പ്രധാനമന്ത്രിയുടെ പരിപാടിക്കായി ചില്ലകള്‍ മുറിച്ചു; വിശദീകരണം തേടി ഹൈക്കോടതി

പ്രധാനമന്ത്രിയുടെ പരിപാടിക്കായി ചില്ലകള്‍ മുറിച്ചു; വിശദീകരണം തേടി ഹൈക്കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിക്ക് വേണ്ടി തേക്കിന്‍കാട് മൈതാനത്ത് ആല്‍മരത്തിന്‌റെ ചില്ലകള്‍ മുറിച്ച സംഭവത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‌റെ വിശദീകരണം തേടി ഹൈക്കോടതി.

തേക്കിന്‍കാട് മൈതാനിയുമായി ബന്ധപ്പെട്ട മറ്റൊരു ഹര്‍ജി പരിഗണിക്കവേ ആല്‍മരത്തിന്‌റെ ചില്ല മുറിച്ച സംഭവം കോടതി ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‌റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ചില്ല മുറിച്ചതിന്റെ ദൃശ്യങ്ങളും അഭിഭാഷകന് കൈമാറി.

തുടര്‍ന്നാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ദേവസ്വത്തിന്‌റെ വിശദീകരണം തേടിയത്. പരിപാടിക്ക് സൗകര്യം ഒരുക്കാനാണ് സംഘാടകര്‍ മരച്ചില്ല വെട്ടി മാറ്റിയത്. എന്നാല്‍, സുരക്ഷയുടെ ഭാഗമായാണ് നടപടിയെന്നായിരുന്നു വിശദീകരണം. പരിപാടിക്ക് തൊട്ടടുത്ത ദിവസങ്ങളില്‍ മരച്ചില്ല മുറിച്ച ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

ജനുവരി മൂന്നിനാണ് പ്രധാനമന്ത്രി തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ജനസാഗരത്തിന് നടുവില്‍ ബിജെപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്.