേലിനോ പങ്കില്ലെന്ന് യു.എസ്. ഈ സ്‌ഫോടനത്തില്‍ യു.എസിന് ഒരു തരത്തിലും പങ്കില്ല. മറിച്ചുള്ള ആരോപണങ്ങള്‍ പരിഹാസ്യമാണ്. ഇസ്രായേലിന് പങ്കുണ്ടെന്ന് വിശ്വസിക്കാന്‍ ഞങ്ങള്‍ക്ക് മുന്നില്‍ തെളിവുകളില്ലെന്നും യു.എസ് ആഭ്യന്തര വക്താവ് മാത്യു മില്ലര്‍ വ്യക്തമാക്കി.

സ്ഫോടനത്തിന് പിന്നില്‍ ഇസ്രയേലാണെന്ന സൂചനയൊന്നും അമേരിക്കക്ക് ലഭിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബിയും പറഞ്ഞു. ഭീകരാക്രമണത്തില്‍ കൊലപ്പെട്ട ഇരകളോടും അവരുടെ പ്രിയപ്പെട്ടവരോടും സഹതാപം പ്രകടിപ്പിക്കുന്നതായും മാത്യു മില്ലര്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെയുണ്ടായ ആക്രമണത്തില്‍ മരണസംഖ്യ നൂറ് കടന്നു.

നാല് വര്‍ഷം മുമ്ബ് യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയ ഇറാന്‍ സൈനിക തലവന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ രക്തസാക്ഷിത്വ വാര്‍ഷിക ചടങ്ങിനിടെയായിരുന്നു ഭീകരാക്രമണമുണ്ടായത്. അദ്ദേഹത്തിന്റെ ഖബറിടത്തിന് സമീപമുണ്ടായ ഇരട്ട സ്ഫോടനങ്ങളില്‍ 95 പേര്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ ആരോഗ്യ മന്ത്രി ഡോ. ബഹ്റാം അയ്‌നുല്ല പറഞ്ഞു. നേരത്തെ 103 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. 200ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്.