ഡോ.പി.എ.ഇബ്രാഹിം ഹാജി അനുസ്മരണം

ഡോ.പി.എ.ഇബ്രാഹിം ഹാജി അനുസ്മരണം
ഡോ.പി.എ.ഇബ്രാഹിം ഹാജി അനുസ്മരണം 
(6th Sep.1943 - 21st Dec.2021)
 
                 
സ്മരണാഞ്ജലി 
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാനായി സുദീർഘകാലം നേതൃത്വം നൽകിയ ആദരണീയനായ ഡോ. പി എ . ഇബ്രാഹിം ഹാജിയുടെ ദീപ്തമായ സ്മരണകൾക്കു മുമ്പിൽ സ്നേഹാഞ്ജലികൾ അർപ്പിക്കുന്നു. അദ്ദേഹം ഓര്‍മ്മയായിട്ട് ഇന്നേക്ക് 3 വര്‍ഷം തികയുന്നു.
പ്രിയ ഹാജിക്കയുടെ ആകസ്മികമായ വേർപാട് വേൾഡ് മലയാളി കൗൺസിലിന് നികത്താനാവാത്ത വിടവാണ് . ഒരു തീരാനഷ്ടമാണ്. അഗാധമായ അനുശോചനം അറിയിക്കുന്നതോടൊപ്പം അദ്ദേഹത്തിൻറെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കട്ടെ.
 
