ചിലപ്പോൾ ചിലത് നല്ലതിന്: ചെറുകഥ, സി.ജി.ഗിരിജൻ ആചാരി

ചിലപ്പോൾ ചിലത് നല്ലതിന്: ചെറുകഥ, സി.ജി.ഗിരിജൻ ആചാരി

 

 

"വിടെപ്പോയാലും ആ കൃത്യ സമയത്തെ വീട്ടിൽനിന്നും ഇറങ്ങുകയുള്ളൂ...മുരളിയേട്ടാ... നിങ്ങളോടാ... ഞാൻ ഈ പറയുന്നതൊക്കെ... "

സുനിത... അവൾ എപ്പോളും ഇങ്ങനെയാ..ഏതു കാര്യത്തിനും കൃത്യതയും അടുക്കും ചിട്ടയും വേണം..എങ്ങോട്ടെങ്കിലും യാത്രയ്ക്ക് പോകുന്നുവെങ്കിൽ നേരത്തെ വീട്ടിൽനിന്നും ഇറങ്ങണം... എന്നെ സംബന്ധിച്ചു അങ്ങനെ തിരക്കു കൂട്ടാറില്ല....

അത് പലപ്പോഴും അബദ്ധങ്ങൾ  വരുത്തിയിട്ടുണ്ട്.. ചിലപ്പോൾ നല്ലതിനും..

യാത്രപോകാൻ റയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ ട്രെയിൻ അതിന്റെ പാട്ടിനുപോകുകയും ഏതാണ്ട് കളഞ്ഞുപോയ അണ്ണാന്റെ കൂട്ട് തിരികെ വീട്ടിൽ മടങ്ങിയെത്തിയ അനുഭവവും പലവട്ടം ഉണ്ടായിട്ടുണ്ട്....

ഒരു യാത്ര പുറപ്പെടാൻ ഞാൻ തയ്യാറെടുത്തുനിൽക്കുകയാണ്...

 കോഴിക്കോട് ഒരു സാഹിത്യ സമ്മേളനം... രാത്രി പത്തുമണിക്ക് ഒരു ട്രെയിനുണ്ട്. അതിനുപോയാൽ വെളുപ്പിന് നാലുമണിക്ക് കോഴിക്കോടെത്തും.. പിന്നെ നേരം പുലരുവോളം സ്റ്റേഷനിൽ കൊതുകുകടിയുംകൊണ്ടു കുത്തിപ്പിടിച്ചിരിക്കണം.. രണ്ടാമത്തെ ട്രെയിൻ പന്ത്രണ്ടുമണിക്കുശേഷമാണ്.. ചിലപ്പോൾ ഒരു മണിയാകും സ്റ്റേഷനിൽ വരുമ്പോൾ.. ഏതാണ്ട് രാവിലെ എട്ടുമണിയൊക്കെ ആകുമ്പോഴേ കോഴിക്കോട് എത്തുകയുള്ളൂ.. സ്റ്റേഷനിലെ സൗകര്യങ്ങളിൽതന്നെ പ്രാഥമിക കർമ്മങ്ങൾ എല്ലാം നടത്തി വെളിയിൽ ഇറങ്ങി ചായയും കുടിച്ചു ഒരു പത്രമൊക്കെ വാങ്ങി വായിക്കുമ്പോൾ പ്രോഗ്രാമിള്ള സമയമാകും.ഒരു ഓട്ടോയും പിടിച്ചു സ്ഥലത്തെത്താം....

"ഓ... ഇരുപ്പു കണ്ടില്ലേ...? വല്ലോ കുലുക്കവും ഉണ്ടോ... ദേ... മനുഷ്യാ നിങ്ങളോടാ... ഞാനീ വേദാന്തം മുഴുവൻ വിളമ്പുന്നത്... ചോറും കഴിച്ചിട്ട് വേഗം പോകാൻ നോക്ക്... ആദ്യത്തേ ട്രെയിനു പൊയ്ക്കോ... അല്ലാതെ പത്തു പാതിരായ്ക്ക് വീട്ടിൽനിന്നും ഇറങ്ങാൻ നോക്കണ്ട...."

അവൾ തുള്ളിച്ചാടി കണ്ണുരുട്ടി...

ഞാൻ ഒന്നു ചിരിച്ചു...

"ദേ... മനുഷ്യാ... ചുമ്മാ ഇളിക്കാതെ... പറഞ്ഞതുപോലെ ചെയ്യ്...."

"എന്റെ സുനിതേ.. ഞാൻ പൊയ്ക്കോളാം... രണ്ടാമത്തെ വണ്ടിക്കെ പോകുന്നുള്ളൂ...."

