ഭയപര്‍വ്വം: കഥ,  ഡാലിയ വിജയകുമാർ 

ഭയപര്‍വ്വം: കഥ,  ഡാലിയ വിജയകുമാർ 

 

സ്സില്‍ നിന്നിറങ്ങി മുന്നോട്ട് കുറച്ചുനടന്നുകഴിഞ്ഞപ്പോഴാണ് പുറകില്‍ക്കൂടി രണ്ടുപേര്‍ എനിക്കു പോകാനുള്ള വഴിയേ നടന്നുവരുന്നുണ്ടെന്ന് മനസ്സിലായത്. അവര്‍ രണ്ടുപേരുണ്ടെന്നും ഒന്ന് പുരുഷനും മറ്റൊരാള്‍ സ്ത്രീയുമാണെന്നും  എനിക്കുതോന്നി. അവര്‍ ഒന്നും സംസാരിക്കുന്നില്ലായിരുന്നു. സമയം ആറുമണി കഴിഞ്ഞതേയുള്ളുവെങ്കിലും മഴക്കാറുള്ളതുകൊണ്ടാവാം രാത്രിയായതുപോലെ തോന്നി. പുറകോട്ട് തിരിഞ്ഞുനോക്കാന്‍ പേടി തോന്നി. 
 പഞ്ചായത്തുവഴി കഴിഞ്ഞാല്‍പിന്നെ ഒരു വെളിമ്പറമ്പാണ്. വൈകുന്നേരം കുട്ടികള്‍ ക്രിക്കറ്റ് കളിക്കാനെത്തും. വെളിച്ചമുള്ള ആറുമണിനേരത്തൊക്കെ അവര്‍ അവിടെ കാണാറുള്ളതാണ്. ഇന്ന് കുട്ടികളും ഇല്ല. ബാഗ് കക്ഷത്തിലടുക്കിപ്പിടിച്ച് സാരി അല്പം ഉയര്‍ത്തിപ്പിടിച്ച് ഞാന്‍ നടപ്പിന് വേഗം കൂട്ടി. വിയര്‍പ്പുചാലുകള്‍ മുഖത്തുകൂടി മാത്രമല്ല കാലുകളിലും കൂടി ഒഴുകുന്നു. ദിവസവും പത്രങ്ങളില്‍ വായിക്കുന്ന വാര്‍ത്തകള്‍ കണ്‍മുന്നില്‍ വന്നുനിന്നപ്പോള്‍ ഞാന്‍ അതൊന്നും നോക്കാന്‍ ധൈര്യപ്പെടാതെ കണ്ണുകള്‍ ഇറുക്കിയടച്ചു. അപ്പോള്‍ ഒരു തോന്നല്‍, പുറകിലുള്ളത് രണ്ട് പുരുഷന്മാരാണോ തിരിഞ്ഞൊന്നു നോക്കിയാലോ 
 വേണ്ട... പെട്ടെന്നുതന്നെ തീരുമാനമെടുത്തു. ഈ നേരത്തൊക്കെ വഴിയില്‍ ധാരാളം ആളുകളെ കാണാറുള്ളതാണ്.  ഇന്നെന്താണോ ബസ്സിറങ്ങി ഇത്രയും നടന്നിട്ടും ഒരാള്‍പോലും എന്തിന്, ഒരു തെണ്ടിപ്പട്ടിപോലും, എതിരേ വരുന്നതുകണ്ടില്ല. ഞാന്‍ കാലുകള്‍ അകത്തിച്ചവിട്ടി. വിയര്‍പ്പില്‍ ഒട്ടുന്ന പാവാട കൈകൊണ്ട് വിടര്‍ത്തി. എന്നിട്ട് ആഞ്ഞുനടന്നു. പിറകേ വരുന്നവരുടെ കാലൊച്ച നന്നായി കേള്‍ക്കാം. അവര്‍ തമ്മില്‍ത്തമ്മിലും ഒന്നും സംസാരിക്കുന്നില്ലല്ലോ. നടക്കാന്‍ തുടങ്ങിയിട്ടിപ്പോള്‍ പത്തുപതിനഞ്ച് മിനിട്ടായിക്കാണും. ഇത്രയും നേരമായിട്ടും അവര്‍ക്കുതമ്മില്‍ ഒന്നും പറയാനില്ലേ. ഞാന്‍ ആലോചിച്ചു. എല്ലാവരും എന്നെപ്പോലെ സംസാരിക്കുന്നവരാകണമെന്നില്ലല്ലോ. ഞാന്‍ സ്വയം സമാധാനിപ്പിച്ചു. 
