കാലിക്കറ്റ്, സംസ്‌കൃത സര്‍വ്വകലാശാല വിസിമാരെ ഗവര്‍ണര്‍ പുറത്താക്കി

കാലിക്കറ്റ്, സംസ്‌കൃത സര്‍വ്വകലാശാല വിസിമാരെ ഗവര്‍ണര്‍ പുറത്താക്കി

തിരുവനന്തപുരം: കാലിക്കറ്റ്, സംസ്‌കൃത സർവ്വകലാശാല വിസിമാരെ ഗവർണർ പുറത്താക്കി. രണ്ടു വി സിമാരെ മാറ്റാനുള്ള ഉത്തരവ് ഗവർണർ പുറപ്പെടുവിച്ചു.

ഇരുവർക്കും സ്ഥാനം ഒഴിയാൻ 10 ദിവസത്തെ സാവകാശം നല്‍കും.ഇരുവരുടെയും നിയമനത്തില്‍ അപാകത ഉണ്ടെന്നാണ് ഗവർണർ കണ്ടെത്തിയിരിക്കുന്നത്. ഹൈക്കോടതി നിർദേശം അനുസരിച്ച്‌ 10 ദിവസം തീരുമാനത്തില്‍ അടിയന്തിര നടപടി ഉണ്ടാകില്ല. ഇതിനിടെ വിസിമാർക്ക് കോടതിയെ സമീപിക്കാം.

കലിക്കറ്റ്‌ വിസി ഡോ. എം കെ ജയരാജ്, സംസ്‌കൃത സർവ്വകലാശാല വിസി ഡോ. എം വി നാരായണൻ എന്നിവരെയാണ് പുറത്താക്കിയത്. ഡിജിറ്റല്‍, ഓപ്പണ്‍ സർവ്വകലാശാല വിസിമാരുടെ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. ഇരുവരുടെയും കാര്യത്തില്‍ യുജിസിയോട് ഗവർണർ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. നേരത്തെ വിസിമാരുമായി നടത്തിയ ഹിയറിങിനു ശേഷമായിരുന്നു ഗവർണറുടെ നടപടി. ഓപ്പണ്‍ സർവകലാശാല വിസി നേരത്തെ രാജിക്കത്ത് നല്‍കിയിരുന്നെങ്കിലും ഗവർണർ സ്വീകരിച്ചിട്ടില്ല.

നേരത്തെ കാലിക്കറ്റ്, സംസ്കൃത, ഓപ്പണ്‍, ഡിജിറ്റല്‍ സർവകശാല വിസിമാരുടെ ഹിയറിങ്ങ് കോടതി നിർദ്ദേശപ്രകാരം ഗവർണർ നടത്തിയിരുന്നു. വി സി നിയമനത്തില്‍ മാനദണ്ഡം പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഗവർണറുടെ നടപടി. വിസിയെ നിയമിക്കാനായി പാനലിനു പകരം ഒരാളുടെ പേര് മാത്രം സമർപ്പിച്ചതും വി സിമാരെ നിയമിക്കാനുള്ള സേർച്ച്‌ കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറിയെ ഉള്‍പ്പെടുത്തിയതും അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് വി സിമാരെ അയോഗ്യരാക്കാനുള്ള നീക്കം ഗവർണർ ആരംഭിച്ചത്

ഹിയറിങ്ങിന് ശേഷവും നാലു വിസിമാരും അയോഗ്യരാണെന്ന നിലപാടാണ് ഗവർണർ സ്വീകരിച്ചത്. ചട്ടങ്ങള്‍ വളച്ചൊടിച്ച്‌ നിയമിക്കപ്പെട്ട വിസിമാർ അയോഗ്യരാണെന്ന നിലപാട് യുജിസിയും സ്വീകരിച്ചു.