കേരള സര്‍വകലാശാലയിലെ പ്രഭാഷണം:മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി

കേരള സര്‍വകലാശാലയിലെ പ്രഭാഷണം:മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി

കേരള സര്‍വകലാശാലയില്‍ നടത്തിയ പ്രഭാഷണവുമായി ബന്ധപ്പെട്ട പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം നല്‍കി ഡോ.ജോണ്‍ ബ്രിട്ടാസ് എംപി. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും തനിക്കെതിരായ പരാതി വ്യാജവും രാഷ്ട്രീയപ്രേരിതവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്നും അദ്ദേഹം വ്യക്തമാക്കി. രേഖാമൂലമാണ് വിശദീകരണം നല്‍കിയത്.

പൗര ഉത്തരവാദിത്വങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു തന്റെ പ്രഭാഷണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യത്തിന് അനുബന്ധമായാണ് താന്‍ സംസാരിച്ചതെന്നും പ്രഭാഷണ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നോട് നിര്‍ദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രഭാഷണത്തില്‍ ആരുടെയെങ്കിലും പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ലെന്നും സ്ഥാനാര്‍ത്ഥിയുടെ പേരോ ചിഹ്നമോ പതാകകളോ പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പക്ഷപാത രഹിതമായ സ്വഭാവം നിലനിര്‍ത്തിയായിരുന്നു പ്രഭാഷണം നടത്തിയത്. ഉച്ചഭക്ഷണ ഇടവേളയില്‍ നടന്ന പരിപാടി ആയതിനാല്‍ സര്‍വകലാശാലയുടെ പതിവ് പ്രവര്‍ത്തനങ്ങള്‍ തടസ്സപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ജനാധിപത്യം വെല്ലുവിളികളും കടമകളും എന്ന പ്രഭാഷണ പരമ്ബരയില്‍ ജോണ്‍ ബ്രിട്ടാസ് എംപി സംസാരിച്ചത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് എന്ന പരാതിയിലാണ് വിശദീകരണം.