 വെളിമ്പറമ്പ് തീരാറായി. പറമ്പിന്റെ അങ്ങേ അതിരില്‍ പാടത്തിനോട് ചേര്‍ന്ന് കുറേ കൊന്നത്തെങ്ങുകള്‍ നില്പുണ്ട്. വിളറിയ ആകാശത്തിലേക്ക് പ്രേതങ്ങളെപ്പോലെ അവ നീണ്ടുനിന്നു. ആളുകള്‍ക്ക് ഇവിടെയൊക്കെ വീടുവെച്ചാലെന്താ? ഇങ്ങനെ ആള്‍ത്താമസമില്ലാത്ത വഴിയില്‍ക്കൂടി നടക്കുമ്പോള്‍ പേടിയാവില്ലേ. 
 എനിക്ക് അരിശം വന്നു. കേരളത്തില്‍ ഒരിടത്തും ഇപ്പോള്‍ ഇങ്ങനെയൊരു സ്ഥലം കാണില്ല. ഒരേയൊരു ബസ് മാത്രം. അത് രാവിലെ ഇവിടെ നിന്നും പുറപ്പെട്ട് പട്ടണത്തിലെത്തിയിട്ട് ഉച്ചയ്ക്ക് തിരിച്ചെത്തും. ഇവിടെ നിന്ന് പട്ടണത്തിലേക്ക് പത്തുകിലോമീറ്ററിലേറെയില്ല. എന്നിട്ടും അപ്പോള്‍ത്തന്നെ തിരിച്ചുപോയി വൈകുന്നേരം മടങ്ങും. നീണ്ട പഞ്ചായത്തുവഴി, വെളിമ്പറമ്പ്, പിന്നെ പാടത്തിനു നടുവിലൂടെയുള്ള അരക്കിലോമീറ്റര്‍ നടത്തം, പിന്നെ വെട്ടുകല്ല് കെട്ടിയ നടവഴി, വീട്ടിലേക്കുള്ള കുത്തുകല്ല് കയറ്റം. ദൈവമേ, ഇതാണോ ഓണംകേറാമൂല എന്ന് പുരാണങ്ങളിലൊക്കെ പരാമര്‍ശിക്കപ്പെടുന്ന സ്ഥലം. ആ പേടിക്കിടയിലും എന്റെ മനസ്സില്‍ ചിരിപൊട്ടി. പെട്ടെന്ന് പേടി വീണ്ടും മുന്നില്‍ത്തന്നെ വന്നുനിന്നു. ചിരി മാഞ്ഞു. കൃഷ്ണന്റെ അമ്പലത്തിലേക്കു തിരിയുന്ന വഴിയുടെ അരികില്‍ പടര്‍ന്നുനില്‍ക്കുന്ന  മാവിന്റെ ചുവട്ടില്‍ ഇരുട്ട് കട്ടപിടിച്ച് വീണുകിടക്കുന്നു. ഇരുട്ട് എന്ന സാധനം ഉത്പാദിപ്പിക്കുന്നത് ആ മാവിന്റെ ചില്ലയിലാണോ എന്ന് എനിക്ക് സംശയംതോന്നി. പുറകില്‍നിന്ന് ഇടയ്ക്കിടെ ചുമ കേള്‍ക്കുന്നുണ്ടോ എന്ന് സംശയിച്ചു. 