"പിന്നേ... ഇപ്പോൾ അങ്ങനെ പോകണ്ട... കഴിഞ്ഞ മാസം പ്രോഗ്രാമിനു പോയിട്ട് വണ്ടി കിട്ടാതെ തിരികേ വന്നത് ഓർക്കുന്നുണ്ടോ...? എത്ര പ്രമുഖർ പങ്കെടുത്ത വേദിയായിരുന്നു... അതെങ്ങനെയാ തലേലെഴുത്തും നന്നാവണം "

സുനിതയുടെ ദേഷ്യത്തിനു ഒരു മാറ്റവും ഇല്ല... ഇനിയിപ്പോൾ തർക്കം പറഞ്ഞാൽ പിന്നെ കരച്ചിലായി പിഴിച്ചലായി...

"ശരി.... ഇനിയിപ്പോ.. നിന്റെ വാക്കുകൾ കേട്ടില്ല എന്നുവേണ്ട.. ചോറു വിളമ്പിക്കോ..."

അവളുടെ മുഖത്തു ഒരു വിജയിയുടെ ഭാവം തെളിഞ്ഞു... അവൾ അടുക്കളയിലേയ്ക്ക് പോയി...

ഞാൻ യാത്രയ്ക്കുള്ള സമഗ്രഹികൾ എല്ലാം ബാഗിൽ എടുത്തു വച്ചു..

അപ്പോൾ അവൾ ചോറുമായി വന്നു... അത്ര വിശപ്പൊന്നും തോന്നിയില്ല.. കഴിച്ചെന്നുവരുത്തി.. എഴുന്നേറ്റു കൈ കഴുകി വന്നു ഡ്രസ്   മാറ്റി...

"എന്താ.. ഇനി അമാന്തം..ഇറങ്ങാൻ മുഹൂർത്തം നോക്കണോ..? അതോ ജ്യോതിഷനെ കാണണോ?..." സുനിത പിന്നെയും തിരക്കുപിടിച്ചു..

"എന്റെ... സുനിതേ പോകാം..ചോറുണ്ടതല്ലേയുള്ളൂ.. ഒരല്പം കഴിഞ്ഞോട്ടെ ഇറങ്ങാം..."

"നിങ്ങൾ... എന്താന്നു വച്ചാൽ ഇഷ്ടംപോലെ ചെയ്യ് "

എന്റെ വാക്കുകൾ കേട്ടു കലിച്ചിട്ടാവാം അവൾ വേഗം മുറിക്കകത്തുപോയി കട്ടിലിൽ കിടന്നു...

ഓ പോയേക്കാം.. ഇനി കൂടുതൽ രംഗം വഷളാക്കണ്ട... ഞാൻ മുറിയിൽ നിന്നും ബാഗും ടോർച്ചും എടുത്തു പുറത്തേയ്ക്കിറങ്ങി എന്നിട്ട് പറഞ്ഞു...

"അതേ.. ഞാൻ പോകുവാ...ഇനി ഇതിന്റെ പേരിൽ കരഞ്ഞും പിഴിഞ്ഞുമിരിക്കേണ്ട..."

"ഓ... ഉത്തരവ്.."

അവൾ കിടന്നുകൊണ്ടു തന്നെ മറുപടിയും തന്നു..

സാധാരണ അങ്ങനെ ചെയ്യാറില്ല.. വീടിന്റെ  മുറ്റത്തിനപ്പുറംവരെ കൂടെവന്നു യാത്രയാക്കി തിരികേ വരുന്ന ആളാ..ഓ....

ഇന്നങ്ങനെ കിടക്കട്ടെ...

തൊട്ടടുത്ത മുറികളിൽ അമ്മയും അനുജനും ഭാര്യയും കുട്ടികളുമുണ്ട്... അനുജത്തി തയ്യൽക്കാരിയായതിനാൽ രാത്രിയിലും തീർക്കാനുള്ള പണികളുടെ തിരക്കിലാവും.. ഇന്നും എന്തോ വർക്കുകൾ ചെയ്യുന്നുണ്ട്.. അനുജനും മക്കളും അമ്മയും ഉറക്കം പിടിച്ചു...

