ജോര്‍ജ് ഫ്ലോയ്‌ഡ് വധം: മുൻ പോലീസ് ഓഫീസറുടെ അപ്പീല്‍ സുപ്രീം കോടതി തള്ളി

ജോര്‍ജ് ഫ്ലോയ്‌ഡ് വധം: മുൻ പോലീസ് ഓഫീസറുടെ അപ്പീല്‍ സുപ്രീം കോടതി തള്ളി
വാഷിംഗ്ടണ്‍ ഡിസി: ജോര്‍ജ് ഫ്ലോയ്‌ഡ് (46) വധക്കേസില്‍ യുഎസില്‍ മുൻ പോലീസ് ഓഫീസര്‍ ഡെറക് ഷോവിൻ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി.
2020 മേയില്‍ യുഎസിലെ മിനിയപ്പലിസ് നഗരത്തില്‍ ജോര്‍ജ് ഫ്ലോയിഡിനെ ശ്വാസം മുട്ടിച്ച്‌ കൊന്ന കേസില്‍ ഡെറക് ഷോവിന് മിനസോഡ അപ്പീല്‍ കോടതി തടവ്ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരേയാണ് പ്രതി അപ്പീല്‍ സമര്‍പ്പിച്ചത്.

കേസില്‍ പുതിയ വിചാരണയ്ക്ക് വിസമ്മതിച്ച്‌ കൊണ്ടാണ് കോടതി അപ്പീല്‍ തള്ളിയത്. പോലീസ് ഓഫീസര്‍ കറുത്ത വംശജനായ ഫ്ലോയ്ഡിനെ ശ്വാസം മുട്ടിച്ച്‌ കൊല്ലുന്ന വീഡീയോ പുറത്തുവന്നിരുന്നു. സംഭവം യുഎസില്‍ ദേശീയ പ്രക്ഷോഭമായി വളര്‍ന്നിരുന്നു.

പ്രതി പൊലീസ് ഉദ്യോഗസ്ഥൻ എന്ന പദവിയുടെ വിശ്വാസവും അധികാരവും കളങ്കപ്പെടുത്തി, ഫ്ലോയ്ഡിനോടു അതീവ ക്രൂരതയോടെ പെരുമാറി, മറ്റ് മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ കൂടി അടങ്ങിയ സംഘത്തിന്‍റെ ഭാഗമായി കുറ്റകൃത്യം ചെയ്തു, കുട്ടികളുടെ മുന്നില്‍ വച്ചാണു കുറ്റകൃത്യം ചെയ്തത് എന്നിങ്ങനെ പ്രോസിക്യൂഷന്‍റെ പ്രധാന കുറ്റാരോപണങ്ങള്‍ ശിക്ഷവിധിച്ച വേളയില്‍ കീഴ്കോടതി ശരിവച്ചിരുന്നു.

പൊതുനിരത്തില്‍ ഒന്പത് മിനിറ്റിലേറെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ഫ്ലോയ്ഡിനെ ശ്വാസം മുട്ടിച്ച ക്രൂരത കണ്ടുനിന്നവരിലൊരാളാണു മൊബൈല്‍ ഫോണ്‍ കാമറയില്‍ പകര്‍ത്തിയത്. എനിക്കു ശ്വാസം മുട്ടുന്നു എന്ന് ഫ്ലോയ്ഡ് പലവട്ടം പറയുന്നതു വീഡീയോയില്‍ കേള്‍ക്കാമായിരുന്നു.