 ഒന്ന് തിരിഞ്ഞുനോക്കിയാലെന്താ എന്ന് പിന്നെയും ആലോചിച്ചു. വേണ്ട പുറകിലുള്ളത് പ്രേതങ്ങളാണെങ്കിലോ. കുട്ടിയായിരുന്നപ്പോള്‍ ശവക്കോട്ടയ്ക്കു താഴെയുള്ള വഴിയിലൂടെ നടക്കുമ്പോള്‍ ചേട്ടായി പറഞ്ഞു തന്ന ഉപദേശം അപ്പോള്‍ ഓര്‍ത്തു. സംസാരിച്ചുകൊണ്ട് നടന്നാല്‍ രണ്ടുപേരുണ്ടെന്ന് കരുതി പ്രേതങ്ങള്‍ അടുത്തുവരില്ലെന്ന്. അതുകൊണ്ട് ആ വഴിയൊക്കെ ഒറ്റയ്ക്കുപോയാലും എന്തെങ്കിലും സംസാരിച്ചോ പാട്ട് പാടിയോ ഒക്കെ നടന്നോണം. 
 ഞാന്‍ ഉറക്കെ കവിത ചൊല്ലാന്‍ തുടങ്ങി. പുറകേ വരുന്നത് പ്രേതങ്ങളാണെങ്കില്‍ എന്റെകൂടെ ആരെങ്കിലും ഉണ്ടെന്നു വിചാരിച്ചോട്ടെ. 
    ''ചൂടാതെ പോയ്... നീ നിനക്കായി
    ഞാന്‍ ചോര ചാറി ചുവപ്പിച്ചൊ-
    രെന്‍ പനീര്‍പ്പൂവുകള്‍.''
    ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ആനന്ദധാര ചൊല്ലാന്‍ പോയതുകൊണ്ടാവണം. ലോറിക്കടിപ്പെട്ടരഞ്ഞ കുഞ്ഞുങ്ങള്‍ പാതവിളക്കുകള്‍ ഊതിക്കെടുത്താന്‍ വരുന്നത് പെട്ടെന്നോര്‍മ്മ വന്നത്. മാവിന്‍ചുവട്ടിലെത്താറായി. പുറകിലെ കാലൊച്ച കുറച്ചുകൂടി വേഗത്തിലാകുന്നതുപോലെ. ഓടിയാലോ, ആലോചിച്ച് തീരുന്നതിനു മുന്‍പുതന്നെ കാലുകള്‍ മുന്നോട്ടോടി. 
 പാടത്തിന്റെ അക്കരെ ഒരു വീട്ടില്‍ വിളക്കുതെളിഞ്ഞു. അത് ഒരു മിന്നാമിനുങ്ങുപോലെ തിളങ്ങിനിന്നു. എതിരെയെങ്കിലും ആരെങ്കിലും വന്നിരുന്നെങ്കിലെന്ന് ഞാന്‍ ആത്മാര്‍ത്ഥമായും ആഗ്രഹിച്ചു. 
 ഏകാന്തതയെ അന്നുവരെ എനിക്കിഷ്ടമായിരുന്നു. ഇപ്പോള്‍ വിജനമായ വഴിയും ഇരുട്ടും എന്നെ വല്ലാതെ ശ്വാസം മുട്ടിക്കുന്നു. ഒരുപ്രകാരത്തില്‍ മാവിന്‍ചുവട് കഴിഞ്ഞുപോയി. കൃഷ്ണന്റെ അമ്പലത്തില്‍നിന്നും ദീപാരാധനയുടെ മണിയൊച്ച - ഹൊ, ഏഴുമണി ആയതേയുള്ളൂ. എന്നിട്ടും ഈ ഇരുട്ട്. അമ്പലത്തില്‍ പോകാന്‍പോലും ഒരാള്‍ ഈ വഴി വരുന്നില്ലല്ലോ ഭഗവാനേ...
 വഴി വയലിലേക്കിറങ്ങുന്നു. പിന്നിലുള്ളവര്‍ എവിടംവരെ എത്തിയെന്ന് തിരിഞ്ഞുനോക്കിയാലൊ. 
