ഇളയരാജയുടെ പരാതി; അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി നീക്കം ചെയ്ത് നെറ്റ്ഫ്ളിക്സ്

അജിത് കുമാർ ചിത്രം ഗുഡ് ബാഡ് അഗ്ലി നീക്കം ചെയ്ത് നെറ്റ്ഫ്ളിക്സ്. ഇളയരാജ നൽകിയ പരാതിയെത്തുടർന്നാണ് ഈ നടപടി. ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ഗുഡ് ബാഡ് അഗ്ലിയിൽ അനുമതിയില്ലാതെ താൻ ഈണമിട്ട പാട്ടുകൾ ഉപയോഗിച്ചു എന്ന് ചൂണ്ടികാണിച്ച് ഇളയരാജ പരാതി നൽകിയിരുന്നു. അതോടെ, നെറ്റ്ഫ്ലിക്സ് അടക്കമുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സിനിമയുടെ പ്രദർശനം മദ്രാസ് ഹൈക്കോടതി വിലക്കി.
ഇളമൈ ഇതോ ഇതോ, ഒത്ത രൂപായ് താരേൻ, എൻ ജോഡി മഞ്ഞക്കുരുവി എന്നിങ്ങനെ ഇളയരാജ ഈണമിട്ട മൂന്ന് ഗാനങ്ങളാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നത്. തന്റെ അനുമതിയില്ലാതെ പാട്ടുകൾ ഉൾപ്പെടുത്തിയതിന് അഞ്ച് കോടിയാണ് നഷ്ടപരിഹാരമായി ഇളയരാജ ആവശ്യപ്പെട്ടത്. രേഖാമൂലമുള്ള ക്ഷമാപണവും ഇളയരാജ ആവശ്യപ്പെട്ടിരുന്നു.