ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാട്ടി എസ്എഫ്‌ഐ ; കാറില്‍നിന്നു റോഡിലിറങ്ങി ക്ഷുഭിതനായി ഗവര്‍ണര്‍

ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാട്ടി എസ്എഫ്‌ഐ ; കാറില്‍നിന്നു റോഡിലിറങ്ങി ക്ഷുഭിതനായി ഗവര്‍ണര്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ പരിപാടിക്കെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം. വഴുതക്കാട് സ്വകാര്യഹോട്ടലില്‍ പരിപാടിയ്‌ക്കെത്തിയപ്പോഴും മടങ്ങിയപ്പോഴും പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. ഗവര്‍ണറുടെ കാറിനു സമീപത്തേയ്ക്ക് പ്രതിഷേധക്കാര്‍ ഓടിയടുക്കുകയായിരുന്നു.


ഇതോടെ കാര്‍ റോഡില്‍നിറുത്തി പുറത്തിറങ്ങി ഗവര്‍ണര്‍ ക്ഷുഭിതനായി. സംസ്ഥാനത്ത് ഗുണ്ടാരാജാണെന്നും തനിക്കെതിരെ പ്രതിഷേധക്കാരെ നിയോഗിച്ചത് മുഖ്യമന്ത്രിയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.

തനിക്ക് സുരക്ഷയില്ല. പ്രതിഷേധക്കാര്‍ തന്‍റെ വാഹനത്തിന്‍റെ ചില്ലില്‍ വന്നിടിച്ചു. തനിക്ക് എന്ത് സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു. സുരക്ഷാ വീഴ്ച ഉണ്ടായെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ കാറിനടുത്ത് പ്രതിഷേധക്കാര്‍ എത്തുമോ എന്നും മുഖ്യമന്ത്രിയുടെ അടുത്തേയ്ക്ക് പ്രതിഷേധക്കാരെ പോലീസ് കടത്തിവിടുമോ എന്നും ഗവര്‍ണര്‍ ചോദിച്ചു.

ഗവര്‍ണര്‍ സര്‍വകലാശാലകള്‍ കാവിവത്കരിക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസം രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയ എസ്എഫ്‌ഐ തുടര്‍ പ്രതിഷേധ പരിപാടികള്‍ക്കും ആഹ്വാനം ചെയ്തിരുന്നു. വഴി നീളെ പൊലീസുണ്ടായിരുന്നെങ്കിലും പ്രതിഷേധക്കാരെ തടയാനായില്ല. കരിങ്കൊടി കാട്ടിയതിന് ശേഷം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം, ഇന്ന് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ചെരിപ്പെറിഞ്ഞ് കെഎസ്‌യു പ്രതിഷേധിച്ചിരുന്നു. പെരുമ്പാവൂരിലാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ചെരിപ്പെറിഞ്ഞത്. മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങിയ ബസ് കടന്നുപോകുമ്പോഴാണ് പ്രവര്‍ത്തകര്‍ കറുത്ത ചെരിപ്പെറിഞ്ഞത്. ഇതിനിടെ  മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയ കെഎസ്‍യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.