 വയലിലേക്കിറങ്ങാന്‍ ശരിക്കും പേടിതോന്നി. പാടത്തിനക്കരെയുള്ള വീടിന്റെ മുന്നില്‍ കത്തിനിന്നിരുന്ന മങ്ങിയ ബള്‍ബ് പെട്ടെന്ന് കെട്ടു. വിളറിയ നാട്ടുവെളിച്ചമല്ലാതെ ഒന്നുമില്ല. രണ്ടുംകല്‍പ്പിച്ച് ഞാന്‍ പാടത്തേക്കിറങ്ങി. പുറകെ വരുന്നവര്‍ എവിടെയെത്തിയെന്ന് അറിയണമെന്നുണ്ട്. ഒരുപക്ഷേ, അറിയാവുന്നവര്‍ ആരെങ്കിലുമാണെങ്കിലോ. ആയിരിക്കില്ല. അങ്ങനെയാരെങ്കിലുമായിരുന്നെങ്കില്‍ അവര്‍ എപ്പഴേ എന്നെയൊന്ന് വിളിക്കുമായിരുന്നു.  കഴുത്തില്‍ കിടക്കുന്ന സ്വര്‍ണമാലയില്‍ പിടിച്ചുകൊണ്ട് ഞാന്‍ കഴിയുന്നത്ര വേഗത്തില്‍ നടന്നു. ഞാന്‍ പാടത്തേക്കിറങ്ങിയ അതേ നിമിഷത്തില്‍ത്തന്നെ മലവെള്ളം ആര്‍ത്തലച്ചുവരുന്നതുപോലെ ചീവീടുകളെല്ലാംകൂടി ഒരുമിച്ചുകരഞ്ഞു. ഒരു നിലവിളി എന്റെ തൊണ്ടയില്‍ ഒരു നിമിഷം കുരുങ്ങിനിന്നു. കാലുകള്‍ കുഴയുന്നതുകൊണ്ട് ഓടാനും വയ്യ. പുറകെ വരുന്നവര്‍ തൊട്ടടുത്ത് എത്തിയിരിക്കുന്നു. ഞാന്‍ ഒട്ടും മടിച്ചില്ല നിലവിളിച്ചുകൊണ്ട് ഓടി. നാളെ നേരംവെളുക്കുമ്പോള്‍ പത്രത്തില്‍ കാണാനായേക്കാവുന്ന ഒരു വാര്‍ത്ത ആ നിമിഷത്തിലും എന്റെ മുന്നില്‍ തെളിഞ്ഞുനിന്നു. 
    ''യുവതി പാടത്ത് കൊല്ലപ്പെട്ട നിലയില്‍...''
 ഇനി പാടത്തിനക്കരെയെത്തിയിട്ടേ ഓട്ടം നിര്‍ത്തുന്നുള്ളു എന്ന് തീരുമാനിച്ച് ഞാന്‍ ഓട്ടം തുടര്‍ന്നു. പുറകെയുള്ള കാലൊച്ചകള്‍ക്ക് വേഗം കൂടുന്നുണ്ടെന്ന് തോന്നുന്നു. പാടത്തിനക്കരെയുള്ള പറമ്പിലെ ഇരുട്ടിന് കട്ടി വളരെ കൂടുതലായിരുന്നു. ഇത്രയും നേരമായിട്ടും, ഇത്രയും ഇരുട്ടായിട്ടും വീട്ടില്‍നിന്ന് ആരും എന്നെ അന്വേഷിച്ച് വഴിയിലേക്ക് ഒന്നിറങ്ങിയില്ലല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്ക് പരിഭവവും സങ്കടവും തോന്നി.         