അവിഹിതമുണ്ടെന്ന പേരില്‍ കെഎസ്‌ആര്‍ടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത സംഭവത്തില്‍ ഇടപെട്ട് ഗതാഗത മന്ത്രി; നടപടി പിൻവലിച്ചു

Jul 12, 2025 - 18:50
 0  7
അവിഹിതമുണ്ടെന്ന പേരില്‍ കെഎസ്‌ആര്‍ടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത സംഭവത്തില്‍ ഇടപെട്ട് ഗതാഗത മന്ത്രി; നടപടി പിൻവലിച്ചു

 ഡ്രൈവറുമായി അവിഹിതബന്ധമുണ്ടെന്ന ആരോപണത്തില്‍ വനിതാ കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്ത വിവാദ നടപടി പിന്‍വലിച്ച്‌ കെഎസ്‌ആര്‍ടിസി.  ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ കെഎസ്‌ആര്‍ടിസി വിജിലന്‍സ് വിഭാഗത്തിന് നേരിട്ട് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് വിവാദ ഉത്തരവ് പിന്‍വലിച്ചത്. വിജിലന്‍സ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് വിവാദനടപടി പിന്‍വലിച്ച്‌ ഉത്തരവിറക്കിയത്. വ്യക്തമായ അന്വേഷണത്തിന് ശേഷമെ നടപടി എടുക്കാവു എന്ന് ഗതാഗത മന്ത്രി നിര്‍ദേശിച്ചിരുന്നു.

ബദലി ഡ്രൈവറുടെ ഭാര്യയുടെ പരാതിയെ തുടര്‍ന്നായിരുന്നു വനിതാ കണ്ടക്ടര്‍ക്കെതിരെ നടപടിയെടുത്തത്. അവിഹിതബന്ധ ആരോപണം വിശദമായി വിവരിച്ച്‌ വനിതാ കണ്ടക്ടറെ അപമാനിക്കുന്ന തരത്തില്‍ പേര് സഹിതം ചേര്‍ത്തായിരുന്നു സസ്‌പെന്‍ഷന്‍ ഉത്തരവ്. ഇതിനെതിരെ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധമുണ്ടായിരുന്നു. സദാചാര പരാതിയില്‍ കെഎസ്‌ആര്‍ടിസി അന്വേഷണം നടത്തിയതിലും ആക്ഷേപമുണ്ടായി. 

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിക്കാന്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍ദേശം നല്‍കിയത്.