കാലടി സർവകലാശാലാ പ്രതിഷേധം: വിസിയുടെ പരാതിയിൽ എസ്എഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ
കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. വിസി സിസി തോമസ് നൽകിയ പരാതിയെത്തുടർന്നാണ് നടപടി. മെവിൻ, യദുകൃഷ്ണൻ, ബേസിൽ, വിജീഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. തന്നെ കൈയേറ്റം ചെയ്തുവെന്ന് കാണിച്ച് സിസി തോമസ് നൽകിയ പരാതിയിലും, പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി എന്നാരോപിച്ച് എടുത്ത കേസിലുമായാണ് നാല് വിദ്യാർത്ഥികളെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നും വാഹനം തകർത്തെന്നും സിൻഡിക്കേറ്റ് അംഗങ്ങൾക്കും പേഴ്‌സണൽ സ്റ്റാഫിനും നേരെ ആക്രമണമുണ്ടായെന്നും ഡോ. സിസ തോമസ് പരാതിയിൽ വ്യക്തമാക്കി.
അതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വി സിക്ക് പ്രതീകാത്മക ശവമഞ്ചം ഒരുക്കി എന്ന് വാര്‍ത്തകള്‍ പരന്നു. പ്രതിഷേധത്തില്‍ തന്നെ കയ്യേറ്റം ചെയ്‌തെന്നും മുറിയില്‍ പൂട്ടിയിട്ടന്നും വി സി സിസ തോമസ് ആരോപിച്ചിരുന്നു.
സാങ്കേതിക സർവകലാശാല വിസിയായ ഡോ. സിസ തോമസ് കാലടി സർവകലാശാലയുടെ താത്കാലിക ചുമതലയും വഹിക്കുന്നുണ്ട്. വിഷയത്തിൽ ഗവർണറെയും വിസി വിവരങ്ങൾ അറിയിച്ചിട്ടുണ്ട്.
സ്ഥലത്ത് പോലീസ് സാന്നിധ്യമുണ്ടായിരുന്നിട്ടും തന്നെയും സിൻഡിക്കേറ്റ് അംഗങ്ങളെയും സംരക്ഷിക്കാനുള്ള മുൻകരുതലുകൾ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് വിസി ഗവർണറെ അറിയിച്ചു. ഗവർണറെ നേരിട്ട് കണ്ട ശേഷമാണ് വിസി ഔദ്യോഗികമായി പരാതി നൽകിയത്. സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് പുറമെ പുറത്തുനിന്നെത്തിയവരും ആക്രമണത്തിന് പിന്നിലുണ്ടെന്ന് പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പുറമെ ഉന്നത വിദ്യാഭ്യാസ മന്ത്രി, ഡിജിപി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നിവർക്കും വിസി പരാതി സമർപ്പിച്ചിട്ടുണ്ട്.