ഞാൻ അവളുടെ അടുത്തുചെന്നു

"മഞ്ജു... നിന്റെ ചേച്ചി ഇന്നു അല്പം ചൂടിലാ... ഞാൻ  കോഴിക്കോടിനു പോകുവാ... നാളെയൊരു പ്രോഗ്രാം ഉണ്ട്..വാതിൽ അടച്ചേക്ക് "

"ശരി ചേട്ടാ"

ഞാൻ മെല്ലെ മുറ്റത്തേയ്ക്കിറങ്ങി നടന്നു.... കുറച്ചു ദൂരം നടന്നതേയുള്ളൂ.

"അയ്യോ.,.. അമ്മേ... പാമ്പ്..."

സുനിതയുടെ നിലവിളിയാണ്...

ദൈവമെ... എന്താ പറ്റിയത്.. ഞാൻ വേഗം തിരിച്ചു വീട്ടിലേക്കോടി...

മുറിക്കകത്തേയ്ക്ക് നോക്കുമ്പോൾ സുനിത കട്ടിലിൽ പേടിച്ചു വിറച്ചു കരഞ്ഞുകൊണ്ടിരിക്കുന്നു...

"എന്താ... എവിടെയാ പാമ്പ്...?"

എന്റെ ചോദ്യത്തിനുള്ള ഉത്തരമായി അവൾ ഭീതിയോടുചേർത്തുള്ള തടി അലമാര ചൂണ്ടികാണിച്ചു... ഞാൻ അങ്ങോട്ടേയ്ക്കു നോക്കി.... ഉള്ളു കിടുങ്ങിപ്പോയി...

ഒരു മൂർഖൻ അലമാരയിൽ ഇരിക്കുന്ന കാർഡ്ബോർഡ് കൂടിനു  മുകളിൽ പത്തിവിരിച്ചിരിക്കുന്നു... താഴെ നിലത്ത്,ഒരു എലി പ്രാണൻ പോകുന്ന പിടച്ചിലിൽ വല്ലാതെ ശബ്ദമുണ്ടാക്കുന്നു....

അവളുടെ കരച്ചിൽ കേട്ട് അനിയത്തിയും തയ്യൽ നിർത്തി അങ്ങോട്ടേയ്ക്ക് വന്നു...

ആൾ സാന്നിധ്യം അറിഞ്ഞിട്ടോ എന്തോ പാമ്പ് കാർഡ് ബോഡ് പെട്ടിക്കകത്തേക്ക് തലവലിച്ചു...

ഇനി എന്തു ചെയ്യും... ഇതിനെ കൊല്ലാതെ എന്തുചെയ്യും...എനിക്കാണെങ്കിൽ ഒരു നീർക്കോലിയേപ്പോലും കൊല്ലാൻ പേടിയാണ്...

സുനിതയ്ക്കും  അനുവിനും അതറിയാം....

"ചേട്ടനിങ്ങ് മാറി നിൽക്ക്.. ആ പെട്ടി വെളിയിൽ എടുത്തുകൊണ്ടുപോയി പാമ്പിനെ കൊല്ലാം..." പറഞ്ഞതും അവൾ പെട്ടി എടുത്തു വെളിയിലേക്ക് കൊണ്ടുപോയി...

ദൈവമെ.. ഈ പെണ്ണിന്റെ ധൈര്യം സമ്മതിക്കണം,.. ഞാൻ മനസ്സിൽ പറഞ്ഞു...

മുറ്റത്തു കൊണ്ടു വന്നു ആ കാർഡ്ബോഡ് പെട്ടി വയ്ക്കുമ്പോഴും പാമ്പ് അതിനകത്ത് അനങ്ങാതെ ഇരിക്കുകയാണ്... പെട്ടിയുടെ മുകളിൽ സുനിതയുടെ ഒരു സാരി തേച്ചു വെടിപ്പാക്കിവച്ചത് ഇരിപ്പുണ്ട്... പിറ്റേ ദിവസം അടുത്തൊരു വീട്ടിൽ കല്യാണത്തിനു പോകാൻ തയ്യാറാക്കി വച്ചിരിക്കുന്നതാണ്...

മഞ്ജു  ഒരു വലിയ വടിയെടുത്തുകൊണ്ടുവന്നു... പതുക്കെ ആ പെട്ടിയുടെ മുകളിൽനിന്നും ആ സാരിയും മറ്റു ഡ്രസുകളും മെല്ലെ തട്ടി മാറ്റി.. പിന്നെ എന്റെ കുറച്ചു ബുക്കുകളും ആ പെട്ടിക്കകത്തുണ്ടായിരുന്നു.. അതെല്ലാം അവൾ ആ കമ്പുകൊണ്ട് തട്ടിമാറ്റി... എല്ലാം കണ്ടുകൊണ്ട് സുനിത വിറങ്ങലിച്ചു നിൽക്കുകയാണ്... ഈ സംഭവങ്ങൾ ഒന്നും അറിയാതെ അനിയനും കുട്ടികളും അമ്മയും നല്ല ഉറക്കം... ആരെയും വിളിക്കണ്ടാന്ന് ഞാൻ പറഞ്ഞു...

