ബംഗീ ജംപിനിടെ ജപ്പാൻകാരന് ദാരുണാന്ത്യം

ബംഗീ ജംപിനിടെ ജപ്പാൻകാരന് ദാരുണാന്ത്യം
ലോകത്തിലെ ഏറ്റവും  ഉ‍യരം കൂടിയ ബംഗീ ജംപിങ് പ്ലാറ്റ്ഫോമുകളില്‍ ഒന്നായ  ചൈനയിലെ മക്കാവു ടവറിൽ  നിന്നും ബംഗീ ജംപ് നടത്തിയ 56 കാരനായ ജപ്പാൻകാരൻ മരിച്ചു.
ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് ദാരുണസംഭവം..
764 അടി ഉയരമുള്ള ടവറില്‍ നിന്നാണ് ഇദ്ദേഹം ചാടിയത്. ബംഗീ ജംപിങ്ങിനിടെ ശ്വാസതടസ്സമുണ്ടായതാണ് മരണകാരണം. ബംഗീ ജംപിങ് പൂര്‍ത്തിയാക്കിയ ഉടൻ തന്നെ ഇദ്ദേഹത്തിന് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് കോണ്ടെ എസ് ജനുവാരിയോ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബംഗീ ജംപിങ് നടത്തുന്നതിന് മുമ്ബ് അതിന് തയ്യാറാകുന്നവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, അപസ്മാരം, അല്ലെങ്കില്‍ മുൻകാല ശസ്ത്രക്രിയകള്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുന്നവരെ ബംഗീ ജംപിങ് നടത്താൻ അനുവദിക്കാറില്ല. കൂടാതെ, അതിന്റെ എല്ലാ വശങ്ങളെക്കുറിച്ചും അവരെ ബോധവല്‍ക്കരിക്കുകയും ചെയ്യാറുണ്ട്. മക്കാവു ടവറില്‍ ബംഗീ ജംപിങ് നടത്തുന്നതിന് ഒരാള്‍ക്ക് ഏകദേശം 30,000 രൂപയാണ് ചിലവ് വരുന്നത്.

മക്കാവു ടവറില്‍ ഇത്തരം സംഭവങ്ങള്‍ ഇതാദ്യമല്ല. 2018ല്‍ ഒരു റഷ്യൻ വിനോദസഞ്ചാരി വായുവില്‍ തൂങ്ങിക്കിടന്നിരുന്നു. പിന്നീട് അഗ്നിശമന സേനാംഗങ്ങള്‍ ഗോവണി ഉപയോഗിച്ചാണ് ഇദ്ദേഹത്തെ രക്ഷിച്ചത്