പഞ്ചായത്തുവഴി പറമ്പിന്റെയും പാടത്തിന്റെയും അതിരില്‍ക്കൂടി കിഴക്കോട്ട് നീണ്ടുപോയി. ഞാന്‍ സമാധാനത്തോടെ വീട്ടിലേക്കുള്ള നടക്കല്ലുകള്‍ കയറി. വീട്ടില്‍ വിളക്ക് തെളിഞ്ഞിട്ടുണ്ട്. ഉമ്മറത്തെ നിലവിളക്കിന് മുന്നില്‍ ഈ നേരത്ത് അമ്മയെ കാണാറുള്ളതാണ്. അങ്ങോട്ട് ചെല്ലട്ടെ രണ്ടെണ്ണം ചോദിക്കണം. ഞാന്‍ നടക്കല്ലില്‍ത്തന്നെ ആശ്വാസത്തോടെ ഇരുന്നു. നടന്നുവന്ന വഴിയിലേക്ക് തുറിച്ചുനോക്കി. എന്റെ പിന്നാലെ വന്ന ആ രണ്ട് നിഴലുകള്‍ നടക്കല്ല് കയറാന്‍ തുടങ്ങിയിരുന്നു. ഞാന്‍ ഞെട്ടി വിറച്ച് ചാടിയെഴുന്നേറ്റു. സാരിയില്‍ ചവിട്ടി വീഴാന്‍ മുന്നോട്ടാഞ്ഞതും അമ്മേ എന്ന് അലറിവിളിച്ചതും ഒരുമിച്ചായിരുന്നു.
    ''എന്താടി...'' കിതപ്പും ദേഷ്യവും നിറഞ്ഞ അമ്മയുടെ ശബ്ദം നടക്കല്ലിന്റെ താഴെനിന്നും കേട്ടു. 
 അമ്മയുടെ കൈയും പിടിച്ച് മങ്ങിയ വെളിച്ചത്തില്‍ കുത്തുകല്ല് കയറി വരുന്ന അച്ഛനെക്കണ്ട് ഞാന്‍ മിഴിച്ചുനിന്നു. ഈ നേരമത്രയും എന്റെ പിന്നാലെ നടന്നുവന്നത് അച്ഛനും അമ്മയുമായിരുന്നോ... എനിക്ക് ചമ്മല്‍ തോന്നി. 
    പുറത്തുനിന്നുള്ള നിലവിളികേട്ട് അടുക്കളയിലായിരുന്ന രാധേച്ചി ഓടിയിറങ്ങി വന്നു. 
     ''എന്താ...എന്താ...''
    ''ഒന്നൂല്ലെന്റെ മോളെ...'' അമ്മ കിതപ്പാറ്റന്‍ തിണ്ണയിലേക്കിരുന്നു. ''ബസ്സേന്നിറങ്ങീപ്പത്തൊട്ട് ഞങ്ങള് വിളിച്ചോണ്ട് പിറകേ നടക്കുന്നതാ. ഒന്ന് തിരിഞ്ഞുനോക്കണ്ടേ. ഞങ്ങള് വിളിച്ചിട്ട് എന്തിനാ പെണ്ണേ നെലോളിച്ചത്. എന്തൊരു ഓട്ടമായിരുന്നു പെണ്ണ്. ഭയങ്കര ധൈര്യശാലിയാ....നാക്കുകേട്ടാല്‍ ഇതൊന്നുമല്ല.'' 
 ങേ, അവര് വിളിച്ചാരുന്നോ...ഞാന്‍ കേട്ടില്ലല്ലോ ...എനിക്ക് അതിശയമായി. അമ്മയുടെ കിതപ്പും പരിഹാസവും. അച്ഛന്‍ ഷര്‍ട്ടഴിച്ച് ഹാംഗറില്‍ തൂക്കിയിട്ട് എന്നെ നോക്കി ഒന്നു ചിരിച്ചു. എന്നിട്ട് കിണറ്റിന്‍കരയിലേക്ക് നടന്നു. 
 രാധേച്ചിയുടെ കളിയാക്കുന്ന നോട്ടത്തില്‍നിന്ന് രക്ഷപെടാന്‍ ഞാന്‍ മുറിയില്‍ കയറി വാതിലടച്ചു.