ഇറാനെ തടയാൻ ശ്രമിച്ചാൽ ആക്രമിക്കും; അമേരിക്കയ്ക്കും ബ്രിട്ടനും ഫ്രാൻസിനും ഇറാൻ്റെ മുന്നറിയിപ്പ്

Jun 14, 2025 - 19:54
 0  10
ഇറാനെ തടയാൻ ശ്രമിച്ചാൽ ആക്രമിക്കും; അമേരിക്കയ്ക്കും ബ്രിട്ടനും ഫ്രാൻസിനും ഇറാൻ്റെ മുന്നറിയിപ്പ്

സ്രയേലിനെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയാന്‍ ഏത് രാജ്യം ഇടപെട്ടാലും മേഖലയിലെ അവരുടെ മുഴുവന്‍ താവളങ്ങളും കപ്പലുകളും ലക്ഷ്യമിടുമെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍. അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇസ്രയേല്‍ ഇറാനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 20 കുട്ടികള്‍ ഉള്‍പ്പെടെ കുറഞ്ഞത് 60 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇറാന്റെ പ്രധാന സൈനിക ഉദ്യോഗസ്ഥരും ഈ ആക്രമണ പരമ്പരയില്‍ കൊല്ലപ്പെടുകയുണ്ടായി.

ഇറാന്റെ സായുധ സേന ജനറല്‍ സ്റ്റാഫിലെ രണ്ട് ഡെപ്യൂട്ടി കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെയാണ് ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സായുധ സേനയുടെ ജനറല്‍ സ്റ്റാഫിന്റെ ഇന്റലിജന്‍സ് ഡെപ്യൂട്ടി ജനറല്‍ ഘോലംറെസ മെഹ്റാബിയും ഓപ്പറേഷന്‍സ് ഡെപ്യൂട്ടി ജനറല്‍ മെഹ്ദി റബ്ബാനിയുമാണ് ഇറാന്‍ ഏറ്റവും ഒടുവില്‍ പുറത്ത് വിട്ട കൊല്ലപ്പെട്ടവരുടെ ലിസ്റ്റിലുളളത്.

ഇറാന്റെ ഫോര്‍ഡോ ആണവ കേന്ദ്രത്തിന് ‘പരിമിതമായ നാശനഷ്ടങ്ങള്‍’ സംഭവിച്ചതായും ഇറാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ ആണവോര്‍ജ്ജ സംഘടനയുടെ വക്താവിനെ ഉദ്ധരിച്ച് സ്റ്റേറ്റ് മീഡിയ ഏജന്‍സിയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.