ക്രിസ്തുമസ്സിന്റെ അകംപൊരുൾ തേടി :ചെറിയാൻ കീക്കാട് 

ക്രിസ്തുമസ്സിന്റെ അകംപൊരുൾ തേടി :ചെറിയാൻ കീക്കാട് 

ക്രിസ്തുമസ് : സമാധനത്തിന്റെ ശാന്തി മന്ത്രമായി ,വിശ്വസ്നേഹത്തിന്റെ വിളംബരമായി , നക്ഷത്ര കൂടാരങ്ങളിലെ

പൊൻ വെളിച്ചമായി പുൽകൂട്ടിൽ പിറന്ന രക്ഷകന്റെ പുണ്യ ദിനം.

ആഘോഷങ്ങളെല്ലാം പ്രതീക്ഷകളുടെ പുലരികളിലേക്കുള്ള പ്രയാണമാണ്.

ക്രിസ്തുമസ് അടയാളപ്പെടുത്തുന്നത് പ്രത്യാശയുടെ പുൽക്കൂടുകൾ തേടിയുള്ള തീർത്ഥാടനമാണ്.

തീർത്ഥാടകർ എത്തിച്ചേരേണ്ടതും രക്ഷകന്റെ പാദപീഠത്തിങ്കൽ . നക്ഷത്രങ്ങൾ വെറും വഴികാട്ടികൾ. 

  സൂര്യ പ്രഭയിൽ കുളിച്ചു നിൽക്കുന്ന  നിശയുടെ നിയോഗ നിർവൃതിയിൽ മാതൃത്വം ചുരത്തുന്ന അമ്മയാണ് മേരി. 

അപമാനത്തിന്റെ തീച്ചൂളയിൽ മാനവരാശിയുടെ മാനം ഗർഭം ധരിച്ച പാതിവൃത്യം.

 ദൈവശബ്ദം തിരിച്ചറിഞ്ഞ നിമിഷം സ്വയം ബലിയാകാൻ സമർപ്പിച്ച കാവൽ

മന:സാക്ഷിയാണ് ജോസഫ്.

മരണത്തിന്റെ ഇരുൾ മൂടിയ താഴ്‌വരയിൽ രക്ഷകനു സംരക്ഷണമേകിയ പുണ്യ സുകൃതം. നിദ്രയുടെ നിമിഷങ്ങളിൽ ദൈവീക സ്വരങ്ങൾക്കു സംശയമെന്യ കാതു നൽകുന്ന നിർമ്മല മന:സാക്ഷി .

 നന്മകളുടെ നീരുറവകൾ തേടി അലഞ്ഞ ആട്ടിടയർ എത്തിച്ചേർന്നത് നല്ല ഇടയൻ നലകുന്ന ജീവജലനദിയ്ക്കരികെ.

സമൃദ്ധിയുടെ  കൊട്ടാരതൊട്ടിലന്വേഷിച്ച വിദ്യാന്മാർ കണ്ടെത്തിയതും എളിമയുടെ പൊരുളായിരുന്നു.

 നക്ഷത്രങ്ങളുടെ കാവൽക്കാരാ !

നീ വഴിയമ്പലങ്ങളിൽ ഇടം തേടി അലഞ്ഞത് എനിക്കൊരു ഇടം ഉറപ്പിക്കുവാൻ ആയിരുന്നു.

സത്രങ്ങളുടെ അടഞ്ഞ വാതിലുകൾക്കു മുന്നിൽ നീ കാത്തിരുന്നത്  സ്നേഹത്തിന്റെ ഒരു തരി വെളിച്ചത്തിനായിരുന്നു.

 സ്വർഗ്ഗം ഭൂമിയെ പുണർന്ന പാതിരാവിൽ നീ നഗ്നനായി പിറന്നത് 

എനിക്കൊരു പൂർണ്ണ ജീവിതം സമ്മാനിക്കാനായിരുന്നു.

ദാരിദ്ര്യത്തിന്റെ കാലിത്തൊഴുത്തിൽ നീ എളിമയുടെ പുതപ്പു പുതച്ചു .

 ഇന്നു ഞാൻ എൻ മനസ്സിലൊരു പുൽക്കൂടൊരുക്കി കാത്തിരിക്കുന്നു ......

ഇടം നഷ്ടപ്പെട്ടവർക്ക് നിന്റെ നെഞ്ചിൽ ഇടം നല്കി, 

ലോകത്തിനു മുഴുവൻ ശാന്തി പകരുന്ന ദിവ്യ പ്രകാശമായി വീണ്ടും നീ ഭൂജാതനാക........!

മനസ്സിൽ വെളിച്ചം സൂക്ഷിക്കുന്ന വർക്കെല്ലാം ക്രിസ്തുമസ്സ് ആശംസകൾ ...!

ചെറിയാൻ കീക്കാട് 

പ്രസിഡന്റ്

WMC-International Arts and Cultural Forum.