സ്വാതന്ത്ര്യദിന തലേന്ന് ഡൽഹിയിൽ ബോംബ് ഭീഷണി
ന്യൂഡൽഹി: രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കാനിരിക്കെ തലസ്ഥാനമായ ഡൽഹിയിൽ വ്യാപക ബോംബ് ഭീഷണി. ഡൽഹി ഹൈക്കോടതി, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, സർക്കാർ ഓഫീസുകൾ, വിവിധ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ ഡൽഹിയിലെ പല പ്രമുഖ സ്ഥാപനങ്ങളിലും ബോംബ് ഭീഷണി സന്ദേശം ലഭിച്ചു.
ഇതുവരെ നടത്തിയ തിരച്ചിലിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഓഗസ്റ്റ് 15ന് നടക്കാനിരിക്കുന്ന ആഘോഷങ്ങൾക്ക് മുന്നോടിയായി രാജ്യതലസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണികൾ എത്തിയിരിക്കുന്നത്. ഭീഷണി സന്ദേശം ലഭിച്ചയുടൻ പോലീസ്, ബോംബ് സ്‌ക്വാഡ്, അഗ്നിശമന സേന, മറ്റ് അടിയന്തര രക്ഷാപ്രവർത്തക സംഘങ്ങൾ എന്നിവർ വിവിധ സ്ഥലങ്ങളിലേക്ക് തിരിച്ചു.
വിവിധ സ്ഥാപനങ്ങൾക്ക് ഇ-മെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയിലിൽ 'ഡൽഹി ഖാലിസ്ഥാനാകും' എന്നും സിഖ് സ്വാതന്ത്ര്യദിനമായി ഓഗസ്റ്റ് 15-നെ അംഗീകരിക്കാൻ കഴിയില്ലെന്നും പറയുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഓഗസ്റ്റ് 15-ന് സ്ഫോടനം നടക്കാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന പരാമർശവും ഇ-മെയിലിൽ ഉണ്ടായിരുന്നു.
സിഖുകാരുമായി ബന്ധപ്പെട്ട കേസുകളുടെ പശ്ചാത്തലത്തിൽ ഡൽഹി ഹൈക്കോടതിയെയും ജില്ലാ കോടതികളെയും പരാമർശിച്ച സന്ദേശത്തിൽ, 1984-ലെ സിഖ് വിരുദ്ധ കലാപത്തിന് ഉത്തരവാദികളായ കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
ചെങ്കോട്ടയെയും പ്രധാനമന്ത്രിയെയും ഭീഷണിപ്പെടുത്തുന്ന പരാമർശങ്ങൾ സന്ദേശത്തിലുണ്ടായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കുറിച്ചും ഇ-മെയിലിൽ പരാമർശമുണ്ടെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. പ്രോ-ഖാലിസ്ഥാൻ ആശയങ്ങളുമായി ബന്ധപ്പെട്ട നിരവധി പേരുകളും വിവരങ്ങളും ഇ-മെയിലിന്റെ താഴെയായി രേഖപ്പെടുത്തിയിട്ടുണ്ട്. പഞ്ചാബി ഭാഷയിലാണ് സന്ദേശം തയ്യാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ജാംനഗർ ഹൗസ്, ഝണ്ടേവാലൻ കെട്ടിടം, സാകേതിലെ ഒരു ഓഫീസ്, ഡൽഹി കന്റോൺമെന്റ് എസ്.ഡി.എം ഓഫീസ്, ഐ.ജി.ഐ വിമാനത്താവളത്തിലെ ടെർമിനൽ 3 എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു