ശലഭങ്ങള്‍ ഉണ്ടാകുന്നത്‌: കവിത, ടോബി തലയല്‍

ശലഭങ്ങള്‍ ഉണ്ടാകുന്നത്‌: കവിത, ടോബി തലയല്‍



മഴവില്ലുംകുല-
ച്ചകലെയാകാശ-
ച്ചരിവില്‍നില്‍ക്കുന്നു
കുറുമ്പന്‍മേഘങ്ങള്‍

തൊടുക്കുന്നുവര്‍ണ്ണ-
ശരങ്ങളായിരം
പതിക്കുന്നുപൂവിന്‍
തുടുത്തമാറിലായ്‌

പിടഞ്ഞുണര്‍ന്നല്ലോ
വിവര്‍ണ്ണമായല്ലോ
വിടര്‍ന്നതുലജ്ജാ-
പരിഭവങ്ങളോ?

മുറിവേറ്റമ്പിനാല്‍
ഉഴന്നിട്ടോ, ഇഷ്ടം
ചിറകുതന്നിട്ടോ
പറന്നുപോകുന്നു?

 

ടോബി തലയൽ