ജാതിയും മതവും ഭാഷയും അടിസ്ഥാനമാക്കി വോട്ട് തേടരുത്: തെരഞ്ഞെടുപ്പ് കമ്മീഷന്‍

ജാതിയും  മതവും ഭാഷയും   അടിസ്ഥാനമാക്കി  വോട്ട് തേടരുത്: തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

ജാതി, മതം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ വോട്ട് തേടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തിലുള്ളത്.

ജാതി,സാമുദായിക വികാരങ്ങള്‍ അടിസ്ഥാനമാക്കിയ ആഹ്വാനങ്ങള്‍, വ്യാജപ്രസ്താവനകള്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം, നേതാക്കളുടെ സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ എന്നിവ പാടില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ ധാര്‍മ്മികവും മാന്യവുമായ രാഷ്ട്രീയ സംവാദങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. വ്യക്തിഹത്യ നടത്തുന്നതോ സമൂഹത്തെ ഭിന്നിപ്പിക്കുന്നതോ ആയ പരാമര്‍ശങ്ങള്‍ പാടില്ല. സാമൂഹിക മാധ്യമത്തിലും ഇത്തരം മാനദ്ണ്ഡങ്ങള്‍ പാലിക്കണം.

മാതൃകാപെരുമാറ്റച്ചട്ട ലംഘനം ഒരുതരത്തിലും അനുവദിക്കില്ല. ക്ഷേത്രങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍, ഗുരുദ്വാരകള്‍ തുടങ്ങി ഒരു തരത്തിലുള്ള ആരാധനാലയങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പുറത്തിറക്കിയ നിര്‍ദേശത്തിലുണ്ട്.