 കാസർഗോഡ് ജില്ലയിൽ പള്ളിക്കരയിൽ അബ്ദുല്ല ഹാജിയുടെയും ഐഷയുടെയും മകനായി 1943 സെപ്റ്റംബർ 6ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഓട്ടോ മൊബൈലിൽ ഡിപ്ലോമ എടുത്ത് അദ്ദേഹം ഉദ്യോഗാർത്ഥം യു എ ഇ രൂപീകൃതമാകുന്നതിനു മുമ്പ് ദുബായിലേക്ക് കുടിയേറി. പിന്നീട് യു എ ഇ യുടെ വളർച്ചയോടൊപ്പം തൻറെ ജീവിതത്തിൻറെ വിജയ പടവുകൾ ഓരോന്നായി ചവിട്ടി കയറുകയായിരുന്നു അദ്ദേഹം.
 1974 ൽവസ്ത്ര വ്യാപാരവുമായി അദ്ദേഹം തൻ്റെ സംരംഭക യാത്ര ആരംഭിച്ചു. കോസ്മെറ്റിക് , ഓട്ടോമൊബൈൽ , ജ്വല്ലറി, തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ തൻ്റെ ബിസിനസ്സ് വ്യാപിപ്പിച്ചു. 1999 പേസ് എജ്യുക്കേഷൻ ഗ്രൂപ്പ് രൂപീകരിച്ചുകൊണ്ട് വിദ്യാഭ്യാസരംഗത്തേക്ക് കാൽവച്ചു. മലബാർ ഗോൾഡ് ഗ്രൂപ്പ് ചെയർമാൻ, ഇൻഡസ് മോട്ടോർ കമ്പനി സ്ഥാപക വൈസ് ചെയർമാൻ, ചന്ദ്രിക ദിനപത്രം ഡയറക്ടർ തുടങ്ങി നിരവധി മേഖലകളിൽ തന്റെ ബിസിനസ്സ് നൈപുണ്യം തെളിയിച്ചിട്ടുണ്ട്.
  യു എ ഇ ഗോൾഡൻ വിസ ലഭിച്ച അദ്ദേഹത്തെ തേടി നിരവധി ബഹുമതികളും, അവാർഡുകളും എത്തിയിട്ടുണ്ട്. സി എച്ച് മുഹമ്മദ് കോയ അവാർഡ്, പ്രവാസിരത്ന അവാർഡ് , ഗർഷോം ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്,    കെ എസ് അബ്ദുല്ല , കെ അവുക്കാദർ കുട്ടി നഹ മെമ്മോറിയൽ അവാർഡ് തുടങ്ങി സാമൂഹിക സാംസ്കാരിക സാമ്പത്തിക വിദ്യാഭ്യാസ മേഖലയിൽ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മേഘാലയിലെ ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും ലഭിച്ചു.
 വിശ്രമം കൂടാതെയുള്ള തൻറെ തിരക്കേറിയ ജീവിത സായാഹ്നത്തിലും മക്കളോടും കൊച്ചുമക്കളോടും കൂടി ചിലവഴിക്കാൻ സമയം കണ്ടെത്തി വലിയ ഒരു കുടുംബത്തിലെ കാരണവരാണ് നഷ്ടപ്പെട്ടതെന്ന് കുടുംബാംഗങ്ങൾ ദുഃഖത്തോടെ അനുസ്മരിക്കുന്നു.
ആഴമാർന്ന മതവിശ്വാസത്തിന്റെ അടയാളപ്പെടുത്തലായി നിസ്കാര തഴമ്പ് നിറുകയിൽ സൂര്യ ശോഭയോടെ ജ്വലിച്ചിരുന്നുവെങ്കിലും, മതമൈത്രിയുടെ ആൾരൂപമായിരുന്നു ആ പുണ്യ ജീവിതം.
മൂല്യശോഷണം സംഭവിച്ച ആധുനിക കാലഘട്ടത്തിൽ ലാളിത്യം ,സമത്വം, സാഹോദര്യം, വിശ്വസ്നേഹം, കരുണ ഇതൊക്കെ അദ്ദേഹത്തെ ഋഷിതുല്യൻ ആക്കി .
 സ്ത്രീ സമത്വം, സ്ത്രീശാക്തീകരണം എന്നിവ അദ്ദേഹത്തിൻറെ കർമ്മ മേഖലയിലെ മുഖ്യ അജണ്ടയായിരുന്നു. ഒരുമയുടെ ഊർജ്ജം പകർന്നു വേൾഡ് മലയാളി കൗൺസിലിന് പുത്തനുണർവ് നൽകിയ അദ്ദേഹത്തിന്റെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ് . സാമൂഹ്യ പ്രതിബദ്ധതയിലൂടെ സമർപ്പിത മായ അദ്ദേഹത്തിന്റെ സേവനത്തെ കൃതജ്ഞതയോടെ സ്മരിക്കുന്നു. വേൾഡ് മലയാളി കൗൺസിലൂടെ പ്രവാസി മലയാളികൾക്ക് , ലോക മലയാളികളുടെ സമഗ്രമായ വികസനത്തിന് നിസ്വാർത്ഥമായി പ്രവർത്തിച്ച ഹാജിക്ക മലയാളഭാഷയെ മാറോടു ചേർത്ത ഒരു യഥാർത്ഥദേശസ്നേഹി ആയിരുന്നു.
അറിവിന്റേയും, അനുഭവ സമ്പത്തിന്റെയും മഹാപ്രതിഭാധനനായ പള്ളിക്കര അബ്ദുല്ല ഇബ്രാഹിം ഹാജി എന്ന, ഡോക്ടർ പി എ ഇബ്രാഹിം ഹാജിയുടെ ധന്യമായ ജീവിതം വരുംതലമുറ വായിച്ചു പഠിക്കേണ്ട ഒരു തുറന്ന പുസ്തകമാണ് .
പ്രസാദാത്മകമായ ആ മുഖം എന്നെന്നും മനുഷ്യമനസ്സുകളിൽ തെളിഞ്ഞുനിൽക്കും. അദ്ദേഹം ബാക്കി വച്ച വഴികളിലൂടെ നമുക്കു സഞ്ചരിക്കാം. വേൾഡ് മലയാളി കൗൺസിലിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ നമുക്കു സാക്ഷാത്കരിക്കാം.
ഭാഗ്യസ്മരണീയനായ ഡോ.പി.എ ഇബ്രാഹിം ഹാജിയുടെ ജീവിതം നമുക്ക് എന്നും മാർഗദീപം ആകട്ടെ . 
ആ ദീപ്തമായ സ്മരണയ്ക്ക് മുമ്പിൽ കണ്ണീർ പ്രണാമം.
 
ചെറിയാൻ ടി കീക്കാട്
President
WMC-International Arts&Cultural Forum