ഗുരു-ദക്ഷിണ...: സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

ഗുരു-ദക്ഷിണ...:  സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

സ്വാർത്ഥതയുടെ അകംപൊരുളിൽ

അറിയാതെ പറഞ്ഞുപോയ

വിടുവായിത്തം... 

വില്ലാളിവീരൻ അർജ്ജുനനത്രേ...

അഹംഭാവത്തിന്റെ ആത്മാംശമോ 

കുടിലതന്ത്രത്തിന്റെ കൗശലമോ? 

ദ്രോണരെന്ന മഹാഗുരുവിന്റെ

മനസ്സിനെ മഥിച്ചത്.. 

ഗുരുവെന്ന

വാക്കിനർഹനല്ലായിരുന്നിട്ടും 

നിഷാദബാലൻ 

ഏകലവ്യനോട്‌ ദക്ഷിണ ചോദിച്ചു വാങ്ങിയത് 

നിയതിയുടെ ഏതു സംഹിതാധർമ്മം.. 

അതുമവന്റെ കൈയിലേ പെരുവിരൽ... 

കഷ്ടം.... 

 

ഹസ്തിനപുരിയിൽ 

അറിവുനേടുവാനെത്തിയ നിഷാദ ബാലൻ... 

അധിക്ഷേപത്തിന്റെ കൂരമ്പുകൾ 

നെഞ്ചിലേറ്റു പിൻവാങ്ങുമ്പോൾ

മഹാഗുരുവിൻ പാദസ്പർശമേറ്റ

ഒരുപിടി മണ്ണ് കയ്യിലെടുത്തവനെ 

കളിയാക്കിയതൊ  ശിഷ്യർ... 

 

കാലം കരുതിവെച്ച കരുനീക്കത്തിൽ 

ഇന്നീ വനത്തിൽ 

സ്വയാർജിതമായ് നേടിയെടുത്ത വിദ്യയാലെ 

വിജയംനേടി നിൽക്കുന്നു 

പണ്ടത്തെ നിഷാദ ബാലൻ...

ഏകലവ്യൻ...

 

ആക്ഷേപങ്ങൾ കേട്ടിട്ടും ഗുരുവായ്

ഹൃദയത്തിൽ ചേർത്തുവച്ചവനെക്കാൾ

മഹത്വം മറ്റാർക്ക്..?

അനുഗ്രഹിച്ചാശിർവാദം

ചെയ്യേണ്ടയാൾ.. 

കഷ്ടം... 

ലോകമേ നിന്റെ ഗതിയിന്നും

മാറ്റമില്ലാതെ...

വിധിയെ പഴിക്കുന്ന ചതിക്കുഴിയിലൂടെ 

സ്വാർത്ഥതയുടെ ബലിത്തറയിൽ

ഏകലവ്യന്മാർ ഇനിയും.. 

പെരുവിരൽ നഷ്ടപ്പെട്ട്.. 

അഹന്തയുടെ കോമരങ്ങൾക്ക്

ബലിയാടായി... 

കഷ്ടം...