മഞ്ജു  മെല്ലെ കമ്പുകൊണ്ടു  കുത്തി ആ പെട്ടി മറിച്ചിട്ടു.. അപ്പോഴതാ മൂർഖൻ പത്തിയും വിരിച്ചു ചീറ്റുന്നു...സമാന്യം മുഴുത്ത പാമ്പ്.. മഞ്ജു കാർഡ് ബോഡ് പെട്ടി തട്ടി മാറ്റി... അതിനുശേഷം പാമ്പിനെ  ആഞ്ഞടിച്ചു...പിന്നെയും ഒന്നു രണ്ടു പ്രാവശ്യംകൂടി വടി ഉയർന്നു താണു... ആ പാമ്പിന്റെ ജീവൻ പോയി...

തൂമ്പകൊണ്ട് പറമ്പിൽ ഒരു കുഴി ഉണ്ടാക്കി അതിനെ അതിൽ കുഴിച്ചുമൂടി...അകത്തു പിടഞ്ഞുകൊണ്ടിരുന്നു എലിയും കാലപുരി പൂകി.. അതിനെ തൂക്കിയെടുത്ത് അങ്ങു താഴെ പാടത്തേക്ക് വലിച്ചെറിഞ്ഞു...

അപ്പോൾ സുനിത തന്റെ സാരിയെടുത്ത് കൈയിൽ പിടിച്ചിട്ടുണ്ട്....

"ദൈവമേ.. നാളെ കല്യാണത്തിനു പോകാൻ തേച്ചു വച്ചതാ...ഇതൊന്നുമറിയാതെ  രാവിലെ കാർഡ് ബോഡ് പെട്ടിയിൽ നിന്നും സാരി എടുക്കുന്ന സമയത്തായിരുന്നുവെങ്കിൽ... അകത്തിരിക്കുന്ന പാമ്പ്... എന്റെ ദേവീ... കാത്തു..." സുനിതയുടെ പുലമ്പൽ അങ്ങനെ നീണ്ടു...

"അതേ... കുറച്ചൊക്കെ അങ്ങോട്ടു പറയുന്നതു കേൾക്കാനും അനുസരിക്കാനും മനസ്സുണ്ടാവണം...നീ എത്ര നേരമായി എന്നോട് പോകാൻ പറഞ്ഞു തിരക്കുകൂട്ടി.. ഞാൻ നേരത്തെ പോയിരുന്നുവെങ്കിലോ... നീയും ഉടനെ കിടന്നുറങ്ങും.. കാർഡ് ബോർഡ് പെട്ടിക്കകത്ത് പാമ്പ് കയറിയ കാര്യമൊന്നും നീയറിയില്ല... നാളെ രാവിലെ......"

"മതി..."

ഞാൻ പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപേ അവൾ വിലക്കി... ബാക്കി കേൾക്കാനുള്ള ത്രാണി അവൾക്കില്ലായിരുന്നു...

"നിങ്ങൾ പോകാൻ നോക്കു മനുഷ്യ... അടുത്ത വണ്ടിയും പോകണ്ട...."അവൾ അല്പം കടുപ്പിച്ചു പറഞ്ഞു...

ഇനിയും അവിടെ നിൽക്കുന്നത് അത്ര പന്തിയല്ല എന്നു തോന്നിയതിനാൽ ഞാൻ വേഗം ടോർച്ചും തെളിച്ചു മുന്നോട്ടു നടന്നു റയിൽവെ സ്റ്റേഷൻ ലക്ഷ്യമാക്കി...

അപ്പോഴും ഉള്ളിലെ ചങ്കിടിപ്പ് മാറിയിരുന്നില്ല...അവൾ പറഞ്ഞതുപോലെ ഞാൻ നേരത്തെ പോന്നിരുന്നുവെങ്കിൽ....

ചിലപ്പോൾ ചില നിമിത്തങ്ങൾ നല്ലതിനാവാം....

നടപ്പിനു  വേഗത കൂട്ടി...

ഒപ്പം ട്രെയിനിൽ ഇരിക്കാൻ സീറ്റ് കിട്ടാനുള്ള പ്രാർത്ഥനയും....

 

സി.ജി.ഗിരിജൻ ആചാരി, തോന്നല്ലൂർ