കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവെച്ച് സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍

കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവെച്ച് സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍

ഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവെച്ച് സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍. അക്കാദമി പരിപാടി കേന്ദ്ര മന്ത്രി ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. അക്കാദമി സെക്രട്ടറിക്കാണ് സി രാധാകൃഷ്ണന്‍ രാജി സമര്‍പ്പിച്ചത്. സാഹിത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കേന്ദ്ര മന്ത്രിയെ കൊണ്ടാണ് ഈ വര്‍ഷത്തെ അക്കാദമി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യിച്ചതെന്നാണ് സി രാധാകൃഷ്ണന്‍ രാജി കത്തില്‍ വ്യക്തമാക്കുന്നു.

ഫെസ്റ്റിവല്‍ പരിപാടിയുടെ നോട്ടീസില്‍ ഉദ്ഘാടകന്റെയോ പങ്കെടുക്കുന്ന മറ്റ് വിശിഷ്ട വ്യക്തികളുടെയോ പേര് പരാമര്‍ശിക്കാതെ അക്കാദമി എക്‌സിബിഷന്റെ ഉദ്ഘാടനം എന്നാണ് പരിപാടിയെ വിശേഷിപ്പിച്ചത്. മന്ത്രിയുടെ പേരോടു കൂടിയ വിശദാംശങ്ങള്‍ പിന്നീടാണ് പുറത്തുവിടുന്നത്. പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപനം അക്കാദമി പരിപാടിയെ ബാധിക്കില്ല എന്ന് വ്യക്തമാക്കുന്നത് വരെ കാര്യങ്ങള്‍ മൂടിവെച്ചു. രാഷ്ട്രീയ സ്വാധീനങ്ങള്‍ക്ക് വഴങ്ങാനുള്ള സമ്മര്‍ദ്ദങ്ങള്‍ക്കെതിരെ സ്ഥാപനത്തിന്റെ സ്വയം ഭരണ അവകാശം സ്ഥിരമായി ഉയര്‍ത്തിപ്പിടിച്ച സാഹിത്യ അക്കാദമിയുടെ ദീര്‍ഘകാല ചരിത്രത്തില്‍ ഇങ്ങനെ ഒന്ന് ആദ്യമായാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒരു സംസ്ഥാന മന്ത്രിയും ഒരും ഉദ്യോഗസ്ഥനും അക്കാദമി ഫെസ്റ്റിവലില്‍ പങ്കെടുത്തതില്‍ എല്ലാ അംഗങ്ങളും തങ്ങളുടെ പ്രതിഷേധം അറിയിച്ചപ്പോള്‍ ഇത്തരം പ്രവണകള്‍ ഇനി ആവര്‍ത്തിക്കില്ല എന്ന് ഉറപ്പ് തന്നിരുന്നു. ആ ഉറപ്പാണ് ഇപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുന്നതെന്നും രാജി കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അഞ്ച് വര്‍ഷം താന്‍ എക്‌സിക്യൂട്ടിവ് അംഗമായിരുന്നപ്പോള്‍ അക്കാദമിയെ രാഷ്ട്രീയമായി സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ നടത്തിയ പോരാട്ടങ്ങളെ കുറിച്ചും സി രാധാകൃഷ്ണന്‍ രാജിക്കത്തില്‍ വ്യക്തമാക്കുന്നുണ്ട്.