'ഓപ്പറേഷൻ സിന്ദൂർ ’; കരുത്ത് തെളിയിച്ച് ഇന്ത്യൻ സൈന്യം

“ഓപ്പറേഷൻ സിന്ദൂരി’ലൂടെ പഹല്‍ഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകിയിരിക്കുകയാണ് ഇന്ത്യ. ബുധനാഴ്ച പുലര്‍ച്ചെ 1.30ന് പാക്കിസ്ഥാന്റെ സകല പ്രതിരോധ കോട്ടകളെയും തകര്‍ത്ത് കര- വ്യോമ സേനകള്‍ സംയുക്തമായി നടത്തിയ “ഓപറേഷന്‍ സിന്ദൂരി’ല്‍ ഒമ്പത് തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്തതായി സേനാ നേതൃത്വം വെളിപ്പെടുത്തുന്നു. ലശ്കറെ ത്വയ്യിബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുല്‍ മുജാഹിദീന്‍ തുടങ്ങി പാക് അധീന കശ്മീര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളുടെ ആസ്ഥാനങ്ങളെയാണ് ഇന്ത്യന്‍ സൈന്യം തകർത്തത്.
പഹൽഗാമിൽ എത്തിയ വിനോദ സഞ്ചാരികളിലെ പുരുഷന്മാരെ തെരഞ്ഞുപിടിച്ച് മതം ചോദിച്ച് വെടിവച്ചുകൊന്ന ഭീകരർക്കും അവരെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാനും ശക്തമായ തിരിച്ചടിയാണിത് . ഇന്ത്യയ്ക്ക് എതിരെ പാക്കിസ്ഥാന്‍ ആണവായുധം പ്രയോഗിച്ചാല്‍, എങ്ങനെ പ്രതിരോധിക്കണമെന്ന പ്ലാന്‍ തയ്യാറാക്കി തന്നെയാണ്, പാക്ക് മണ്ണില്‍ കയറി ഇന്ത്യ തിരിച്ചടി നൽകിയിരിക്കുന്നത്. ആണവ രാജ്യമായ പാക്കിസ്ഥാനില്‍ കയറിയാണ് മറ്റൊരു ആണവ രാജ്യമായ ഇന്ത്യയുടെ തിരിച്ചടി എന്നത് ശ്രദ്ധേയമാണ്.
വിഭജനാനന്തരം കശ്മീര്‍ ഇന്ത്യയോട് ചേര്‍ന്ന 1947ല്‍ മുതലേ കശ്മീരിനെ ചൊല്ലി പലപ്പോഴും അതിര്‍ത്തിയില്‍ ഏറ്റുമുട്ടലുണ്ടായിട്ടുണ്ട്. 1965ല്‍ 17 ദിവസം നീണ്ടുനിന്ന യുദ്ധവും കാര്‍ഗില്‍, ഉറി, ബാലാകോട്ട് തുടങ്ങി സര്‍ജിക്കല്‍ സ്‌ട്രൈക്കുകളും നടന്നു. അതിന്റെ തുടര്‍ച്ചയാണ് ഓപറേഷന്‍ സിന്ദൂര്‍. ആഭ്യന്തര പ്രശ്നങ്ങളിൽ വലയുന്ന പാക്കിസ്ഥാൻ അതിൽനിന്നൊക്കെ ജനശ്രദ്ധ തിരിച്ചുവിടാന്‍ ഭീകരരെ ഉപയോഗപ്പെടുത്തി അതിര്‍ത്തിയില്‍ കുഴപ്പങ്ങളും സംഘര്‍ഷങ്ങളും സൃഷ്‌ടിക്കുകയാണ്.
പാകിസ്ഥാനെതിരെയല്ല, തീവ്രവാദത്തിനെതിരെയാണ് ഇന്ത്യ തിരിച്ചടിച്ചതെന്ന് ഓപറേഷന്‍ സിന്ദൂരിന് ശേഷം ഇന്നലെ രാവിലെ ഡല്‍ഹിയില്‍ നടന്ന വാർത്താ സമ്മേളനത്തില്‍ സൈനിക നേതൃത്വങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. പാക്കിസ്ഥാൻ സാഹചര്യങ്ങൾ വഷളാക്കിയാൽ നേരിടാൻ പൂർണ സജ്ജമാണെന്നും സൈന്യം വ്യക്തമാക്കി.
ഇന്ത്യക്കെതിരേ പ്രവർത്തിക്കുന്ന ഭീകരർക്കു സഹായവും പരിശീലനവും നൽകുകയും അതിർത്തികടന്നുള്ള ഭീകരപ്രവർത്തനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക പാകിസ്താന്റെ സ്ഥിരം പതിവായിക്കഴിഞ്ഞിരിക്കുന്നു.
പഹല്‍ഗാമില്‍ സിന്ദൂരം മായ്ക്കപ്പെട്ട സ്ത്രീകളുടെ കണ്ണീരിന് പാകിസ്ഥാനോട് പകരം വീട്ടുകയായിരുന്നു ഓപറേഷന്‍ സിന്ദൂരി’ലൂടെ ഇന്ത്യ. ഇന്ത്യയെ പ്രകോപിപ്പിക്കാൻ നിൽക്കാതെ ഇനിയെങ്കിലും ഈ രാജ്യം പാഠം പഠിച്ചിരുന്നെങ്കിൽ.