കേന്ദ്രബജറ്റ് 2024: ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത് പ്രതിരോധ മന്ത്രാലയത്തിന്

കേന്ദ്രബജറ്റ് 2024: ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത് പ്രതിരോധ മന്ത്രാലയത്തിന്

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത് പ്രതിരോധ മന്ത്രാലയത്തിന്.

പ്രതിരോധ മേഖലയ്ക്ക് ഡീപ് ടെക് ശക്തിപ്പെടുത്താന്‍ പുതിയ പദ്ധതി ആരംഭിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ നിര്‍മല സീതാരാമന്‍ പറഞ്ഞു. 

പ്രതിരോധ മന്ത്രാലയത്തിന് 6.1 ലക്ഷം കോടി രൂപയാണ് ഇടക്കാല ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. മറ്റേത് മന്ത്രാലയങ്ങള്‍ക്ക് ലഭിച്ചതിനേക്കാള്‍ മൂന്നിരട്ടി തുകയാണ് ഇത്. രണ്ടാമതുള്ള റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന് 2.78 ലക്ഷം കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. റെയില്‍വേ മന്ത്രാലയത്തിന് 2.55 ലക്ഷം കോടി രൂപയും നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന് 2.13 ലക്ഷം കോടി രൂപ അനുവദിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് 2.03 ലക്ഷം കോടി രൂപ, ഗ്രാമവികസന മന്ത്രാലയത്തിന് 1.77 ലക്ഷം കോടി രൂപ, രാസവളം മന്ത്രാലയത്തിന് 1.68 ലക്ഷം കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്. വാര്‍ത്താവിനിമയ മന്ത്രാലയത്തിന് 1.37 ലക്ഷം കോടി രൂപയും കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയത്തിന് 1.27 ലക്ഷം കോടി രൂപയും ഈ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്.

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്ബുള്ള ബജറ്റായതിനാല്‍ തന്നെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ ഭരണനേട്ടങ്ങളാണ് പ്രധാനമായും ബജറ്റ് പ്രസംഗത്തില്‍ നിര്‍മല സീതാരാമന്‍ ഉള്‍ക്കൊള്ളിച്ചത്. ഇടക്കാല ബജറ്റ് ബി ജെ പിയുടെ സാമ്ബത്തിക പ്രകടനപത്രികയായാണ് പലരും വിലയിരുത്തുന്നത്.