ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കാനഡ ഇടപെട്ടുവെന്ന് എസ് ജയശങ്കര്‍
കാനഡ-ഇന്ത്യ നയതന്ത്ര പ്രശ്നങ്ങള്‍ വഷളായിക്കൊണ്ടിരിക്കെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കാനഡ ഇടപെട്ടുവെന്ന് ആരോപിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍.
ഇന്ത്യ-കാനഡ തര്‍ക്കം തുടങ്ങിയ ശേഷമുള്ള എസ്. ജയശങ്കര്‍ ഇത്ര കടുത്ത നിലപാട് സ്വീകരിക്കുന്നത് ആദ്യമായാണ്. കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കാന്‍ ഇന്ത്യ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരെ അമേരിക്കയും ബ്രിട്ടനും വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമെന്ന പ്രതികരണം നല്‍കിയിരുന്നു. അമേരിക്കന്‍ പിന്തുണ കിട്ടിയ സാഹചര്യത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയും ഇന്നലെ ഇന്ത്യയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. ഈ സമ്മര്‍ദ്ദം കാര്യമാക്കുന്നില്ല എന്ന സന്ദേശമാണ് ഇന്ന് എസ് ജയശങ്കര്‍ നല്‍കിയത്.
ഉദ്യോഗസ്ഥരെ കുറച്ചത് രാജ്യത്തെ കാര്യങ്ങളില്‍ ഇടപെട്ടത് കൊണ്ടെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചു നില്‍ക്കുകയാണ്. കര്‍ഷകസമരം ഉള്‍പ്പടെയുള്ള വിഷയങ്ങളാണ് വിദേശകാര്യമന്ത്രി ഉദ്ദേശിക്കുന്നത്. എല്ലാ തെളിവുകളും വൈകാതെ പുറത്തുവിടുമെന്ന സന്ദേശവും ജയശങ്കര്‍ നല്കുന്നു. കനേഡിയന്‍ പൗരന്മാര്ക്കുള്ള വിസ സര്‍വ്വീസ് നിറുത്തി വച്ചത് താല്‍ക്കാലികമായാണ്. എന്നാല്‍ ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പായാലേ ഇത് പുനസ്ഥാപിക്കൂ എന്നും ജയശങ്കര്‍ അറിയിച്ചു.